അമ്പലപ്പുഴ: അമ്പലപ്പുഴ സംഘത്തിന്റെ ശബരിമല തീർത്ഥാടനത്തിന്റെ രണ്ടാം ദിവസത്തെ യാത്ര തകഴി ശ്രീധർമ്മ ശാസ്താ ക്ഷേത്രത്തിൽ നിന്നും ആരംഭിച്ചു. ക്ഷേത്രത്തിലെ പ്രഭാത ശീവേലിക്കു ശേഷം ക്ഷേത്രത്തിൽ നിന്നും പ്രഭാത ഭക്ഷണം കഴിച്ച ശേഷമാണ് യാത്ര തുടങ്ങിയത്.
ആനപ്രമ്പാൽ ശ്രീ ധർമ്മ ശാസ്താ ക്ഷേത്രത്തിലെ ഉച്ച ഭക്ഷണത്തിന് ശേഷം രാത്രിയിൽ കവിയൂർ ശ്രീ മഹാദേവ ക്ഷേത്രത്തിൽ എത്തി വിരിവച്ചു. പനയന്നാർകാവ് ക്ഷേത്രം ചക്കുളത്തുകാവ് ക്ഷേത്രം മണിപ്പുഴ ക്ഷേത്രം, പൊടിയാടി അയ്യപ്പ ക്ഷേത്രം, തിരുവല്ല ശ്രീ വല്ലഭ ക്ഷേത്രം ഉൾപ്പടെ പതിനഞ്ച് ക്ഷേത്രങ്ങളിലേയും നിരവധി സംഘടന കളുടെയും സ്വീകരണങ്ങൾ ഏറ്റുവാങ്ങിയാണ് രഥയാത്ര കവിയൂർ ക്ഷേത്രത്തിൽ എത്തിയത്.
ചൊവ്വാഴ്ച രാവിലെ കവിയൂർ ക്ഷേത്രത്തിൽ നിന്നും പുറപ്പെടുന്ന രഥയാത്ര വൈകിട്ട് മണിമലക്കാവ് ദേവീക്ഷേത്രത്തിൽ എത്തും. ബുധനാഴ്ച മണിമലക്കാവിലെ ആഴി പൂജക്കു ശേഷം എരുമേലിയിലേക്ക് യാത്രയാകും.