കൊച്ചി നഗരത്തിലെ റോഡ് അപകടങ്ങളിൽ 27% വർധന

എഐ ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും അപകടങ്ങൾക്ക് കുറവില്ല. നൂറ് പുതിയ ക്യാമറകൾ കൂടി സ്ഥാപിക്കാനുള്ള ഒരുക്കത്തിലാണ് മോട്ടോർ വാഹന വകുപ്പ്.
A road accident with smashed cars, representative image
A road accident with smashed cars, representative imageImage by aleksandarlittlewolf on Freepik
Updated on

ജിബി സദാശിവൻ

കൊച്ചി: കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് പുറത്തുവിട്ട കണക്ക് പ്രകാരം കൊച്ചി നഗരത്തിലെ വാഹനാപകടങ്ങളിൽ 27 ശതമാനം വർധന. പ്രതികൂല കാലാവസ്ഥയിലാണ് അപകടങ്ങൾ കൂടുതൽ നടക്കുന്നതെന്ന പൊതു വിലയിരുത്തലിന് വിരുദ്ധമാണ് കണക്കുകൾ. ഒട്ടുമിക്ക അപകടങ്ങളും നടന്നിരിക്കുന്നത് മികച്ച കാലാവസ്ഥയുള്ളപ്പോഴാണ്‌.

റിപ്പോർട്ടനുസരിച്ച് 2021ൽ 1781 അപകടങ്ങളിലായി 141 ജീവനുകൾ നഷ്ടമായി. 2022ൽ അപകടങ്ങളുടെ എണ്ണം 2432 ആയി വർധിച്ചു. 156 പേർ അപകടങ്ങളിൽ മരിച്ചു. 2104 അപകടങ്ങളാണ് നല്ല തെളിമയുള്ള കാലാവസ്ഥയിൽ സംഭവിച്ചിരിക്കുന്നത്. 128 ജീവനുകൾ നഷ്ടമാവുകയും 1577 പേർക്ക് ഗുരുതരമായി പരുക്കേൽക്കുകയും ചെയ്തു.

മഴക്കാലത്ത് 168 അപകടങ്ങളാണ് നടന്നിട്ടുള്ളത്, മരണസംഖ്യ 17. മഴക്കാലത്താണ് അപകടങ്ങൾ ഉണ്ടാകാൻ കൂടുതൽ സാധ്യതയെങ്കിലും ഈ അവസരങ്ങളിൽ വാഹന യാത്രക്കാർ കൂടുതൽ ജാഗ്രത പുലർത്തുന്നതിനാലാവാം അപകട നിരക്ക് കുറയുന്നതെന്നാണ് വിദഗ്ധർ പറയുന്നത്.

നല്ല മഴയാണെങ്കിൽ ഇരുചക്ര വാഹനയാത്രക്കാർ വാഹനം വഴിയിൽ ഒതുക്കി മഴ കുറയാൻ കാത്തു നിൽക്കും. വാഹനം ഓടിക്കുന്ന മുതിർന്ന പൗരന്മാരും വാഹനങ്ങൾ വഴിവക്കിൽ ഒതുക്കും. മഴക്കാലത്ത് അതിനാൽ തന്നെ റോഡിൽ വാഹനങ്ങളുടെ എണ്ണം കുറവായിരിക്കും.

പുലർച്ചെയുള്ള മഞ്ഞ് അപകടങ്ങളിലേക്ക് നയിച്ചേക്കാം, പ്രത്യേകിച്ച് കൊച്ചി പോലെയുള്ള നഗരങ്ങളിൽ. 2022 ൽ മാത്രം കൊച്ചിയിൽ മൂടൽ മഞ്ഞ് കാരണം 155 അപകടങ്ങൾ നടന്നിട്ടുണ്ട്. പതിനൊന്ന് പേർക്കാണ് ഇങ്ങനെ ജീവൻ നഷ്ടപ്പെട്ടത്. ബഹുഭൂരിപക്ഷം അപകടങ്ങളും നേരിട്ടിരിക്കുന്നത് ഇരുചക്ര വാഹനയാത്രക്കാരാണ്.

ഇരുചക്ര വാഹനങ്ങൾ ഉൾപ്പെട്ട അപകടങ്ങളിൽ 1254 പേർക്ക് പരുക്കേൽക്കുകയും 105 പേർ കൊല്ലപ്പെടുകയും ചെയ്തു. 33 കാൽനടയാത്രക്കാരാണ് ഇക്കാലയളവിൽ അപകടത്തിൽ പെട്ട് മരിച്ചത്. അമിത വേഗവും അശ്രദ്ധയുമാണ് ഒട്ടുമിക്ക അപകടങ്ങൾക്കും കാരണം.

അലക്ഷ്യമായ ഡ്രൈവിങ്ങാണ് നഗരത്തിലെ ഒട്ടുമിക്ക അപകടങ്ങൾക്കും കാരണം. നഗരത്തിലെ നിരത്തുകളിൽ എഐ ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും അപകടങ്ങൾക്ക് കുറവില്ല. നൂറ് പുതിയ ക്യാമറകൾ കൂടി സ്ഥാപിക്കാനുള്ള ഒരുക്കത്തിലാണ് മോട്ടോർ വാഹന വകുപ്പ്.

Trending

No stories found.

Latest News

No stories found.