Kochi Metro to Angamaly
Kochi Metro to AngamalySymbolic image

കൊച്ചി മെട്രൊയുടെ വരവും കാത്ത് അങ്കമാലി

കാക്കനാട്ടേക്കുള്ള രണ്ടാം ഘട്ടം പൂർത്തിയായ ശേഷം മൂന്നാം ഘട്ടത്തിന് അങ്കമാലി സജീവ പരിഗണനയിൽ

ജോയി മാടശേരി

അങ്കമാലി: കൊച്ചി മെട്രൊ റെയില്‍ അങ്കമാലിയിലേക്ക് നീട്ടണമെന്ന ആവശ്യത്തിന് കൊച്ചി മെട്രൊയുടെ ആലോചനയോളം തന്നെ പഴക്കമുണ്ട്. അങ്കമാലിയിലേക്കും സര്‍വീസ് നീട്ടുന്ന കാര്യം സംസ്ഥാന സര്‍ക്കാര്‍ സജീവമായി പരിഗണിക്കുകയും ചെയ്തിരുന്നു. അതുകൊണ്ടു കൂടിയാണ് മൂന്നാം ഘട്ട വികസനത്തിലെങ്കിലും കൊച്ചി മെട്രൊ റെയില്‍ നെടുമ്പാശേരി വിമാനത്താവളം വഴി അങ്കമാലി വരെ നീട്ടണമെന്ന ആവശ്യം ശക്തമാകുന്നത്.

തിരക്കേറിയ റൂട്ട്

ദക്ഷിണ റെയില്‍വേ ഏറ്റവും കൂടുതൽ സീസണ്‍ ടിക്കറ്റ് സ്റ്റേഷനുകളിലൊന്നാണ് അങ്കമാലി. ദിനം തോറും അങ്കമാലിയില്‍ നിന്ന് ആയിരക്കണക്കിന് ആളുകളാണ് എറണാകുളം, ആലുവ എന്നീ സ്ഥലങ്ങളിലേക്ക് പോകാന്‍ അങ്കമാലി റെയിൽവേ സ്റ്റേഷനെ ആശ്രയിക്കുന്നത്. അങ്കമാലി, മഞ്ഞപ്ര, കാലടി, മൂക്കന്നൂര്‍, കറുകുറ്റി തുടങ്ങിയ പ്രദേശങ്ങളില്‍ നിന്നും പതിനായിരത്തിലധികം ആളുകള്‍ എറണാകുളം നഗരത്തില്‍ ദിവസേന ജോലിക്ക് പോയി വരുന്നുണ്ട്. സാധാരണ യാത്രക്കാരന്‍ ആലുവ, എറണാകുളം തുടങ്ങിയ ചെറിയ ദൂരങ്ങളിലേക്ക് ട്രെയിന്‍ കയറാന്‍ റെയില്‍വേ സ്റ്റേഷനിലേക്ക് പോകാന്‍ മടിക്കുന്നവരാണ്. പൊതുയാത്രാസൗകര്യത്തിലെ അപര്യാപ്തതകൊണ്ടു മാത്രമാണ് ഇപ്പോള്‍ പലരും ട്രെയിനിനെ ആശ്രയിക്കുന്നത്.

കൊച്ചി മെട്രൊ സര്‍വീസുകള്‍ പ്രധാനമായും ലക്ഷ്യമിടുന്നത് ഓഫീസ് യാത്രക്കാരെയും, വിദ്യാർഥികളെയും സ്വകാര്യ വാഹനങ്ങളില്‍ ദിനം തോറും യാത്ര ചെയ്യുന്നവരെയുമാണ്. മോട്രൊ തുടങ്ങിയ സമയത്തേതില്‍നിന്നും വ്യത്യസ്തമായി വിദ്യാർഥികളള്‍ക്കും ദിനം തോറും യാത്ര ചെയ്യുന്നവര്‍ക്കും നിരവധി പാക്കേജുകള്‍ ഉള്ളതിനാല്‍ മെട്രൊയില്‍ നിറയെ യാത്രക്കാരുണ്ടാകും എന്നത് തര്‍ക്കമറ്റ വിഷയമാണ്.

സിയാലിനും സമ്മതം

കൊച്ചി മെട്രൊ വിമാനത്താവളം വരെ നീട്ടുന്നതിനുള്ള സാധ്യതകള്‍ ആരായുന്നതിനായി കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡും കൊച്ചിന്‍ ഇന്‍റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡും ചര്‍ച്ചകള്‍ നടത്തിയിട്ടുണ്ട്, കൊച്ചിന്‍ എയര്‍പോര്‍ട്ടിലെ ടി3 ഇന്‍റര്‍നാഷണല്‍ ടെര്‍മിനലിനു സമീപം മെട്രോ സ്റ്റേഷനു വേണ്ടി സിയാല്‍ സ്ഥലം നീക്കിവച്ചിട്ടുണ്ടെന്നും അത്താണി ജങ്ഷനില്‍ നിന്ന് വിമാനത്താവളത്തിലേക്കുള്ള റോഡും മെട്രൊ സ്റ്റേഷനായി രൂപകല്പന ചെയ്ത് മെട്രോ തൂണുകള്‍ക്ക് മതിയായ ഇടം നല്‍കിയിട്ടുണ്ടെന്നും ഔദ്യോഗിക വൃത്തങ്ങള്‍ നേരത്തേ അറിയിച്ചിട്ടുമുണ്ട്.

ആലോചിക്കാവുന്നത് രണ്ട് അലൈൻമെന്‍റുകൾ

ആലുവ മുതല്‍ അങ്കമാലി വരെയുള്ള കൊച്ചി മെട്രൊയുടെ മൂന്നാം ഘട്ടം എയര്‍പോര്‍ട്ട് കണക്റ്റിവിറ്റി ഉള്‍പ്പെടെ ഏകദേശം 20 കിലോമീറ്ററാണ് പ്രതീക്ഷിക്കുന്നത്. മെട്രൊ റെയില്‍ നയത്തിന് കീഴിലുള്ള അപ്രൈസല്‍ ചട്ടക്കൂടിന് അനുസൃതമായി, ആലുവ മുതല്‍ അങ്കമാലി വരെയുള്ള ഭാഗങ്ങളില്‍ എയര്‍പോര്‍ട്ട് ലിങ്ക് ഉള്‍പ്പെടെ നിരവധി പ്രവര്‍ത്തനങ്ങള്‍ കൊച്ചി മെട്രൊ റെയിലിന് ഏറ്റെടുക്കേണ്ടി വരും.

രണ്ട് അലൈന്‍മെന്‍റുകള്‍ മെട്രോയുടെ പരിഗണനയിലുണ്ട്. ആദ്യത്തേത് അത്താണി ജംഗ്ഷനില്‍ നിന്ന് മെയിൻ ലൈൻ അങ്കമാലിയിലേക്കും, അവിടെനിന്ന് ഒരു ലിങ്ക് എയര്‍പോര്‍ട്ടിലേക്ക‌ും. രണ്ടാമത്തെ അലൈന്‍മെന്‍റ് അത്താണിയില്‍ നിന്ന് എയര്‍പോര്‍ട്ട് വഴി അങ്കമാലിയിലേക്കുള്ളതാണ്.

Trending

No stories found.

Latest News

No stories found.