ക്യാമറ നിരീക്ഷണം അത്ര പോരാ

കൊച്ചി നഗരത്തിലെ പല സ്ഥലങ്ങളിലും സ്ഥാപിച്ചിരിക്കുന്ന ഹൈടെക് ക്യാമറകൾ പകർത്തുന്ന ദൃശ്യങ്ങൾ വ്യക്തതയില്ലാത്തതെന്ന് പൊലീസ് റിപ്പോർട്ട് നൽകി
Surveillance camera
Surveillance cameraRepresentative image
Updated on

ജിബി സദാശിവന്‍

കൊച്ചി: കൊച്ചിന്‍ സ്മാര്‍ട്ട് മിഷന്‍ ലിമിറ്റഡ് ഹൈ പ്രൊഫൈല്‍ സര്‍വെയ്‌ലന്‍സ് പദ്ധതിയുടെ ഭാഗമായി നഗരത്തിലെ വിവിധയിടങ്ങളില്‍ സ്ഥാപിച്ച ഹൈ ടെക് ക്യാമറകള്‍ ഉപയോഗിക്കാന്‍ കഴിയാത്തതെന്ന് റിപ്പോര്‍ട്ട്. ഇതില്‍ പകര്‍ത്തുന്ന ദൃശ്യങ്ങള്‍ വ്യക്തതയില്ലാത്തതാണെന്ന് പൊലീസ് റിപ്പോര്‍ട്ട് നല്‍കി. പദ്ധതി നടപ്പാക്കുന്നതിന് മുന്നോടിയായി സിറ്റി പൊലീസ് നടത്തിയ റാന്‍ഡം പരിശോധനയിലാണ് വിവിധയിടങ്ങളില്‍ സ്ഥാപിച്ച 311 ക്യാമറകളില്‍ ദൃശ്യങ്ങള്‍ക്ക് വ്യക്തതയില്ലെന്നും രാത്രികാല ദൃശ്യങ്ങള്‍ പകര്‍ത്താനാവില്ലെന്നും കണ്ടെത്തിയത്. 141 കേന്ദ്രങ്ങളിലാണ് ക്യാമറകള്‍ സ്ഥാപിച്ചിരിക്കുന്നത്. 34 കേന്ദ്രങ്ങളില്‍ എമര്‍ജന്‍സി കാള്‍ ബോക്സുകളും (ഇ സി ബി) 13 കേന്ദ്രങ്ങളില്‍ പബ്ലിക് അഡ്രസ് സംവിധാനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

നൈറ്റ് വിഷന്‍ ലഭ്യമല്ലാത്തതിനാല്‍ ഇപ്പോള്‍ സ്ഥാപിച്ചിരിയ്ക്കുന്ന ക്യാമറകള്‍ കൊണ്ട് പ്രയോജനമില്ലെന്ന് പൊലീസ് ചൂണ്ടിക്കാട്ടുന്നു. രാത്രികാലങ്ങളില്‍ നടക്കുന്ന കുറ്റകൃത്യങ്ങള്‍ കണ്ടെത്തുന്നതിനും കുറ്റവാളികളെ പിടികൂടുന്നതിനും ക്യാഇപ്പോള്‍ സ്ഥാപിച്ചിരിക്കുന്ന ക്യാമറകള്‍ പ്രയോജനം ചെയ്യില്ല. മൂന്ന് വര്‍ഷം മുന്‍ ആരംഭിച്ച പദ്ധതിയുടെ ലക്ഷ്യം സംയോജിത കമാന്‍ഡ്, കണ്‍ട്രോള്‍, കമ്മ്യൂണിക്കേഷന്‍ സെന്‍റര്‍ എന്ന ഐ സി 4 സംവിധാനത്തിലൂടെ നിയമ പാലനം, നഗര കാര്യം, ആരോഗ്യവും ശുചിത്വവും എന്നിവ ഉറപ്പാക്കുക എന്നതായിരുന്നു.

കുറ്റകൃത്യം ചെയ്ത ശേഷം വാഹനങ്ങളില്‍ രക്ഷപ്പെടുന്നവരെ രജിസ്ട്രേഷന്‍ നമ്പര്‍ കണ്ടെത്തി പിടികൂടാന്‍ സഹായകരമാകുന്നില്ലെങ്കില്‍ സി സി ടി വി ക്യാമറകള്‍ കൊണ്ട് ഉദ്ദേശിച്ച പ്രയോജനം ലഭിക്കില്ലെന്നും സിറ്റി പൊലീസ് ചൂണ്ടിക്കാണിക്കുന്നു. വാഹനത്തിന്‍റെ നിറമോ നമ്പറോ ലഭ്യമായില്ലെങ്കില്‍ ഓയൂരില്‍ നടന്നത് പോലെയുള്ള തട്ടിക്കൊണ്ടു പോകല്‍ സംഭവങ്ങളില്‍ ക്യാമറ യാതൊരു പ്രയോജനവും ചെയ്യില്ല. ഐ സി 4 സര്‍വെയ്ലന്‍സ് സംവിധാനത്തിന്‍റെ പ്രധാന പോരായ്മയായി ഇത് ചൂണ്ടിക്കാട്ടപ്പെടുന്നു.

2020 ജൂണിലാണ് ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയം മെട്രോ സ്റ്റേഷനിലെ പതിനായിരം ചതുരശ്ര അടി സ്ഥലത്ത് ഐ സി 4 സംവിധാനം സ്ഥാപിച്ചത്. വിവിധ വകുപ്പകളില്‍ നിന്നുള്ള ഡാറ്റകള്‍ ഇവിടെ ശേഖരിക്കാനാണ് ലക്ഷ്യമിട്ടിരുന്നത്. പദ്ധതിയനുസരിച്ച് ആദ്യഘട്ടത്തില്‍ കൊച്ചി നഗരസഭാ, പൊലീസ്, ഫയര്‍ ഫോഴ്സ്, വൈദ്യുതി ബോര്‍ഡ്, സേവന വിഭാഗങ്ങള്‍ എന്നിവയുടെ ഡാറ്റകള്‍ ഇവിടെ ശേഖരിക്കാനായിരുന്നു ലക്ഷ്യമിട്ടിരുന്നത്. പിന്നീട് മറ്റ് ഏജന്‍സികളെയും വകുപ്പുകളെയും ഇതിനു കീഴില്‍ കൊണ്ടുവരാനായിരുന്നു പദ്ധതി. ഇന്‍ററാക്റ്റിവ് മാപ്പിന്‍റെ സഹായത്തോടെ പൊലീസ്, ട്രാഫിക്, റോഡ്, പൊതുജനാരോഗ്യം എന്നിവര്‍ക്ക് വ്യക്തമായ പ്ലാനുകള്‍ തയാറാക്കുക എന്നതായിരുന്നു പദ്ധതി ലക്ഷ്യമിട്ടിരുന്നത്. വിവിധ സര്‍ക്കാര്‍ സേവനങ്ങള്‍ കാര്യക്ഷമമായി ജനങ്ങളിലേക്ക് എത്തിക്കുക എന്നതായിരുന്നു ലക്ഷ്യം. എന്നാല്‍ ഐ സി 4 എന്ന സംവിധാനം തന്നെ പരാജയപ്പെടുകയായിരുന്നു.

എന്നാല്‍ പദ്ധതി തയാറാക്കിയപ്പോഴുണ്ടായിരുന്ന മാനദണ്ഡങ്ങള്‍ പ്രകാരമാണ് സി സി ടി വി ക്യാമറകള്‍ സ്ഥാപിച്ചതെന്ന് സി എസ് എം എല്‍ അധികൃതര്‍ പറയുന്നു. പൊലീസ് ഇതുവരെ ഇത്തരമൊരു പരാതി സി എസ് എം എല്ലിന് മുന്നില്‍ ഉന്നയിച്ചിട്ടില്ലെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു. ക്യാമറകള്‍ സ്ഥാപിച്ചിട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞുവെന്നും എന്നാല്‍ ഇപ്പോഴാണ് പൊലീസ് ഇത് മോണിറ്റര്‍ ചെയ്യാന്‍ തുടങ്ങിയതെന്നും സി എസ് എം എല്‍ പറയുന്നു.

Trending

No stories found.

Latest News

No stories found.