സിനിമാ മേഖലയിലെ ദുരനുഭവങ്ങൾ അന്വേഷിക്കാൻ പ്രത്യേക വനിതാ സംഘം

ലോക്കൽ പൊലീസ് സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്യുന്ന എല്ലാ കേസുകളും അന്വേഷണ സംഘത്തിന് കൈമാറാൻ നിർദേശം
woman ips officers to inquire malayalam film industry allegations
kerala police headquarters
Updated on

തിരുവനന്തപുരം: സിനിമാ മേഖലയിൽ വനിതകൾ നേരിട്ട ദുരനുഭവങ്ങൾ അന്വേഷിക്കുന്നതിന് രൂപം നൽകിയ പ്രത്യേക അന്വേഷണസംഘത്തിന്‍റെ ആദ്യയോഗത്തിൽ പ്രധാനപ്പെട്ട എല്ലാ കേസുകളും മുതിർന്ന വനിതാ ഓഫിസർമാരുടെ നേതൃത്വത്തിലുള്ള സംഘം അന്വേഷിക്കാൻ തീരുമാനം. സംസ്ഥാന പൊലീസ് മേധാവി ഡോ. ഷെയ്ഖ് ദർവേഷ് സാഹിബ് അധ്യക്ഷത വഹിച്ചു.

പൊലീസ് ആസ്ഥാനത്ത് യോഗം ചേർന്ന സംഘം തുടരന്വേഷണത്തിന് രൂപം നൽകി. അന്വേഷണ സംഘത്തിൽ കൂടുതൽ വനിതാ ഓഫീസർമാരെ ഉൾപ്പെടുത്താനും തീരുമാനിച്ചു. ഡിഐജി എസ്. അജീത ബീഗം, കോസ്റ്റല്‍ പൊലീസ് എഐജി ജി. പൂങ്കുഴലി, കേരള പൊലീസ് അക്കാഡമി അസി. ഡയറക്റ്റര്‍ ഐശ്വര്യ ഡോങ്ക്‌റെ, ക്രൈം ബ്രാഞ്ച് ആസ്ഥാനത്തെ എസ്പി മെറിന്‍ ജോസഫ് എന്നീ വനിതാ ഓഫിസർമാരായിരിക്കും കേസുകൾ അന്വേഷിക്കുക. ഇതുമായി ബന്ധപ്പെട്ട് ലോക്കൽ പൊലീസ് സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്യുന്ന എല്ലാ കേസുകളും പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറാൻ യോഗം നിർദേശം നൽകി.

ശനിയാഴ്ച മുഖ്യമന്ത്രി വിളിച്ചുകൂട്ടിയ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കാന്‍ തീരുമാനിച്ചത്. ഐജി സ്പര്‍ജന്‍ കുമാറിന്‍റെ നേതൃത്വത്തിലാണ് ഉയര്‍ന്ന വനിതാ പൊലീസ് ഓഫീസര്‍മാര്‍ ഉള്‍പ്പെടുന്ന ഒരു പ്രത്യേക അന്വേഷണ സംഘം പ്രവർത്തിക്കുക. മേൽനോട്ടം ക്രൈം ബ്രാഞ്ച് എഡിജിപി എച്ച് വെങ്കിടേഷിന് നൽകാനും തീരുമാനിച്ചു. എഐജി വി. അജിത്ത്, ക്രൈം ബ്രാഞ്ച് എസ്പി എസ്. മധുസൂദനന്‍ എന്നിവരും പ്രത്യേക സംഘത്തിലെ അംഗങ്ങളാണ്. പ്രത്യേക അന്വേഷണ സംഘത്തിലെ ഓഫിസർമാരെ കൂടാതെ മറ്റ് മുതിർന്ന ഐപിഎസ് ഓഫിസർമാരും യോഗത്തിൽ പങ്കെടുത്തു.

Trending

No stories found.

Latest News

No stories found.