കൊച്ചി: നിര്‍മാണം പൂര്‍ത്തീകരിച്ചിട്ടും ഉദ്ഘാടനം നടത്താതെ വര്‍ഷങ്ങളായി ഒഴിഞ്ഞ് കിടക്കുന്നന്ന ആലുവ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡ് പൊതുജനങ്ങള്‍ക്കായി തുറന്ന് നല്‍കും. ആലുവ എംഎല്‍എയുടെ ആസ്തി വികസന ഫണ്ടില്‍നിന്ന് രണ്ട് ഘട്ടമായി 8.64 കോടി രൂപ ചെലവിട്ടാണ് ആലുവയില്‍ പുതിയ സ്റ്റാന്‍ഡ് നിര്‍മിച്ചത്. നിര്‍മാണം പൂര്‍ത്തിയാക്കി വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും ജനങ്ങള്‍ക്ക് തുറന്ന് നല്‍കാതെ പ്രദേശം കാട് കേറി മൂടിയും സമൂഹവിരുദ്ധരുടെ കേന്ദ്രമായും മാറിയിരുന്നു.
ഫെബ്രുവരി 10ന് മന്ത്രി ഗണേഷ് കുമാര്‍ പുതിയ ബസ്സ് സ്റ്റാന്‍ഡ് പൊതുജനങ്ങള്‍ക്ക് തുറന്ന് നല്‍കും. 30,155 ചതുരശ്ര അടിയില്‍ ബസ് സ്റ്റാന്‍ഡ് നിര്‍മാണം പൂര്‍ത്തീകരിച്ചിരിക്കുന്നത്. ഇവിടെ 18 ബസ് ബേകളടക്കം 30 ബസുകള്‍ക്ക് പാര്‍ക്ക് ചെയ്യാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. സ്റ്റാന്‍ഡിന് സമീപത്തായി ഇരുചക്ര വാഹനങ്ങള്‍ക്ക് പാര്‍ക്ക് ചെയ്യാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.
രണ്ട് നിലകളിലായുള്ള കെട്ടിടത്തില്‍ താഴത്തെ നിലയില്‍ ടിക്കറ്റ് കൗണ്ടര്‍, സ്റ്റേഷന്‍ ഓഫീസ്, പോലീസ് എയ്ഡ് പോസ്റ്റ്, ആറ് സ്റ്റാളുകള്‍, 170 ഓളം വെയിറ്റിംങ് സീറ്റുകള്‍, കാന്‍റീന്‍, നാല് ടോയ്ലറ്റുകള്‍ സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കുമുള്ള വെയ്റ്റിങ് റൂമുകള്‍ തുടങ്ങി എല്ലാം സൗകര്യങ്ങളും ആലുവ ബസ് സ്റ്റാന്‍ഡില്‍ സജ്ജമാക്കിയിട്ടുണ്ട്. ഇവയ്ക്ക് പുറമെ മലിനജലം ശുദ്ധീകരിക്കാനുള്ള സ്വിവേജ് ട്രീറ്റ്മെന്‍റ് ഉള്‍പ്പെടെ സ്റ്റാന്‍ഡില്‍ ഒരുക്കിയിട്ടുണ്ട്.പദ്ധതിയില്‍ 64,500 അടിയില്‍ ടൈല്‍ വിരിക്കാനുള്ള വര്‍ക്കും നടന്ന് വരികയാണ്.
അതേസമയം, ബസ് സ്റ്റാന്‍ഡിന് സമീപമുള്ള ഡീസല്‍ പമ്പ് മാറ്റി സ്ഥാപിക്കുന്നതിനായി കെഎസ്ആര്‍ടിയുടെ തനത് ഫണ്ടില്‍നിന്ന് 92 ലക്ഷം രൂപ അനുവദിച്ച് ഭരണാനുമതി ലഭിച്ചിരുന്നു. ആലുവ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡ് തുറക്കുന്നതോടെ ഏറെക്കാലമായുള്ള ജനങ്ങളുടെ കാത്തിരിപ്പിനും അവസാനമാകും.