Edappally junction
ഇടപ്പള്ളി ജംഗ്ഷൻGoogle Earth Studio

ഇടപ്പള്ളിയിലെ കുരുക്കഴിക്കാന്‍ രണ്ട് അണ്ടര്‍പാസുകൾ

ഇടപ്പള്ളി ജംഗ്ഷനില്‍ നിന്ന് 700 മീറ്റര്‍ അകലെ ലുലു ആസ്ഥാനമന്ദിരത്തിന് സമീപവും ഒബറോണ്‍ മാളിന് സമീപവുമാണ് അണ്ടര്‍പാസുകള്‍ വിഭാവനം ചെയ്യുന്നത്.

ജിബി സദാശിവന്‍

കൊച്ചി: എന്‍ എച്ച് 66, എന്‍ എച്ച് 544 എന്നിവ സംഗമിക്കുന്ന എറണാകുളത്തെ പ്രധാന ജംഗ്ഷനായ ഇടപ്പള്ളിയിലെ ഗതാഗത കുരുക്കഴിക്കാന്‍ അണ്ടര്‍പാസുകള്‍ നിർമിക്കുന്നതിന് ദേശീയപാത അഥോറിറ്റി രൂപരേഖ തയാറാക്കുന്നു. നഗരത്തിലെ ഏറ്റവും ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്ന സ്ഥലമാണ് ഇടപ്പള്ളി ജംഗ്ഷന്‍. ആഴ്ചയുടെ അവസാന ദിവസങ്ങളില്‍ മണിക്കൂറുകളോളം നീളുന്ന കുരുക്ക് ഇവിടെ പതിവാണ്. വൈറ്റില- വരാപ്പുഴ റൂട്ടിലേക്ക് ഏറെ നേരം വാഹനങ്ങള്‍ കാത്തുകിടന്നാല്‍ മാത്രമേ സിഗ്നല്‍ ലഭിക്കുകയുള്ളൂ.

മേൽപ്പാലത്തിൽ അപാകത

ഇടപ്പള്ളിയില്‍ മേല്‍പ്പാലം നിര്‍മിക്കുമ്പോള്‍ തന്നെ നിര്‍മാണത്തിലെ അപാകത പലരും ചൂണ്ടിക്കാട്ടിയിരുന്നതാണ്. ഗതാഗതക്കുരുക്കിന് ഒരു പരിഹാരവും ഉണ്ടാകാത്ത തരത്തിലായിരുന്നു ഫ്ളൈ ഓവര്‍ നിര്‍മാണം. എന്‍ എച്ച് 544 ലയിരുന്നില്ല ഫ്ളൈഓവര്‍ നിര്‍മിക്കേണ്ടതെന്ന് നിര്‍മാണ ഘട്ടത്തില്‍ തന്നെ വിദഗ്ധരും പൊതുജനങ്ങളും ചൂണ്ടികാട്ടിയിരുന്നതാണ്. ലുലു മാളിലേക്കുള്ള പ്രവേശനകവാടം കൂടി കടന്ന് ടോള്‍ ജംഗ്ഷനില്‍ ഫ്ളൈഓവര്‍ ലാന്‍ഡ് ചെയ്യണമെന്ന നിര്‍ദേശവും പരിഗണിക്കപ്പെട്ടില്ല.

അണ്ടർപാസുകൾ എങ്ങനെ

ജംഗ്ഷനില്‍ നിന്ന് 700 മീറ്റര്‍ അകലെ ലുലു ആസ്ഥാനമന്ദിരത്തിന് സമീപവും ഒബറോണ്‍ മാളിന് സമീപവുമാണ് അണ്ടര്‍പാസുകള്‍ വിഭാവനം ചെയ്യുന്നത്.

ഇവ യാഥാർഥ്യമാകുന്നതോടെ ആലുവയില്‍ നിന്നുള്ള വാഹനങ്ങള്‍ക്ക് വരാപ്പുഴ ഭാഗത്തേക്ക് പോകണമെങ്കില്‍ ഇടപ്പള്ളി ജംഗ്ഷനില്‍ നിന്ന് ഇടത്തേക്ക് ഒബറോണ്‍ മാളിന് മുന്നിലെ അണ്ടര്‍പാസിലൂടെ യു ടേണ്‍ എടുത്ത് വരാപ്പുഴ ഭാഗത്തേക്ക് പോകാം. പാലാരിവട്ടം ഭാഗത്ത് നിന്ന് വന്ന് വൈറ്റില ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ ജംഗ്ഷനില്‍ നിന്ന് ഇടത്തേക്ക് തിരിഞ്ഞ് ലുലു ഗ്രൂപ്പ് ആസ്ഥാന മന്ദിരത്തിനു മുന്നിലെ അണ്ടര്‍പാസിലൂടെ യു ടേണ്‍ എടുത്ത് വൈറ്റില ഭാഗത്തേക്ക് പോകാം. വൈറ്റില ഭാഗത്ത് നിന്നെത്തുന്ന വാഹനങ്ങള്‍ മാത്രമേ വലത്തേക്ക് തിരിഞ്ഞ് ആലുവ ഭാഗത്തേക്ക് പോകാന്‍ അനുവദിക്കൂ.

രൂപരേഖ ഒരു വർഷത്തിനകം

സ്ഥലമേറ്റെടുക്കല്‍ ഒഴിവാക്കുന്നതിനായാണ് ഒന്നില്‍ കൂടുതല്‍ അണ്ടര്‍പാസുകള്‍ പരിഗണിക്കുന്നത്. അണ്ടര്‍പാസുകളുടെ രൂപരേഖയും പദ്ധതി റിപ്പോര്‍ട്ടും ഒരുവര്‍ഷത്തിനകം തയാറാക്കും. ദേശീയപാത അഥോറിറ്റി നിര്‍മിക്കുന്ന ഇടപ്പള്ളി - അരൂര്‍ എലിവേറ്റഡ് ഹൈവേ ഒബറോണ്‍ മാളിന് മുന്‍വശമുള്ള അണ്ടര്‍പാസിന് സമീപത്ത് നിന്നാകും ആരംഭിക്കുക. ഇതിന്‍റെ ഡിപിആര്‍ രണ്ടുമാസത്തിനുള്ളില്‍ തയാറാകും.

പ്രായോഗികതയിൽ സംശയം

സ്ഥിരമായി വെള്ളക്കെട്ടുണ്ടാകുന്ന സ്ഥലത്ത് ഇത് എത്രമാത്രം പ്രായോഗികമാകും എന്ന കാര്യത്തില്‍ നാട്ടുകാര്‍ സംശയം പ്രകടിപ്പിക്കുന്നുണ്ട്. മാത്രമല്ല അണ്ടര്‍പാസുകള്‍ക്ക് ആവശ്യത്തിന് വീതിയില്ലെങ്കില്‍ മള്‍ട്ടി ആക്സില്‍ ചരക്ക് വാഹനങ്ങള്‍ ഉള്‍പ്പെടെയുള്ളവ തിരിയാന്‍ ബുദ്ധിമുട്ടുണ്ടാകുമെന്നും ഇത് വീണ്ടും ഗതാഗതക്കുരുക്കിനും അപകടങ്ങള്‍ക്കും ഇടയാക്കുമെന്നും നാറ്റ്പാക്ക് മുന്നറിയിപ്പ് നല്‍കുന്നു.

Trending

No stories found.

Latest News

No stories found.