ആനത്താര വീണ്ടെടുക്കൽ: സർക്കാർ തോറ്റിടത്ത് സാബുവിന്‍റെ വിജയം

വൈൽഡ്‌ലൈഫ് ട്രസ്റ്റ് ഓഫ് ഇന്ത്യ തയാറാക്കിയ പുനരധിവാസ പദ്ധതി സമ്പൂർണ വിജയം കണ്ട സ്ഥാനത്താണ് സംസ്ഥാന വനം വകുപ്പിന്‍റെ പ്രോജക്റ്റ് എലിഫന്‍റ് കടലാസിൽ തന്നെ കണ്ണടച്ചത്
ആനത്താര വീണ്ടെടുക്കൽ: സർക്കാർ തോറ്റിടത്ത് സാബുവിന്‍റെ വിജയം
Updated on

# അജയൻ

ആനത്താരയിൽ നിന്ന് മനുഷ്യരെ മാറ്റിപ്പാർപ്പിക്കാനുള്ള പദ്ധതി പുരോഗമിക്കവേ അതിനോടു സഹകരിക്കാതെ തുടർന്ന ഒരേയൊരാളായിരുന്നു ലക്ഷ്മി അവ്വ എന്ന അവ്വമ്മ. കാടിനു നടുവിൽ ഒറ്റയ്ക്ക് താമസമായിരുന്നു അവർ. മാറിത്താമസിക്കില്ലെന്ന ആ വാശി മാറ്റാനുള്ള വനം വകുപ്പിന്‍റെ ശ്രമങ്ങളെല്ലാം പരാജയപ്പെട്ടു.

വൈൽഡ്‌ലൈഫ് ട്രസ്റ്റ് ഓഫ് ഇന്ത്യയുടെ പുനരധിവാസ പദ്ധതിയുടെ ഭാഗമായി സാബു ജഹാസ് അവരെ പോയി കണ്ടു. ദീർഘനേരം സംസാരിച്ചു. ഒടുവിൽ സ്വന്തം അമ്മയെപ്പോലെ നോക്കിക്കൊള്ളാമെന്ന് ഉറപ്പു തന്നാൽ മാറി താമസിക്കാമെന്ന് അവർ സമ്മതിക്കുകയായിരുന്നു.

അവ്വമ്മയുടേത് ഒരു ദുരന്ത കഥയായിരുന്നു എന്നോർക്കുന്നു സാബു. മൈസുരുവിലെ ദേവദാസി സമൂഹത്തിലായിരുന്നു അവ്വമ്മയുടെ ജനനം. 'കുലത്തൊഴിലാ'യിക്കഴിഞ്ഞിരുന്ന വേശ്യാവൃത്തി ചെയ്യാൻ വിസമ്മതിച്ച് കൂട്ടത്തിൽനിന്നു പുറത്താകുന്ന അവസ്ഥയിലാണ് ഒരു ഫോറസ്റ്ററോടൊപ്പം അവരീ കാട്ടിൽ വന്നുപെടുന്നത്. വേറെ ഭാര്യയും കുട്ടികളുമുള്ള അദ്ദേഹവുമായി അവർക്ക് നിയമപരമായ ബന്ധമൊന്നുമുണ്ടായില്ല. കുട്ടികളുമില്ല. ഫോറസ്റ്റർ മരിച്ചതോടെ അവ്വമ്മ തീർത്തും ഒറ്റയ്ക്കായി. മൈസൂരുവിലേക്കു മടങ്ങാൻ വിസമ്മതിച്ച അവർ കാട്ടിലെ കുഞ്ഞുവീട്ടിൽ ഒറ്റയ്ക്ക് തുടരാൻ തീരുമാനിക്കുകയായിരുന്നു.

രണ്ടേക്കറോളം ഭൂമി അന്നവരുടെ കൈവശമുണ്ട്. പനവല്ലിയിൽ അവർക്കായൊരു വീട് സാബു കണ്ടെത്തി. കുരുമുളകും കാപ്പിയും വിളയുന്ന എസ്റ്റേറ്റിനു നടുവിൽ മൂന്ന് കിടപ്പുമുറികളുള്ള സാമാന്യം വലിയ വീട്. ആറു വർഷം മുൻപ് മരിക്കുന്നതു വരെ അവ്വമ്മയ്ക്ക് രാജകീയമായി ജീവിക്കാനുള്ള വരുമാനം അവിടെയുണ്ടായിരുന്നു.

പുതിയ വീട്ടിലേക്ക് മാറുന്ന ലക്ഷ്മി അവ്വ. ഒപ്പം സാബു ജഹാസ്.
പുതിയ വീട്ടിലേക്ക് മാറുന്ന ലക്ഷ്മി അവ്വ. ഒപ്പം സാബു ജഹാസ്.

എല്ലാ ആഴ്ചയും അവിടെ പോയി അവരുടെ ക്ഷേമം ഉറപ്പാക്കാനും ആവശ്യമുള്ള സഹായങ്ങൾ ചെയ്തു കൊടുക്കാൻ ഡബ്ല്യുടിഐ ഒരു സ്റ്റാഫിനെ വരെ നിയോഗിച്ചിരുന്നു. അവ്വമ്മയുടെ മരണം വരെ അതു മുടങ്ങിയിട്ടുമില്ല.

''മകനെപ്പോലെയാണ് അവരെന്നെ കണ്ടിരുന്നത്. അവരുടെ മരണം വരെ അതു തുടരുകയും ചെയ്തു'', സാബു പറയുന്നു.

ആനത്താര വീണ്ടെടുക്കൽ: സർക്കാർ തോറ്റിടത്ത് സാബുവിന്‍റെ വിജയം
ആനകളെയല്ല, ആളുകളെയും മാറ്റിപ്പാർപ്പിക്കാം: പ്രായോഗിക പാഠമായി വയനാട്

സർക്കാർ കാര്യം മുറപോലെ!

ഏതാണ്ട് ഇതേ സമയത്തു തന്നെ ഇതേ ജില്ലയിലെ ഇരുളക്കുന്ന് എന്ന സ്ഥലത്ത് മറ്റൊരു പദ്ധതിയും പുരോഗമിക്കുന്നുണ്ടായിരുന്നു. പ്രോജക്റ്റ് എലിഫന്‍റിന്‍റെ ഭാഗമായി നഷ്ടപരിഹാരം നൽകി ആളുകളെ മാറ്റിപ്പാർപ്പിക്കുന്ന പദ്ധതി സംസ്ഥാന വനം വകുപ്പിന്‍റേതായിരുന്നു.

എന്നാൽ, മറ്റു വകുപ്പുകൾ കൂടി ഉൾപ്പെട്ട വിഷയമായതിനാൽ വനം വകുപ്പിന് ഒറ്റയ്ക്ക് ഒന്നും ചെയ്യാൻ കഴിയുമായിരുന്നില്ല. ഒടുവിൽ ഇതിന്‍റെ ഏകോപനം റവന്യൂ വകുപ്പിനെ ഏൽപ്പിക്കാൻ തീരുമാനമായി. നേതൃത്വം ഒരു ഡെപ്യൂട്ടി കലക്റ്ററെയും തഹസിൽദാരെയും ഏൽപ്പിച്ചു.

കാര്യങ്ങൾ സുഗമമായി മുന്നോട്ടു പോയില്ല. നഷ്പരിഹാരമായി നിശ്ചയിച്ച തുക, ഒഴിഞ്ഞുപോകേണ്ടവർക്ക് സ്വീകാര്യമാകാത്തതായിരുന്നു ആദ്യത്തെ പ്രതിസന്ധി. അവർ കോടതിയിൽ പോകുമെന്ന് ഭീഷണി മുഴക്കി. ചുമതലപ്പെട്ട ഉദ്യോഗസ്ഥരുടെ സർവീസ് കാലയളവിൽ സിംഹഭാഗവും കോടതി കയറിയിറങ്ങാൻ ഈ ഒറ്റ കേസ് മതിയെന്നുറപ്പായിരുന്നു.

നിർമിക്കാൻ പോകുന്ന വീടുകളുടെ കാര്യത്തിലും അഭിപ്രായവ്യത്യാസങ്ങൾ രൂക്ഷമായിരുന്നു. 300-500 സ്ക്വയർ ഫീറ്റ് വീടുകളാണ് നിർമിക്കാനുദ്ദേശിച്ചിരുന്നത്. ഓരോന്നിനും വേണ്ടി മാറ്റിവച്ചിരുന്ന തുക 75,000 രൂപ മാത്രം. തൊട്ടടുത്ത മഴക്കാലത്തിനപ്പുറം അവയ്ക്കൊന്നും ആയുസുണ്ടാകില്ലെന്ന് ഉറപ്പായിരുന്നു. ഗുണഭോക്താക്കളിൽ നിന്ന് വിഹിതം കൈപ്പറ്റാൻ പ്രാദേശിക ഇടപെടലുകളും ശക്തമായിരുന്നു.

അന്തിമ ഫലം എന്തെന്നാൽ, ഡബ്ല്യുടിഐ പ്രോജക്റ്റ് വൻ വിജയമായപ്പോൾ, പ്രോജക്റ്റ് എലിഫന്‍റ് കടലാസിൽ തന്നെ കണ്ണടച്ചു എന്നതുതന്നെ!

Trending

No stories found.

Latest News

No stories found.