ഭർത്താവിനെ അവസാനമായൊന്നു കാണാനായില്ല; എയര്‍ ഇന്ത്യക്കെതിരേ യുവതി നിയമ നടപടിക്ക്

ഒമാനിൽ ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന ഭർത്താവ് നമ്പി രാജേഷിനെ കാണാനുള്ള അമൃതയുടെ യാത്ര എയർ ഇന്ത്യ ജീവനക്കാരുടെ മുന്നറിയിപ്പില്ലാത്ത സമരം കാരണം മുടങ്ങുകയായിരുന്നു
Woman to sue air india on flash strike
ഭർത്താവിനെ അവസാനമായൊന്നു കാണാനായില്ല; എയര്‍ ഇന്ത്യക്കെതിരേ യുവതി നിയമ നടപടിക്ക്
Updated on

തിരുവനന്തപുരം: എയര്‍ ഇന്ത്യ എക്സ്പ്രസ് ജീവനക്കാരുടെ മുന്നറിയിപ്പില്ലാത്ത പണിമുടക്കില്‍ അമൃതയുടെ യാത്ര മുടങ്ങി. ഒമാനില്‍ ഗുരുതരാവസ്ഥയിലായി ഐസിയുവിൽ കഴിഞ്ഞിരുന്ന ഭർത്താവിനെ അവാസനമായൊരുനോക്കു കാണാൻ വിമാനത്താവളത്തിലെത്തി കെഞ്ചിയിട്ടും പോലും അധികൃതർ അമൃതയെ അനുവദിച്ചില്ല. തിങ്കളാഴ്ച ഭർത്താവ് മരണത്തിന് കീഴടങ്ങിയതോടെ വിമാന കമ്പനിക്കെതിരെ നിയമനടപടിയുമായി നീങ്ങാനാണ് അമൃതയുടെയും കുടുംബത്തിന്‍റെയും തീരുമാനം.

മസ്കറ്റില്‍ ഐടി മാനേജരായി ജോലി ചെയ്തിരുന്ന തിരുവനന്തപുരം സ്വദേശി നമ്പി രാജേഷിന് കഴിഞ്ഞ ഏഴാം തീയതിയാണ് ഹൃദയാഘാതമുണ്ടാകുന്നത്. തുടർന്ന് ഒമാനിലെ ആശുപത്രിയിൽ പ്രവേശിച്ചപ്പോൾ ഭാര്യ അമൃതയെ കാണണമെന്ന് ആഗ്രഹം പ്രകടിപ്പിച്ചു.

ഇതെത്തുടർന്ന് ഭർത്താവിനെ കാണാന്‍ പിറ്റേന്ന് രാവിലെ മസ്കറ്റിലേക്കുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിന് ഭാര്യ അമൃത ടിക്കറ്റ് ബുക്ക് ചെയ്തു. രാവിലെ വിമാനത്താവളത്തിലെത്തിയപ്പോഴാണ് കാബിന്‍ ജീവനക്കാരുടെ അപ്രതീക്ഷിത അവധിയെടുക്കല്‍ സമരം കാരണം എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങള്‍ റദ്ദാക്കിയെന്ന വിവരം അറിഞ്ഞത്.അടിയന്തരമായി മസ്‌കറ്റില്‍ എത്തണമെന്ന് പറഞ്ഞിട്ടും എയർഇന്ത്യ അധികൃതരുടെ ഭാഗത്തുനിന്നും നടപടിയൊന്നും ഉണ്ടായില്ല. തൊട്ടടുത്ത ദിവസം യാത്രക്ക് ശ്രമിച്ചിരുന്നുവെങ്കിലും സമരം തീരാത്തതിനാല്‍ യാത്ര മുടങ്ങുകയായിരുന്നു.

വിമാനത്താവളത്തില്‍ നിന്ന് കമ്പനി പ്രതിനിധികളോട് ഒരുപാട് കെഞ്ചിയെന്നും ആരും ഇടപെട്ടില്ലെന്നും അമൃത പറയുന്നു. കമ്പനിക്കെതിരെ നിയമനടപടികളുമായി മുന്നോട്ട് പോകുമെന്നും കുടുംബം അറിയിച്ചു. ടിക്കറ്റിന്‍റെ പണം റീഫണ്ട് ചെയ്യാമെന്നാണ് കമ്പനി അറിയിച്ചത്.

ഈ അവസ്ഥയ്ക്ക് കമ്പനിയാണ് ഉത്തരവാദികളെന്നും അതിനാല്‍ കമ്പനിക്കെതിരെ കേസ് കൊടുക്കുമെന്നുമാണ് കുടുംബം അറിയിക്കുന്നത്. നഴ്‌സിങ് വിദ്യാര്‍ഥിനിയാണ് അമൃത. മക്കൾ: അനിക (യുകെജി), നമ്പി ശൈലേഷ് (പ്രീ കെജി).

Trending

No stories found.

Latest News

No stories found.