കുണ്ടന്നൂര്‍ - അങ്കമാലി ബൈപാസ് അനിശ്ചിതത്വത്തില്‍

റോഡ് നിര്‍മാണത്തിന് ജിഎസ്ടിയും റോയല്‍റ്റിയും ഒഴിവാക്കാമെന്ന് കഴിഞ്ഞ ജനുവരിയില്‍ സംസ്ഥാന സര്‍ക്കാര്‍ തത്വത്തില്‍ സമ്മതിച്ചിരുന്നെങ്കിലും ഇത് സംബന്ധിച്ച് ഉത്തരവിറങ്ങാത്തതാണ് പ്രതിസന്ധിയുണ്ടാക്കിയത്
നിർദിഷ്ട അങ്കമാലി - കുണ്ടന്നൂർ ബൈപാസ്
നിർദിഷ്ട അങ്കമാലി - കുണ്ടന്നൂർ ബൈപാസ്
Updated on

ജിബി സദാശിവന്‍

കൊച്ചി: ജിഎസ്ടിയും റോയല്‍റ്റിയും ഒഴിവാക്കുന്നത് സംബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ തീരുമാനം നീളുന്നതിനാല്‍ കുണ്ടന്നൂര്‍ മുതല്‍ അങ്കമാലി വരെയുള്ള എന്‍എച്ച് 544 കൊച്ചി ബൈപാസിനായുള്ള പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ അനിശ്ചിതത്വത്തിലായി. 44 കിലോമീറ്റര്‍ വരുന്ന റോഡിന്‍റെ നിര്‍മാണത്തിനായി ജിഎസ്ടിയും റോയല്‍റ്റിയും ഒഴിവാക്കാമെന്ന് കഴിഞ്ഞ ജനുവരിയില്‍ സംസ്ഥാന സര്‍ക്കാര്‍ തത്വത്തില്‍ സമ്മതിച്ചിരുന്നെങ്കിലും ഇത് സംബന്ധിച്ച് ഉത്തരവിറങ്ങാത്തതാണ് പ്രതിസന്ധിയുണ്ടാക്കിയത്. കൊച്ചി ബൈപാസിനായുള്ള പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ തുടങ്ങാന്‍ ദേശീയപാത അഥോറിറ്റിക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല. അരൂര്‍ - ഇടപ്പള്ളി ബൈപാസിലെയും ഇടപ്പള്ളി- അങ്കമാലി എന്‍എച്ചിലെയും ഗതാഗത കുരുക്കിന് പരിഹാരമായാണ് കൊച്ചി ബൈപാസ് നിര്‍ദേശിക്കപ്പെട്ടത്. സംസ്ഥാനത്തെ തന്നെ ഏറ്റവും തിരക്കേറിയ ദേശീയപാതകളാണിത്. കൊച്ചി ബൈപാസിനായി 287 ഹെക്റ്റര്‍ സ്ഥലമാണ് ഏറ്റെടുക്കേണ്ടത്. സ്ഥലമേറ്റെടുക്കലിനായി 3(എ) നോട്ടിഫിക്കേഷന്‍ ഇറക്കാന്‍ പോലും സംസ്ഥാന സര്‍ക്കാരിന്‍റെ മെല്ലെപ്പോക്ക് കാരണം ദേശീയ പാതാ അഥോറിറ്റിക്ക് കഴിഞ്ഞിട്ടില്ല. മാസങ്ങള്‍ക്ക് മുന്‍പ് തന്നെ പദ്ധതിക്കായി ഡിപിആര്‍ തയാറാക്കിയിരുന്നു. എന്നാല്‍ ജിഎസ്ടി, റോയല്‍റ്റി ഇളവുകള്‍ സംബന്ധിച്ച് സംസ്ഥാനം ഉത്തരവിറക്കാത്തതിനാല്‍ അപ്രതീക്ഷിത സാമ്പത്തിക ബാധ്യതയുണ്ടാകുമെന്ന ആശങ്കയിലാണ് എന്‍എച്ച്എഐ. 6000 കോടി രൂപയാണ് പദ്ധതിക്ക് ആകെ ചെലവ് കണക്കാക്കുന്നത്. സര്‍ക്കാര്‍ ഉത്തരവ് വൈകുന്നതോടെ ചെലവ് വീണ്ടും വര്‍ധിക്കുമെന്ന ആശങ്കയും ദേശീയ പാത അഥോറിറ്റിക്കുണ്ട്. അസംസ്കൃത വസ്തുക്കളുടെ വിലയും ഭൂമി വിലയും നാള്‍ക്കുനാള്‍ വര്‍ധിക്കുന്നതിനാല്‍ പദ്ധതിയുടെ അകെ ചെലവ് ഇനിയും വര്‍ധിക്കുമെന്നാണ് ദേശീയപാതാ അഥോറിറ്റി കണക്കാക്കുന്നത്. മുഖ്യമന്ത്രി നേരിട്ട് ധനകാര്യ വകുപ്പിനും ബന്ധപ്പെട്ട മറ്റു വകുപ്പുകള്‍ക്കും നിര്‍ദേശം നല്‍കിയിട്ടും ഉത്തരവ് വൈകുന്നതില്‍ ദേശീയ പാതാ അഥോറിറ്റിക്ക് ആശങ്കയുണ്ട്.

അനിശ്ചിതാവസ്ഥ തുടര്‍ന്നാല്‍ പദ്ധതി തന്നെ ഉപേക്ഷിക്കാനും അഥോറിറ്റി ആലോചിക്കുന്നുണ്ട്. സംസ്ഥാന സര്‍ക്കാരിന്‍റെ അലംഭാവം മൂലം കൊല്ലം - ചെങ്കോട്ട ദേശീയപാതയും അനിശ്ചിതാവസ്ഥയിലാണ്. ധനകാര്യ വകുപ്പ് അനുമതി ലഭിച്ചാലുടന്‍ ഉത്തരവ് ഇറങ്ങുമെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ നല്‍കുന്ന സൂചന. എന്നാല്‍ ഇതിനായി അനിശ്ചിതമായി കാത്തിരിക്കാന്‍ തയ്യാറാവില്ല എന്നാണ് ദേശീയപാത അഥോറിറ്റി നല്‍കുന്ന സൂചന.

Trending

No stories found.

Latest News

No stories found.