ന്യൂഡല്‍ഹി: ക്രിമിനല്‍ മാനനഷ്ടക്കേസില്‍ ശിക്ഷിക്കപ്പെട്ടതിനാല്‍ അയോഗ്യനാക്കപ്പെടുന്ന ആദ്യത്തെ വ്യക്തിയല്ല കോണ്‍ഗ്രസ് നേതാവും വയനാട് എംപിയുമായ രാഹുല്‍ ഗാന്ധി. മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയടക്കo അഞ്ചു പേരാണ് മുന്‍പ് ഇത്തരത്തില്‍ അയോഗ്യരാക്കപ്പെട്ടത് . തെരഞ്ഞെടുപ്പ് കമ്മിഷനാല് ഇത്തരം നടപടി നേരിട്ട ആദ്യ നേതാവ് ഉംലേഷ് യാദവാണ്. 2007ലെ ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിസൗലി മണ്ഡലത്തില്‍ നിന്ന് എംഎല്‍എയായി തെരഞ്ഞെടുക്കപ്പെട്ട ഉംലേഷിനെ മൂന്നു വര്‍ഷത്തേക്ക് ആണ് തെരഞ്ഞെടുപ്പ് കമ്മിഷന് ഉംലേഷിനെ അയോഗ്യനാക്കിയത്.
ഇന്ദിരഗാന്ധി: തെരഞ്ഞെടുപ്പ് പ്രചാരണത്തിന് സര്‍ക്കാര്‍ സംവിധാനങ്ങള്‍ ദുരുപയോഗം ചെയ്തെന്ന കേസില്‍ മുന്‍ പ്രധാനമന്ത്രി ഇന്ദിരഗാന്ധി കുറ്റക്കാരിയാണെന്ന് അലഹാബാദ് ഹൈക്കോടതി കണ്ടെത്തിയിരുന്നു. പിന്നീട് അവരുടെ വിജയം കോടതി അസാധുവാക്കി. ഇന്ദിരയ്ക്കും ആറ് വര്‍ഷം തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ വിലക്കേര്‍പ്പെടുത്തിയിരുന്നു.
ജാഗിര്‍ കൗര്‍: നിര്‍ബന്ധിത ഗര്‍ഭഛിദ്രത്തിനും മകളെ തട്ടിക്കൊണ്ടുപോയതിനും ശിക്ഷിക്കപ്പെട്ടതിനെ തുടര്‍ന്ന് മുന്‍ പഞ്ചാബ് മന്ത്രി ജാഗിര്‍ കൗറിന് ക്യാബിനറ്റ് സ്ഥാനവും എംഎല്‍എ സ്ഥാനവും നഷ്ടമായിരുന്നു.
ലാലു പ്രസാദ് യാദവ്: 2013 ഒക്റ്റോബറില്‍, കാലിത്തീറ്റ കുംഭകോണക്കേസിൽ ശിക്ഷിക്കപ്പെട്ട ലാലു പ്രസാഗ് യാദവിനെ ലോക്സഭയില്‍ നിന്ന് അയോഗ്യനാക്കിയിരുന്നു. 11 വര്‍ഷത്തേക്ക് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്നും ലാലു പ്രസാദ് യാദവിനെ വിലക്കിയിരുന്നു.
ജയലളിത: അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ബംഗളൂരുവിലെ പ്രത്യേക കോടതി ശിക്ഷിച്ചതിനെ തുടര്‍ന്ന് എഐഎഡിഎംകെ അധ്യക്ഷയും തമിഴ്നാട് മുന്‍ മുഖ്യമന്ത്രിയുമായ ജയലളിതയെ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്ന് വിലക്കുകയും അയോഗ്യയാക്കുകയും ചെയ്തിരുന്നു.
നരോത്തം മിശ്ര: തെരഞ്ഞെടുപ്പ് ചെലവുകളുടെ തെറ്റായ കണക്ക് നല്‍കിയതിനാണ് നരോത്തം മിശ്രയെ നിയമസഭാംഗത്വത്തില്‍ നിന്നും മൂന്ന് വര്‍ഷത്തേക്ക് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്നും വിലക്കിയത്.
അസം ഖാന്: ജനപ്രാതിനിധ്യ നിയമത്തിലെ വ്യവസ്ഥകള്‍ പ്രകാരമാണ് അടുത്തിടെ സമാജ്വാദി പാര്‍ട്ടി നേതാവ് അസം ഖാനെ ഉത്തര്‍പ്രദേശ് നിയമസഭാംഗം എന്ന നിലയില്‍ നിന്ന് അയോഗ്യനാക്കിയത്.
മുഹമ്മദ് ഫൈസല്‍: വധശ്രമക്കേസില്‍ ശിക്ഷിക്കപ്പെട്ടതിനെ തുടര്‍ന്ന് ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിനെയും കോടതി അയോഗ്യനാക്കിയിരുന്നു.