കേരളത്തിലെ സ്ത്രീകൾ വിദ്യാസമ്പന്നരും ശാക്തീകരിക്കപ്പെട്ടവരും: രാഷ്ട്രപതി

അമ്മമാരുടെ ആരോഗ്യം പ്രോത്സാഹിപ്പിക്കുന്നതിലും ശിശുമരണ നിരക്ക് തടയുന്നതിലും രാജ്യത്തെ ഏറ്റവും മികച്ച പ്രകടനമാണു കേരളം കാഴ്ചവയ്ക്കുന്നത്
കേരളത്തിലെ സ്ത്രീകൾ വിദ്യാസമ്പന്നരും ശാക്തീകരിക്കപ്പെട്ടവരും: രാഷ്ട്രപതി
Updated on

തിരുവനന്തപുരം: കേരളത്തിൽ സ്ത്രീകൾ കൂടുതൽ വിദ്യാസമ്പന്നരും ശാക്തീകരിക്കപ്പെട്ട വരുമാണെന്നു രാഷ്ട്രപതി ദ്രൗപതി മുർമു. മാനവ വികസന സൂചികകളിലെ കേരളത്തിന്‍റെ മികച്ച പ്രകടനത്തിൽ ഇതു പ്രതിഫലിക്കുന്നുണ്ടെന്നും രാഷ്ട്രപതി പറഞ്ഞു. ചുമതലയേറ്റശേഷം ആദ്യമായി കേരളത്തിലെത്തിയ രാഷ്ട്രപതിക്കു സംസ്ഥാന സർക്കാർ നൽകിയ പൗരസ്വീകരണ ചടങ്ങിൽ പ്രസംഗിക്കുകയായിരുന്നു രാഷ്ട്രപതി. കുടുംബശ്രീയുടെ ഇരുപത്തഞ്ചാം വാർഷികത്തിന്‍റെ ഭാഗമായി സി.ഡി.എസ്. അംഗങ്ങളായ അഞ്ചു ലക്ഷം വനിതകൾ ചേർന്നു കുടുംബശ്രീയുടെ ചരിത്രമെഴുതുന്ന 'രചന'യുടെ ഉദ്ഘാടനം, പട്ടികവർഗ വിഭാഗത്തിൽപ്പെട്ടവരുടെ സമഗ്ര വികസനത്തിനായുള്ള 'ഉന്നതി' പദ്ധതിയുടെ ഉദ്ഘാടനം, മലയാളത്തിലേക്കു പരിഭാഷപ്പെടുത്തിയ ടെക്നിക്കൽ എൻജിനീയറിങ്, ഡിപ്ലോമ പുസ്തകങ്ങളുടെ പ്രകാശനം എന്നിവ ചടങ്ങിൽ രാഷ്ട്രപതി നിർവഹിച്ചു.

രാജ്യത്തിന്‍റെ സമഗ്രവികസനത്തിനും ലോകത്ത് അതിന്‍റെ പ്രതിച്ഛായ വർധിപ്പിക്കുന്നതിനും നൽകിയ സംഭാവനകൾക്ക് കേരളത്തിലെ എല്ലാ ജനങ്ങളെയും അഭിനന്ദിക്കുന്നതായി രാഷ്ട്രപതി പറഞ്ഞു. രാജ്യത്ത് ഏറ്റവും മികച്ച സ്ത്രീ-പുരുഷ അനുപാതം കേരളത്തിലാണ്. സ്ത്രീ സാക്ഷരതയിലുൾപ്പെടെ ഏറ്റവും ഉയർന്ന സാക്ഷരതാ നിരക്കുള്ള സംസ്ഥാനവും കേരളമാണ്. അമ്മമാരുടെ ആരോഗ്യം പ്രോത്സാഹിപ്പിക്കുന്നതിലും ശിശുമരണ നിരക്ക് തടയുന്നതിലും രാജ്യത്തെ ഏറ്റവും മികച്ച പ്രകടനമാണു കേരളം കാഴ്ചവയ്ക്കുന്നത്.

ചരിത്രത്തിന്‍റെ വിവിധ കാലഘട്ടങ്ങളിൽ സ്ത്രീശാക്തീകരണത്തിന്‍റെ തിളക്കമാർന്ന മാതൃകകൾ കേരളത്തിന്‍റെ സാമൂഹ്യ ഘടനയിലെ ഓരോ വിഭാഗത്തിലും കാണാം. മികച്ച പിന്നണിഗായികയ്ക്കുള്ള ദേശീയ ചലച്ചിത്ര പുരസ്‌കാരം നഞ്ചിയമ്മയ്ക്ക് സമ്മാനിക്കാനുള്ള ഭാഗ്യമുണ്ടായി. ഒരു ഗിരിവർഗ വനിത എന്ന നിലയിൽ, നഞ്ചിയമ്മ രാജ്യത്തെ എല്ലാ സ്ത്രീകൾക്കും പ്രത്യേകിച്ച് പിന്നാക്ക വിഭാഗങ്ങളിൽ നിന്നുള്ളവർക്ക്, പ്രചോദനമായിട്ടുണ്ട്. 'പയ്യോളി എക്സ്പ്രസ്' പി.ടി. ഉഷ പിന്നീടുവന്ന തലമുറകളിലെ പെൺകുട്ടികൾക്ക് കായികരംഗം കരിയർ ആയി സ്വീകരിക്കാനും ഇന്ത്യയുടെ യശസു വർധിപ്പിക്കാനും പ്രചോദനമായി.

കേരളത്തിലെ സ്ത്രീശാക്തീകരണത്തിന്‍റെ മഹത്തായ പാരമ്പര്യത്തിന് അനുസൃതമായി ലോകത്തിലെ ഏറ്റവും വലിയ വനിതാ സ്വയംസഹായ ശൃംഖലകളിലൊന്നായി 'കുടുംബശ്രീ' മാറിയിരിക്കുന്നു. കേരളത്തിലെ പട്ടികജാതി-പട്ടികവർഗ വിഭാഗങ്ങളിൽപ്പെട്ടവരുടെ വികസനത്തിനായി ആരംഭിച്ച 'ഉന്നതി' പദ്ധതി പട്ടികജാതി-പട്ടികവർഗ വിഭാഗങ്ങളിൽപ്പെട്ട യുവാക്കൾക്കിടയിൽ തൊഴിലിനും സ്വയംതൊഴിലിനുമുള്ള അവസരങ്ങൾ സൃഷ്ടിക്കുന്നതാണ്, രാഷ്ട്രപതി പറഞ്ഞു.

Trending

No stories found.

Latest News

No stories found.