കോതമംഗലം: കീരംപാറ പഞ്ചായത്തിലെ വെളിയേൽചാൽ - ഓവുങ്കൽ റോഡ് നവീകരണത്തിന് 20 ലക്ഷം രൂപ അനുവദിച്ചതായി ആന്റണി ജോൺ എംഎൽഎ അറിയിച്ചു. നിലവിൽ 3.60 കിലോമീറ്റർ ദൈർഘ്യമുള്ള റോഡിൽ ഓവുങ്കൽ പാലത്തിന് ഇരുവശങ്ങളിലുമായി 300 മീറ്റർ ദൂരം ഇപ്പോഴും മണ്ണുവഴിയാണ്. ഈ പ്രദേശത്ത് മഴപെയ്താൽ വലിയ തോതിൽ ചെളിയും വെള്ളക്കെട്ടും രൂപപ്പെടുന്നതിനാൽ പലപ്പോഴും ഓവുങ്കൽ പാലത്തിലൂടെയുള്ള യാത്ര ജനങ്ങൾക്ക് സാധ്യമാകാറില്ല. ഇതിന് പരിഹാരമായിട്ടാണ് ഈ 300 മീറ്റർ ദൂരം 3.5 മീറ്റർ വീതിയിൽ GSB, വെറ്റ് മിക്സ് ഇട്ട് റോഡ് ഉയർത്തി ടാറിങ് നടത്തി നവീകരിക്കുന്നത്.
റോഡിന്റെ അവശേഷിക്കുന്ന പ്രദേശങ്ങളിൽ 2000 സ്ക്വയർ മീറ്റർ പാച്ച് ടാറിങ്ങും റോഡിന്റെ ഇരു വശത്തുമുള്ള കാടുകൾ ക്ലീറിങ് ജോലികൾ ഉൾപ്പെടെയുള്ള ജോലികൾക്കുമായിട്ടാണ് 20 ലക്ഷം രൂപ അനുവദിച്ചിട്ടുള്ളത്. നിർമ്മാണ പ്രവർത്തനങ്ങൾ വേഗത്തിൽ പൂർത്തീകരിക്കുമെന്നും ഏറെ ടൂറിസം സാധ്യതയുള്ള ഈ പ്രദേശത്തിന്റെ ടൂറിസം വികസനം കൂടി ഈ റോഡിന്റെ നവീകരണം പൂർത്തീകരിക്കുന്നതോടുകൂടി സാധ്യമാകുമെന്നും എം എൽ എ പറഞ്ഞു.