ഹർഷിനയ്ക്ക് എന്നു നീതി കിട്ടും- ഏറെ നിരാശയോടെ ഉന്നയിക്കപ്പെടേണ്ട ചോദ്യമാണിത്. പ്രസവ ശസ്ത്രക്രിയക്കിടെ വയറ്റിൽ കത്രിക മറന്നുവച്ചതിനാൽ അതുമായി അഞ്ചുവർഷക്കാലം വേദന തിന്നു ജീവിക്കേണ്ടി വന്ന സ്ത്രീയാണ് അവർ. ആ കത്രിക എവിടെ നിന്നാണ് അവരുടെ വയറ്റിലെത്തിയതെന്ന് ഇനിയും തീരുമാനമായിട്ടില്ലത്രേ! കോഴിക്കോട് മെഡിക്കൽ കോളെജ് ആശുപത്രിയിൽ നടത്തിയ ശസ്ത്രക്രിയയിലാണ് 12 സെന്റീമീറ്റർ നീളമുള്ള കത്രിക വയറ്റിൽ മറന്നുവച്ചതെന്ന് അടുത്തിടെ പൊലീസ് സമർപ്പിച്ച അന്വേഷണ റിപ്പോർട്ടിലുണ്ടായിരുന്നു. രണ്ടു ഡോക്റ്റർമാരും രണ്ടു നഴ്സുമാരും സംഭവത്തിൽ കുറ്റക്കാരാണെന്നും പൊലീസ് കണ്ടെത്തിയെന്നാണു പറയുന്നത്. എന്നാൽ, പൊലീസ് റിപ്പോർട്ട് ഇപ്പോൾ അപ്പാടെ തള്ളിയിരിക്കുകയാണ് ഇതിന്മേൽ തീരുമാനമെടുത്ത മെഡിക്കൽ ബോർഡ്.
മെഡിക്കൽ കോളെജ് ആശുപത്രിയിലെ ശസ്ത്രക്രിയക്കിടെയാണ് വയറ്റിൽ കത്രിക കുടുങ്ങിയതെന്ന് സാധൂകരിക്കാൻ വേണ്ട തെളിവുകൾ പൊലീസ് റിപ്പോർട്ടിലില്ലെന്നാണ് മെഡിക്കൽ ബോർഡ് അവകാശപ്പെടുന്നത്. ശസ്ത്രക്രിയയ്ക്ക് മുൻപ് എടുത്ത സ്കാനിങ്ങിൽ ലോഹത്തിന്റെ സാന്നിധ്യം കണ്ടെത്തിയിരുന്നില്ല എന്നതു മാത്രം അടിസ്ഥാനമാക്കി മെഡിക്കൽ കോളെജിനെ പ്രതിക്കൂട്ടിലാക്കാൻ പറ്റില്ലെന്നത്രേ ബോർഡിന്റെ നിലപാട്. സ്കാനിങ്ങിൽ ലോഹസാന്നിധ്യം തിരിച്ചറിഞ്ഞുകൊള്ളണമെന്നില്ലെന്ന് അവർ പറയുന്നു. ഇനിയും കൂടുതൽ അന്വേഷണം വേണമെന്നാണ് ബോർഡ് നിർദേശിക്കുന്നത്. അതായത് ഉടനൊന്നും ഹർഷിനയ്ക്കു നീതി ലഭ്യമാവാൻ പോകുന്നില്ല. അവരും അവരെ പിന്തുണയ്ക്കുന്നവരും എത്ര സമരം നടത്തിയാലും ഒരു കേളനും കുലുങ്ങില്ല! ആടിനെ പട്ടിയാക്കുകയാണ് ബോർഡ് എന്ന് ആരോപിച്ച് ഹർഷിന നീതിക്കുവേണ്ടിയുള്ള സമരം ഒന്നുകൂടി ശക്തമാക്കുകയാണ്. ഓഗസറ്റ് 16ന് സെക്രട്ടേറിയറ്റിനു മുന്നിൽ ഉപവാസം നടത്തുമെന്ന് അവർ പറയുന്നു. കഴിഞ്ഞ ദിവസം ബോർഡിന്റെ നിലപാട് പുറത്തുവന്നതിനു പിന്നാലെ ഹർഷിനയും സമര സമിതിയും ഡിഎംഒ ഓഫിസിനു മുന്നിൽ സമരം നടത്തിയിരുന്നു. സത്യം വിജയിക്കും വരെ ഇനിയും എത്ര പോരാട്ടങ്ങൾ ആവശ്യമായി വരുമോ എന്തോ!
കോഴിക്കോട് പന്തീരാങ്കാവ് മണക്കടവ് സ്വദേശിയാണ് കെ.കെ. ഹർഷിന. നീതിക്കു വേണ്ടി അവർ സമരം തുടങ്ങിയിട്ട് രണ്ടു മാസക്കാലമായി. ഹർഷിനക്കൊപ്പമാണ് സർക്കാർ എന്നൊക്കെ ആരോഗ്യ മന്ത്രി പറയുന്നുണ്ട്. പക്ഷേ, എന്താണു യാഥാർഥ്യം എന്നു വെളിപ്പെടുന്നില്ല. 2017ൽ മൂന്നാമത്തെ പ്രസവ ശസ്ത്രക്രിയ കോഴിക്കോട് മെഡിക്കൽ കോളെജിൽ നടത്തിയപ്പോഴാണ് വയറ്റിൽ കത്രിക കുടുങ്ങിയതെന്നാണ് ഹർഷിന പറയുന്നത്. അതിനു മുൻപ് രണ്ടു ശസ്ത്രക്രിയകൾ താമരശേരി താലൂക്ക് ആശുപത്രിയിൽ നടത്തിയിരുന്നു. ഈ ശസ്ത്രക്രിയകൾക്കു ശേഷം പ്രശ്നമൊന്നുമുണ്ടായിട്ടില്ലെന്നും മെഡിക്കൽ കോളെജിലെ ശസ്ത്രക്രിയയ്ക്കു ശേഷമാണ് വേദന അനുഭവപ്പെട്ടു തുടങ്ങിയതെന്നും അവർ വ്യക്തമാക്കുന്നുണ്ട്. പക്ഷേ, അത് ആർക്കും ബോധ്യപ്പെടുന്നില്ല. വയറ്റിൽ കത്രിക ഇരുന്നതിന്റെ ഫലമായി പലവിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങളാണ് നേരിടേണ്ടിവന്നത്. അഞ്ചു വർഷത്തിനിടെ നിരവധി ആശുപത്രികൾ അവർ കയറിയിറങ്ങി. അടുത്തിടെ ഒരു സ്വകാര്യ ആശുപത്രിയിൽ നടത്തിയ സിടി സ്കാനിങ്ങിലാണ് ശരീരത്തിൽ കത്രികയുണ്ടെന്നു കണ്ടെത്തിയത്. പിന്നീട് കോഴിക്കോട് മെഡിക്കൽ കോളെജിൽ നടത്തിയ ശസ്ത്രക്രിയയിൽ കത്രിക പുറത്തെടുക്കുകയായിരുന്നു.
താമരശേരിയിൽ നിന്നാണോ കോഴിക്കോടു നിന്നാണോ കത്രിക വയറ്റിൽ മറന്നുവച്ചത് എന്നു തീരുമാനിക്കാനുള്ള "ഭഗീരഥ പ്രയത്ന'മായി പിന്നീട്. ആരോഗ്യവകുപ്പ് രണ്ട് അന്വേഷണങ്ങൾ നടത്തി. ആരാണു കുറ്റക്കാരെന്ന് അവർക്കു നിർണയിക്കാനായില്ല. മെഡിക്കൽ കോളെജിലെ രേഖകൾ പരിശോധിച്ചപ്പോൾ കത്രിക നഷ്ടപ്പെട്ടതായി കണ്ടെത്തിയില്ലെന്നായിരുന്നു അന്വേഷണം നടത്തിയ വിദഗ്ധ സമിതികളുടെ വാദം. ആശുപത്രിയിൽ സംഭവിച്ച വീഴ്ച മറയ്ക്കാനുള്ള ശ്രമമെന്ന് ഇതു വ്യാഖ്യാനിക്കപ്പെട്ടു. തുടർന്നാണ് പൊലീസ് അന്വേഷണ റിപ്പോർട്ട് ഹർഷിനയ്ക്കു പ്രതീക്ഷ നൽകിയത്. അതും പൊലിഞ്ഞുപോയിരിക്കുന്നു.
ഹർഷിനയ്ക്കു മതിയായ നഷ്ടപരിഹാരം ഉറപ്പാക്കാനും കുറ്റക്കാർക്ക് ഉചിതമായ ശിക്ഷ നൽകാനുമുള്ള നടപടികൾ അനന്തമായി നീണ്ടുപോകരുത്. ഇനിയും ഇത്രയും ഗുരുതരമായ വീഴ്ചകൾ ആരോഗ്യ മേഖലയിൽ ഉണ്ടാവാതിരിക്കണമെങ്കിൽ കർശന നടപടികൾ ഈ സംഭവത്തിൽ ആവശ്യമാണ്. നടപടിയുണ്ടാവുമെന്ന് ഉറപ്പിക്കേണ്ടത് സംസ്ഥാന സർക്കാരുമാണ്. കത്രിക വയറ്റിൽ മറന്നുവച്ച് തുന്നിക്കെട്ടിയാലും ഒന്നും സംഭവിക്കാനില്ല എന്ന ധൈര്യം ആരോഗ്യ മേഖലയുടെ ജാഗ്രതയെ തന്നെ ബാധിക്കും.