തിരുവനന്തപുരം: ലോക ബാങ്ക് മാനെജിങ് ഡയറക്റ്റർ അന്ന വെർദെയുമായി അമെരിക്കയിലെ വാഷിങ്ടണിൽ മുഖ്യമന്ത്രി പിണറായി വിജയൻ കൂടിക്കാഴ്ച നടത്തി. കേരളത്തിന്റെ അടിസ്ഥാന സൗകര്യ മേഖലകളിൽ നിക്ഷേപത്തിന് തയാറാണെന്ന് ലോക ബാങ്ക് അധികൃതർ പറഞ്ഞു.
നിലവിൽ ലോക ബാങ്കിന്റെ സഹകരണമുള്ള റീ ബിൽഡ് കേരള ഇനിഷ്യേറ്റീവ് അടക്കമുള്ള പദ്ധതികളിലെ പുരോഗതിയും കൂടിക്കാഴ്ചയിൽ ചർച്ചയായി.
റീബില്‍ഡ് കേരള ഇനിഷ്യേറ്റീവിന്റെ ഭാഗമായി കേരളത്തില്‍ നടപ്പിലാക്കി വരുന്ന വിവിധ വികസന, നയ പരിപാടികൾ അവലോകനം ചെയ്യുന്നതിനായി ലോക ബാങ്ക് വൈസ് പ്രസിഡന്റിന്റെ നേതൃത്വത്തിലുള്ള ഉന്നതതല സംഘം കേരളത്തിലെത്തി മുഖ്യമന്ത്രിയുമായി നേരത്തെ ചർച്ച നടത്തിയിരുന്നു. ഇതിന്റെ തുടർച്ചയായാണ് വാഷിങ്ടൺ ഡിസിയിൽ മുഖ്യമന്ത്രിയുമായി ലോക ബാങ്ക് മുതിർന്ന ഉദ്യോഗസ്ഥർ ചർച്ച നടത്തിയത്.
സംസ്ഥാന ധനകാര്യ മന്ത്രി കെ.എൻ. ബാലഗോപാൽ, ചീഫ് സെക്രട്ടറി ഡോ. വി.പി. ജോയി, പ്ലാനിങ് ബോർഡ് ഉപാധ്യക്ഷൻ ഡോ. വി.കെ. രാമചന്ദ്രൻ എന്നിവരും ചർച്ചയിൽ പങ്കാളികളായി.