കാസർഗോഡ്: മാട്രിമോണിയൽ സൈറ്റ് വഴി യുവാക്കൾക്ക് വിവാഹവാഗ്ദാനം നൽകി പണവും സ്വർണവും തട്ടിച്ച യുവതി അറസ്റ്റിൽ. ചെമ്മനാട് കൊമ്പടുക്കം ശ്രുതി ചന്ദ്രശേഖരനാണ് അറസ്റ്റിലായത്. ഉഡുപ്പിയിലെ രഹസ്യകേന്ദ്രത്തിൽ നിന്നാണ് യുവതിയെ പിടി കൂടിയത്.
മാട്രിമോണിയൽ സൈറ്റിലൂടെ പരിചയപ്പെടുന്ന യുവാക്കളുമായി ബന്ധപ്പെടുന്ന യുവതി വിവാഹവാഗ്ദാനം നൽകുകയും ഇവരുമായി അടുത്ത ശേഷം പണവും സ്വർണവും ആവശ്യപ്പെടുകയുമായിരുന്നു പതിവ്. പൊലീസ് ഓഫിസർ അടക്കം നിരവധി പേരാണ് യുവതിയുടെ തട്ടിപ്പിന് ഇരയായത്.
ജൂൺ 21 ന് പൊയിനാച്ചി സ്വദേശിയായ യുവാവ് പരാതി നൽകിയതോടെയാണ് യുവതിക്കെതിരേ അന്വേഷണം തുടങ്ങിയത്. പൊയിനാച്ചി സ്വദേശിയോട് ഐഎസ്ആർഒ ഉദ്യോഗസ്ഥയാണെന്നാണ് യുവതി സ്വയം പരിചയപ്പെടുത്തിയിരുന്നത്. ഇതിനു തെളിവായി ചില വ്യാജ രേഖകളും കാണിച്ചു.
പിന്നീടാണ് പല കാരണങ്ങൾ പറഞ്ഞ് യുവാവിൽ നിന്ന് ഒരു ലക്ഷം രൂപയും ഒരു പവന്‍റെ സ്വർണമാലയും വാങ്ങിയെടുത്തത്. ഇതിനിടെ കാസർഗോഡ് ജില്ലാ കോടതിയിൽ യുവതി മുൻകൂർ ജാമ്യത്തിന് അപേക്ഷ നൽകിയെങ്കിലും ലഭിച്ചില്ല.