ആനയോട് കളിച്ചാലും പിടിക്കുന്നത് പുലിവാൽ | Video
ഇടുക്കി: മൂന്നാറിൽ സഞ്ചാരികൾക്ക് പതിവായി കാഴ്ചവിരുന്നൊരുക്കുന്ന കാട്ടുകൊമ്പൻ പടയപ്പയെ പ്രകോപിപിച്ച് തമിഴ്‌നാട്ടില്‍ നിന്നെത്തിയ വിനോദ സഞ്ചാരികളുടെ സംഘം. കുണ്ടള എസ്റ്റേറ്റില്‍ ശനിയാഴ്ച ഉച്ചയ്ക്കുശേഷമാണു സംഭവം.
തേയിലത്തോട്ടത്തിൽ നിന്ന ആനയുടെ പിന്നാലെയെത്തിയ യുവാക്കൾ ഫോട്ടൊയും വിഡിയൊയും ചിത്രീകരിച്ചശേഷം ബഹളമുണ്ടാക്കിയും കല്ലെറിഞ്ഞും പ്രകോപിപ്പിക്കുകയായിരുന്നു. തുടക്കത്തിൽ ശാന്തനായിരുന്ന ആന പിന്നീടു സഞ്ചാരികൾക്കു നേരേ തിരിഞ്ഞു. നിലത്തു കൊമ്പുകുത്തുകയും കൊമ്പു കുലുക്കി പാഞ്ഞടുക്കുകയും ചെയ്തു ആന.
ഏറെ നേരം എസ്റ്റേറ്റില്‍ നിലയുറപ്പിച്ചശേഷം മടങ്ങിയ പടയപ്പ പിന്നീട് കാടുകയറി പോയെന്ന് വനംവകുപ്പ് അറിയിച്ചു. ആനയെ പ്രകോപിപ്പിച്ചവരെ കണ്ടെത്താനുള്ള ശ്രമം നടക്കുകയാണെന്നു വനംവകുപ്പ് അധികൃതർ.
അടുത്തിടെ, അതിരപ്പിള്ളിക്കു സമീപം കബാലി എന്നു വിളിക്കപ്പെടുന്ന കാട്ടാനയെ യുവാക്കൾ പ്രകോപിപ്പിക്കുന്നതിന്‍റെ ദൃശ്യം പുറത്തുവന്നിരുന്നു. തുടർന്ന് ഇവർക്കെതിരേ വനം വകുപ്പ് കേസെടുത്തു.