നൈറ്റ് ലൈഫ് ഇല്ലാതാകുന്ന മെട്രൊ നഗരം

തൃക്കാക്കരയില്‍ രാത്രി നിയന്ത്രണം, തട്ടുകടകളും അടപ്പിക്കും; പ്രതിഷേധവുമായി വ്യാപാരികൾ
നഗരത്തിലെ ഒരു തട്ടുകട, പ്രതീകാത്മക ചിത്രം.
നഗരത്തിലെ ഒരു തട്ടുകട, പ്രതീകാത്മക ചിത്രം.
Updated on

കൊച്ചി: വിശാല കൊച്ചിയിലെ പ്രധാന നഗര മേഖലകളിലൊന്നായ തൃക്കാക്കരയില്‍ രാത്രി നിയന്ത്രണത്തിന് നഗരസഭ. ഹോട്ടലുകളും വ്യാപാര സ്ഥാപനങ്ങളും രാത്രി 11 മണി മുതല്‍ പുലര്‍ച്ചെ നാല് മണി വരെ അടച്ചിടണമെന്നാണ് നിർദേശം. ലഹരി മരുന്ന് വിൽപ്പന വര്‍ധിക്കുന്ന സാഹചര്യത്തിലാണ് പുതിയ നടപടിയെന്ന് അധികൃതരുടെ വിശദീകരണം.

തിരുവനന്തപുരം മാനവീയം വീഥിയിലെ നൈറ്റ് ലൈഫ് അടിപിടിയിൽ കലാശിച്ച പശ്ചാത്തലത്തിലാണ് തൃക്കാക്കരയിലും നിയന്ത്രണം വരുന്നത്. തൃക്കാക്കരയിൽ തട്ടുകടകൾ പോലും രാത്രി പ്രവർത്തിക്കേണ്ടെന്നാണ് നഗരസഭയുടെ ഉത്തരവ്. ആദ്യ ഘട്ടത്തില്‍ ആറ് മാസത്തേക്കാണ് നിയന്ത്രണം ഏർപ്പെടുത്തുന്നത്. നേരത്തെ, മറൈൻ ഡ്രൈവിൽ രാത്രികാല പ്രവേശനം നിരോധിക്കാനുള്ള നീക്കം വിവാദമായതിനെത്തുടർന്ന് കൊച്ചി കോർപ്പറേഷൻ പിൻവലിച്ചിരുന്നു.

ഇന്‍ഫോ പാര്‍ക്കും സ്മാര്‍ട്ട് സിറ്റിയും കലക്‌റ്ററേറ്റും ഉള്‍പ്പെടുന്ന കാക്കനാട് ഉൾപ്പെടുന്ന മേഖലയാണിത്. വിവിധ സ്ഥാപനങ്ങളിലായി ആയിരക്കണക്കിനാളുകൾ ഈ മേഖലയിൽ നൈറ്റ് ഡ്യൂട്ടി ചെയ്യുന്നുണ്ട്. രാത്രി കടകള്‍ ഇല്ലാതാവുന്നതോടെ നെറ്റ് ലൈഫ് മാത്രമല്ല, ഇവരുടെ ദൈനംദിന ജീവിതം തന്നെ താറുമാറാകുമെന്നാണ് ആശങ്ക.

ഒരു വിഭാഗം വ്യാപാരികള്‍ക്കും പൊതുജനത്തിനും ഇക്കാര്യത്തില്‍ എതിര്‍പ്പുണ്ട്. വരും ദിവസങ്ങളില്‍ എതിർപ്പ് ശക്തമാവാനാണ് സാധ്യത. മുനിസിപ്പാലിറ്റിയുടെ നിർദേശം അപ്രായോഗികവും പ്രതിഷേധാർഹവുമാണെന്ന് കേരള ഹോട്ടൽ ആൻഡ് റസ്റ്ററന്‍റ് അസോസിയേഷൻ എറണാകുളം സംസ്ഥാന സെക്രട്ടറി കെ.യു. നാസർ പറഞ്ഞു.

മയക്ക് മരുന്ന വിതരണം തടയുവാൻ പൊലീസിന്‍റെയും എക്സൈസിന്‍റെയും പരിശോധനകൾ ശക്തമാക്കി മയക്ക് മരുന്ന് വിതരണശൃംഖലകൾ ഇല്ലാതാക്കണം. അല്ലാതെ വ്യാപാര സ്ഥാപനങ്ങൾ അടച്ചിട്ടാൽ മയക്ക് മരുന്ന് വിതരണം ഇല്ലാതാകുമെന്ന മുനിസിപ്പാലിറ്റിയുടെ തീരുമാനം പ്രതിഷേധാർഹമാണെന്നും സംഘടനാ നേതാക്കൾ.

മുനിസിപ്പാലിറ്റിയുടെ നടപടികൾക്കെതിരേ ശക്തമായ സമരപരിപാടികളുമായി മുന്നോട്ടു പോകുമെന്നും, നീതി തേടി കോടതിയെ സമീപിക്കുമെന്നും നേതാക്കൾ പറഞ്ഞു.

Trending

No stories found.

Latest News

No stories found.