തിരുവനന്തപുരം: വിവാദ പ്രസംഗത്തിൽ തുടരന്വേഷണമാകാമെന്ന ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തിൽ രാജി വയ്ക്കില്ലെന്ന് വ്യക്തമാക്കി മന്ത്രി സജി ചെറിയാൻ. മേൽക്കോടതിയെ സമീപിക്കുമെന്നും മന്ത്രി വ്യക്തമാക്കി. തന്‍റെ പ്രസംഗത്തെക്കുറിച്ച് യാതൊന്നും കോടതി പരാമർശിച്ചിട്ടില്ല. മാത്രമല്ല ഹൈക്കോടതി തന്‍റെ ഭാഗം കേട്ടിട്ടില്ല.
താൻ കുറ്റക്കാരനാണെന്നും കണ്ടെത്തിയിട്ടില്ല. ഇത് അന്തിമ വിധിയല്ല. നിയമപരമായ കാര്യങ്ങൾ പഠിച്ചതിനു ശേഷം കൂടുതൽ നടപടികളിലേക്ക് പോകുമെന്നും മന്ത്രി വ്യക്തമാക്കി.
മല്ലപ്പള്ളിയിൽ നടത്തിയ പ്രസംഗമാണ് കേസിന് കാരണമായത്. കുറച്ചു നല്ല കാര്യങ്ങൾ എന്ന പേരിൽ ജനാധിപത്യം, മതേതരത്വം, കുന്തം , കുടച്ചക്രം എന്നെല്ലാം എഴുതി വച്ചു എന്നല്ലാതെ സാധാരണക്കാരെ ചൂഷണം ചെയ്യുകയാണ് ഇതിന്‍റെ ഉദ്ദേശം എന്നായിരുന്നു പ്രസംഗത്തിൽ സജി ചെറിയാന്‍റെ വിവാദ പരാമർശം.
2022 ജൂലൈ 3ന് സിപിഎം ഏരിയാ കമ്മിറ്റി സംഘടിപ്പിച്ച ചടങ്ങിലായിരുന്നു പ്രസംഗം നടത്തിയത്. കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടു കൊണ്ട് ബൈജു നോയൽ അടക്കമുള്ളവർ നൽകിയ ഹർജികൾ പരിഗണിച്ചാണ് ഉത്തരവ്. ഭരണസ്വാധീനം ഉപയോഗിച്ച് സജി ചെറിയാൻ അന്വേഷണം അട്ടിമറിച്ചെന്നുവെന്നും ഹർജിയിൽ ആരോപിക്കുന്നുണ്ട്.