സന്ദീപിനെ സ്വന്തമാക്കാൻ സിപിഎമ്മും സിപിഐയും

സന്ദീപിനെ സിപിഎമ്മിലേക്ക് പരസ്യമായി സ്വാഗതം ചെയ്ത് കേന്ദ്ര കമ്മിറ്റി അംഗം എ.കെ. ബാലൻ ഒരു മുഴം മുമ്പേ എറിഞ്ഞിട്ടുണ്ട്
will sandeep varier may be joined cpm or cpi
Sandeep Varier
Updated on

പാലക്കാട്: ബിജെപി നേതൃത്വവുമായി ഇടഞ്ഞു നിൽക്കുന്ന സന്ദീപ് വാര്യരെ ഇടതുപക്ഷത്തേക്ക് കൊണ്ടുവരാൻ സിപിഐയും സിപിഎമ്മും. സിപിഎമ്മിന്‍റെയും സിപിഐയുടെയും നേതാക്കൾ സന്ദീപ് വാര്യരുമായി പ്രാഥമിക ചർച്ച നടത്തിയതായാണ് റിപ്പോർട്ടുകൾ. എന്നാൽ ഇത്തരം വാർത്തകൾ അഭ്യൂഹങ്ങൾ മാത്രമാണെന്നും താനിപ്പോഴും ബിജെപിക്കാരാനാണെന്നും സന്ദീപ് വാര്യർ പ്രതികരിച്ചു.

അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ മണ്ണാർക്കാട് സീറ്റ് വാഗ്ദാനവുമായാണ് സിപിഐ നേതൃത്വത്തിന്‍റെ ദൂതൻമാർ സന്ദീപ് വാര്യരെ സമീപിച്ചതെന്ന് വിശ്വസനീയ കേന്ദ്രങ്ങൾ പറയുന്നു. സിപിഐ സ്ഥിരം തോൽക്കുന്ന സീറ്റാണിത്. ഒറ്റപ്പാലത്തോട് ചേർന്നു കിടക്കുന്ന മണ്ഡലമായതിനാൽ സന്ദീപിന് മണ്ണാർക്കാടിനോട് താത്പര്യമുണ്ടെന്ന് സിപിഐ കരുതുന്നു. ഇക്കാര്യത്തിൽ സന്ദീപിന്‍റെ മനസറിഞ്ഞ ശേഷമായിരിക്കും തുടർനീക്കങ്ങൾ. എന്നാൽ പദവി വാഗ്ദാനം ചെയ്ത് എതിർ പാർട്ടികളിൽ നിന്ന് ആളെ എടുക്കുന്ന രീതി സിപിഐക്കില്ലെന്നാണ് ചില പ്രമുഖ നേതാക്കളുടെ പ്രതികരണം.

സന്ദീപിനെ സിപിഎമ്മിലേക്ക് പരസ്യമായി സ്വാഗതം ചെയ്ത് കേന്ദ്ര കമ്മിറ്റി അംഗം എ.കെ. ബാലൻ ഒരു മുഴം മുമ്പേ എറിഞ്ഞിട്ടുണ്ട്. സന്ദീപിനോട് എതിർപ്പില്ലെന്നും നല്ല വ്യക്തിയാണെന്നും അദ്ദേഹം ഒന്നാന്തരം സഖാവാകുമെന്നുമാണ് എ.കെ. ബാലൻ കഴിഞ്ഞ ദിവസം പറഞ്ഞത്. അദ്ദേഹം മുമ്പ് പറഞ്ഞതൊന്നും പ്രശ്നമല്ലെന്നും സന്ദീപ് ക്രിസ്റ്റൽ ക്ലിയറാകുമെന്നും അദ്ദേഹം പറഞ്ഞുവച്ചു. എന്നാൽ സന്ദീപുമായി സിപിഎം നേതാക്കൾ ഇതുവരെ ചർച്ചയൊന്നും നടത്തിയിട്ടില്ലെന്നും ബാലൻ പറഞ്ഞു. ആദ്യം സന്ദീപ് നിലപാട് വ്യക്തമാക്കി പുറത്തു വരട്ടെ. അതിന് ശേഷം ആലോചിക്കാമെന്നാണ് മറ്റു സിപിഎം നേതാക്കളുടെ പ്രതികരണം.

താൻ ബിജെപി വിട്ട് ഇടതുപക്ഷത്തേക്ക് പോകുകയാണെന്ന പ്രതീതി സൃഷ്ടിച്ച് അണികളെ തനിക്കെതിരാക്കാൻ ചിലർ നടത്തുന്ന ആസൂത്രിത പ്രചാരണമാണ് ഇതെല്ലാമെന്ന് സന്ദീപ് വാര്യർ പ്രതികരിച്ചു. ആദ്യം സിപിഎമ്മിലേക്കാണെന്നായിരുന്നു പ്രചാരണം. ഇപ്പോൾ പറയുന്നത് സിപിഐയിലേക്കാണെന്ന്. സിപിഐ നേതാക്കളുമായി തനിക്ക് അടുപ്പമില്ല. ആരും തന്നോട് ഫോണിൽ പോലും സംസാരിച്ചിട്ടില്ല. എന്നിട്ടും ഇത്തരം വാർത്തകൾ വരുന്നതിന് പിന്നിൽ തന്നെ അണികളിൽ നിന്ന് അകറ്റാൻ ശ്രമിക്കുന്നവരാണെന്ന് സന്ദീപ് വാര്യർ പറഞ്ഞു.

ബിജെപി നേതൃത്വവുമായി മാനസികമായി പൂർണമായും അകന്നു കഴിഞ്ഞ സന്ദീപ് വാര്യരെ അനുനയിപ്പിക്കേണ്ടതില്ലെന്നാണ് ബിജെപി സംസ്ഥാന അധ്യക്ഷനടക്കം സ്വീകരിച്ചിരിക്കുന്ന നിലപാട്. സന്ദീപിനെ അനുനയിപ്പിക്കാൻ എത്തിയ നേതാക്കളോട് ഇനി ഇങ്ങനെ മുന്നോട്ടു പോകാൻ കഴിയില്ലെന്ന് സന്ദീപ് തുറന്നു പറഞ്ഞു കഴിഞ്ഞു. ഉപതെരഞ്ഞെടുപ്പിന് മുമ്പ് സന്ദീപ് ബിജെപി വിടുമോ എന്നാണ് രാഷ്ട്രീയ കേന്ദ്രങ്ങൾ ഉറ്റുനോക്കുന്നത്. അത്തരമൊരു നീക്കം ബിജെപിക്ക് ത‌െരഞ്ഞെടുപ്പിൽ ക്ഷീണമാകുമെന്നതു കൊണ്ടു തന്നെ സന്ദീപിന് കൂടുതൽ പ്രകോപിതനാകാൻ അവസരം നൽകാതെ സംയമനം പാലിക്കുകയാണ് ബിജെപി നേതാക്കൾ.

Trending

No stories found.

Latest News

No stories found.