കനത്ത ചൂട്: വന്യമൃഗങ്ങൾ കൂട്ടത്തോടെ കാടിറങ്ങുന്നു

ചൂട് ഇനിയും കൂടാൻ സാധ്യതയുള്ളതിനാൽ വന്യമൃഗങ്ങൾ കൂട്ടത്തോടെ കാട്ടിൽ നിന്ന് കൃഷിയിടങ്ങളിലേക്കെത്തുമെന്ന ആശങ്കയിലാണ് നാട്ടുകാർ
നാട്ടിലിറങ്ങിയ കാട്ടുപന്നി.
നാട്ടിലിറങ്ങിയ കാട്ടുപന്നി.File Photo
Updated on

തൃശൂർ: വേനൽ കടുത്തതോടെ വന്യമൃഗങ്ങൾ കൂട്ടത്തോടെ നാട്ടിലേക്ക്. കാടുകൾ വരണ്ടുണങ്ങിയതോടെയാണ് മൃഗങ്ങൾ കൂടുതലായി നാട്ടിലേക്ക് ഇറങ്ങുന്നത്. കനത്ത ചൂടിൽ കാടുകളിലെ ചെടികൾ ഉണങ്ങിയതിനാൽ കാടിന് അടുത്ത കൃഷിയിടങ്ങളിലേക്കുള്ള യാത്രയിലാണ് വന്യമൃഗങ്ങൾ. പന്നിയും ആനയും ഉൾപ്പെടെയുള്ള ജീവികളാണ് വ്യാപകമായി കൃഷി നശിപ്പിക്കുന്നത്.

ചിലയിടത്ത് കടുവയും പുലിയും കൂടി എത്താൻ തുടങ്ങിയതോടെ ജനങ്ങളുടെ ജീവന് തന്നെ ഭീഷണിയായി. മലയോര മേഖലയിലുള്ളവർ ഏറെ ഭീതിയോടെയാണ് ഇപ്പോൾ കഴിയുന്നത്. ആദ്യം എത്തിയ പന്നിയെ നാട്ടുകാർ കാര്യമായി ഗൗരവത്തിലെടുത്തില്ല.

ഇവയ്ക്ക് പിന്നാലെ ആനയും പുലിയും ഇറങ്ങിയതോടെയാണു നാട്ടുകാർ ഭീതിയിലായത്. തൃശൂർ ജില്ലയിൽ അതിരപ്പിള്ളി, പാലപ്പിള്ളി തുടങ്ങിയ സ്ഥലങ്ങളിൽ കഴിഞ്ഞ ദിവസങ്ങളിൽ പുലിയിറങ്ങി വളർത്തു മൃഗങ്ങളെ കൊന്നിരുന്നു. കാട്ടാനയിറങ്ങി വ്യാപകമായി കൃഷിയും നശിപ്പിച്ചു.

ചൂട് ഇനിയും കൂടാൻ സാധ്യതയുള്ളതിനാൽ വന്യമൃഗങ്ങൾ കൂട്ടത്തോടെ കാട്ടിൽ നിന്ന് കൃഷിയിടങ്ങളിലേക്കെത്തുമെന്ന ആശങ്കയിലാണ് നാട്ടുകാർ. കൃഷിയിടത്തിൽ പശുക്കൾക്കു നൽകാനായി ധാരാളം പുല്ല് കർഷകർ നട്ടുപിടിപ്പിച്ചിട്ടുണ്ട്. ഇതാണ് കർഷകർക്കു പ്രധാന ഭീഷണിയാകുന്നത്. കൃഷി നനയ്ക്കുന്നതിനും മറ്റുമായി ചെറിയ കുളങ്ങളും പറമ്പുകളിൽ നിർമിച്ചിട്ടുണ്ട്. വരണ്ടുണങ്ങിയ കാട്ടിൽ നിന്ന് തീറ്റയും വെള്ളവും സുലഭമായ സ്ഥലങ്ങളിലേക്ക് വന്യമൃഗങ്ങൾ കൂട്ടത്തോടെ വരികയാണ്. നേരം ഇരുട്ടിയാൽ പുറത്തിറങ്ങാൻ പറ്റാത്ത സ്ഥിതിയാണെന്ന് നാട്ടുകാർ പറയുന്നു.

കാട്ടാന വരുമെന്ന് ഭയന്ന് ചക്കയുൾപ്പെടെ കർഷകർ വെട്ടിനീക്കുകയാണ്. വന്യ മൃഗങ്ങളെത്തി നശിപ്പിക്കുന്നതിനാൽ നിരവധി പേർ ഇതിനകം തന്നെ നെൽകൃഷി ഉപേക്ഷിച്ചു. വന്യമൃഗങ്ങൾക്കു തീറ്റയൊരുക്കാൻ ഇനിയും കഴിയില്ലെന്നാണ് കർഷകർ പറയുന്നത്.

Trending

No stories found.

Latest News

No stories found.