തിരുവനന്തപുരം: സംസ്ഥാന സഹകരണ നിയമ ഭേദഗതി ബില്ലിനിടെ നിയമസഭയില്‍ ബഹളം. കരുവന്നൂര്‍ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട എന്‍ഫോഴ്സ്മെന്‍റ് വിഭാഗത്തിന്‍റെ റിമാന്‍ഡ് റിപ്പോര്‍ട്ട് മാത്യു കുഴല്‍നാടന്‍ സഭയില്‍ വായിച്ചതോടെയാണു സ്പീക്കര്‍ എ.എന്‍. ഷംസീര്‍ മൈക്ക് ഓഫ് ചെയ്തത്. ഭരണപക്ഷവും സ്പീക്കറും ആവശ്യപ്പെട്ടിട്ടും റിമാന്‍ഡ് റിപ്പോര്‍ട്ട് വായന മാത്യു കുഴല്‍നാടന്‍ തുടര്‍ന്നു. ഇതോടെ സ്പീക്കര്‍ മൈക്ക് ഓഫ് ചെയ്യുകയായിരുന്നു.
തന്നെ ഭരണപക്ഷ അംഗങ്ങള്‍ രണ്ട് ദിവസമായി പ്രകോപിപ്പിക്കാന്‍ ശ്രമിക്കുകയാണെന്നും പറയാനുള്ളത് പറയുമെന്നും മാത്യു കുഴല്‍നാടന്‍ പറഞ്ഞു. കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് നിയമസഭ പലവട്ടം ചര്‍ച്ച ചെയ്തതാണെന്നും ബില്ലിലേക്കു വരാനും സ്പീക്കര്‍ ആവശ്യപ്പെട്ടു. എന്നാല്‍ മാത്യു റിമാന്‍ഡ് റിപ്പോര്‍ട്ട് തുടര്‍ന്നും വായിച്ചു. റിമാന്‍ഡ് റിപ്പോര്‍ട്ട് രേഖകളില്‍ ഉണ്ടാകില്ലെന്ന് ആദ്യം പറഞ്ഞ സ്പീക്കര്‍, റിപ്പോര്‍ട്ട് ശരിയാവണമെന്നില്ലെന്നും പറഞ്ഞു.
ഒരാളെ റിമാന്‍ഡ് ചെയ്തതുകൊണ്ട് അയാള്‍ കുറ്റക്കാരനാകില്ലെന്നും അങ്ങനെയെങ്കില്‍ ഞാനൊക്കെ എത്ര കേസില്‍ പ്രതിയാണെന്നും സ്പീക്കര്‍ ചോദിച്ചു. നിങ്ങള്‍ ഒരു പ്രാക്ടീസിങ് ലോയറാണെന്ന് ഓർമിപ്പിച്ച അദ്ദേഹം റിമാന്‍ഡ് റിപ്പോര്‍ട്ട് വായിക്കുന്നത് തുടര്‍ന്നാല്‍ മൈക്ക് ഓഫ് ചെയ്യുമെന്നും പറഞ്ഞു. അഴിമതിയെക്കുറിച്ച് പറയുമ്പോള്‍ എന്തിന് അസ്വസ്ഥനാകുന്നുവെന്നായിരുന്നു മാത്യുവിന്‍റെ മറുചോദ്യം. പിന്നാലെ സ്പീക്കര്‍ മൈക്ക് ഓഫ് ചെയ്തു. തന്നെക്കുറിച്ച് പറയുമ്പോള്‍ ചെയര്‍ എന്തുകൊണ്ട് ഇടപെടുന്നില്ലെന്നു ചോദിച്ച് മാത്യു കുഴനാടന്‍ സ്പീക്കറോടും കുപിതനായി. മൈക്ക് ഓഫ് ചെയ്തതോടെ പ്രസംഗം അവസാനിപ്പിച്ചു. മാത്യു കുഴല്‍നാടനും സ്പീക്കറും തമ്മിലുണ്ടായ തര്‍ക്കം സഭാ ടിവിയില്‍ കാണിക്കുന്നത് ഒഴിവാക്കുകയും ചെയ്തു.