കോട്ടയം: വൈദ്യുതി മേഖലയെ സ്വകാര്യ വത്കരിക്കാനുള്ള കേന്ദ്ര സർക്കാർ നീക്കം എന്ത് വില കൊടുത്തും ചെറുക്കുമെന്ന് മന്ത്രി കെ.കൃഷ്ണൻകുട്ടി. കെഎസ്ഇബി ഓഫീസേഴ്സ് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിന്‍റെ പ്രതിനിധി സമ്മേളനം കോട്ടയം മാമൻ മാപ്പിള ഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വൈദ്യുതി മേഖലയെ സ്വകാര്യവൽക്കരിക്കുന്നതിനെതിരായ പ്രതിഷേധങ്ങളും പ്രതികരണങ്ങളും ഉണ്ടാകണമെന്ന കാര്യത്തിൽ അസോസിയേഷൻ ഒറ്റക്കെട്ടായി നിൽക്കും എന്ന് തന്നെയാണ് മനസ്സിലാക്കുന്നത്. നിയമത്തിനെതിരെ കർഷകർ കൂടി അണിനിരന്നതിനാലാണ് കേന്ദ്രത്തിന് ഉദ്ദേശിച്ച വേഗതയിൽ നടപ്പാക്കാൻ കഴിയാതെ പോയത്. ഇത് മൂലം ഉണ്ടാകുന്ന ദോഷങ്ങൾ ജനങ്ങളിലേയ്ക്ക് എത്തിക്കേണ്ടത് ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
വൈദ്യുതി വിലയിൽ നേരിയ കുറവുണ്ടായാൽ പോലും അത് ബോർഡിന് വലിയ ആശ്വാസമായിരിക്കുന്ന ഇക്കാലത്ത് ടി.പി സൗര്യയിൽ നിന്നും 110 മെഗാവാട്ട് സോളാർ വൈദ്യുതി, യൂണിറ്റിന് 2.44 രൂപക്ക് വാങ്ങാൻ കരാറാക്കി എന്നും, നമ്മൾ നേരത്തേയിത് 2.97 ന് ധാരണ ആയതാണെന്നും മന്ത്രി പറഞ്ഞു. ഇതേ പോലെ ചെലവുകുറഞ്ഞ വൈദ്യുതിക്ക് ദീർഘകരാർ വച്ചിട്ടുള്ളതിനാൽ വലിയ പ്രതിസന്ധിയിലേക്ക് പോകില്ല എന്നും മന്ത്രി സൂചിപ്പിച്ചു. കഴിഞ്ഞ കുറച്ചു വർഷങ്ങളായി പ്രവർത്തന ലാഭത്തിലാണ് നമ്മുടെ സ്ഥാപനമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കെഎസ്ഇബിഒഎ പ്രസിഡന്‍റ് ഡോ. എം.ജി സുരേഷ് കുമാർ യോഗത്തിൽ അധ്യക്ഷത വഹിച്ചു. ഓർഗനൈസിങ് സെക്രട്ടറി ടി.എ ഉഷ സ്വാഗതം ആശംസിച്ചു. ഇ.ഇ.എഫ്.ഐ ജനറൽ സെക്രട്ടറി പ്രശാന്ത് നന്ദി ചൗധരി പ്രസംഗിച്ചു. 2021ലെ യൂണിറ്റിന് 2.94 രൂപ പ്രകാരമുളള ദീർഘകാല കരാർ റദ്ദാക്കി 2.44 രൂപയിലേക്ക് പുതിയ കരാർ കൊണ്ടുവന്നു. എന്നാൽ ആദ്യ കരാറിൽ 2.94 എന്നത് നിയമാനുസൃതമായ നികുതി കൂടി ചേർന്നതാണ്. എന്നാൽ പുതിയ കരാറിലെ 2.44 നികുതി ഒഴികെയുള്ള തുകയാണ് നൽകേണ്ടിവരുന്നത്. എന്നാൽ പുതിയ കരാറനുസരിച്ച് ഇത് 3.94രൂപയിൽ അധികരിക്കുകയാണ് ഉണ്ടായത്. ഈ കരാർ ഉണ്ടായതിന് പൂർണ ഉത്തരവാദി മുൻ സി.എം.ഡി ബി. അശോക് മാത്രമാണെന്നും ഇതിന്റെ ഭാഗമായി യൂണിറ്റിന് ഒരു രൂപയ്ക്കുമേൽ നഷ്ടം ഇപ്പോൾ വരികയാണെന്നും അധ്യക്ഷനായ ഡോ. എം.ജി സുരേഷ് കുമാർ പ്രസംഗത്തിൽ ചൂണ്ടിക്കാട്ടി. ഇക്കാര്യത്തിൽ ബോർഡിൽ ബാക്ഫയലുകളില്ലെന്നും, ആവശ്യമെങ്കിൽ വിജിലൻസ് അന്വേഷണം നടത്തണമെന്നും, റദ്ദാക്കിയ കരാറിനെ കുറിച്ച് വസ്തുതകൾ നിരത്തി അദ്ദേഹം ആവശ്യപ്പെട്ടു.