ചാലക്കുടി: കാടുകുറ്റി പഞ്ചായത്തില്‍ കുടുംബശ്രീയുടെ പേരില്‍ ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയ സിഡിഎസ് വൈസ് ചെയര്‍പേഴ്‌സണെ സസ്പെൻഡ് ചെയ്തു. കാടുകുറ്റി പഞ്ചായത്തിലെ നാലാം വാര്‍ഡില്‍ പ്രവര്‍ത്തിക്കുന്ന മരിയ കുടുംബശ്രീയിലാണ് തട്ടിപ്പ് നടന്നത്. കുടുംബശ്രീ ജില്ല മിഷന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് ക്രമക്കേടുകള്‍ കണ്ടെത്തിയിരിക്കുന്നത്.
പഞ്ചായത്തിലെ സിഡിഎസ് വൈസ് ചെയര്‍പേഴ്‌സനായ ലിറ്റി വില്‍സനെയാണ് അന്വേഷണ വിധേയമായി 6 മാസത്തേക്ക് സസ്പെൻഡ് ചെയ്തിരിക്കുന്നത്. മരിയ കുടുംബശ്രീയില്‍ മാത്രം ലക്ഷങ്ങളുടെ തട്ടിപ്പാണ് നടത്തിയിരിക്കുന്നതെന്നാണ് മറ്റ് അംഗങ്ങള്‍ പറയുന്നത്. 12 അംഗങ്ങള്‍ ഉള്ള കുടുംബശ്രീയിൽ ആഴ്ചയില്‍ നല്‍കുന്ന നിക്ഷേപ തുകയില്‍ നിന്ന് ഏകദേശം ഒന്നര ലക്ഷവും, ലിങ്കേജ് ലോണ്‍ ആറര ലക്ഷവും അതിന്‍റെ പലിശ വേറെയും വരുമ്പോള്‍ എട്ട് ലക്ഷത്തിലധികം രൂപയും, ജെഎല്‍ജി ലോണ്‍ എട്ട് ലക്ഷത്തി എണ്‍പതിനായിരവും കൂടാതെ സർവീസ് സഹരണ ബാങ്കില്‍ നിന്ന് മൂറ്റത്തെ മുല്ല പദ്ധതി പ്രകാരം ലോണ്‍ എടുത്തിരിക്കുന്ന 20 ലക്ഷം രൂപ ബാങ്കില്‍ കുടിശിഖയാണെന്നും അംഗങ്ങള്‍ പറഞ്ഞു.
ഇതിന് പുറമെ മറ്റ് മൈക്രോ ഫിനാന്‍സ് സ്ഥാനപങ്ങളില്‍ നിന്ന് ഇവര്‍ അംഗങ്ങളുടെ പേരില്‍ ലോണുകള്‍ എടുത്തിട്ടുണ്ടെന്നും അംഗങ്ങള്‍ ആരോപിക്കുന്നു. വര്‍ഷങ്ങളായി ഇവര്‍ തന്നെയാണ് കുടുംബശ്രീയുടെ സാമ്പത്തിക കാര്യങ്ങള്‍ നോക്കുന്നത്. ഇതാണ് ഇത്തരത്തില്‍ സാമ്പത്തിക തട്ടിപ്പുകള്‍ നടത്തുവാന്‍ ഇടയാക്കിയതെന്നും പറയപ്പെടുന്നു.
സാധാരണക്കാരുടെ ലക്ഷങ്ങള്‍ തട്ടിയെടുത്ത സിഡിഎസ് വൈസ് ചെയര്‍പേഴ്‌സണെ ആറ് മാസത്തേക്ക് മാത്രമാണ് സസ്പെൻഡ് ചെയ്തിരിക്കുന്നതും ഇത് ഇവര്‍ക്ക് പാര്‍ട്ടിയിലുള്ള സ്വാധീനമാണ് കാരണമെന്ന് കുടുംബശ്രീ അംഗങ്ങള്‍ ആരോപിക്കുന്നു. കാടുകുറ്റി പഞ്ചായത്തിലെ കുടുംബശ്രീയുടെ മുഴുവന്‍ സാമ്പത്തിക ഇടപാടുകളെക്കുറിച്ചും വിജിലന്‍സ് അന്വേഷണം വേണമെന്ന ആവശ്യവും ശക്തമായിരിക്കുകയാണ്. സിഡിഎസ് ചെയര്‍പേഴ്‌സനും, അംഗവും സെക്രട്ടറിയും നടത്തിയ അന്വേഷണത്തില്‍ ക്രമക്കേട് കണ്ടെത്തിയത്തിനെ തുടര്‍ന്നാണ് ജില്ല കുടുംബശ്രീ മിഷന് നല്‍കി റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് ഇപ്പോള്‍ ക്രമക്കേടുകള്‍ കണ്ടെത്തിയിരിക്കുന്നത്.
കുടുംബശ്രീയുടെ മുഴുവന്‍ കാര്യങ്ങളും മേല്‍ നോട്ടം വഹിക്കേണ്ട സിഡിഎസ് ചെയര്‍പേഴ്‌സണും മറ്റും വേണ്ട രീതിയില്‍ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താതിരുന്നതാണ് ഇത്ര വലിയ സാമ്പത്തിക തട്ടിപ്പ് നടത്തുവാന്‍ ഇവര്‍ക്ക് അവസരം ഒരുക്കിയതെന്നും ആരോപണമുണ്ട്. സിഡിഎസ് വൈസ് ചെയര്‍പേഴ്‌സണെ കുുടംബശ്രീയില്‍ നിന്ന് പുറത്താക്കണമെന്നും തട്ടിപ്പ് നടത്തിയ മുഴുവന്‍ തുകയും തിരിച്ച് പിടിക്കണമെന്നും പഞ്ചായത്തിലെ പ്രതിപക്ഷമായ കോൺഗ്രസിന്‍റെ നേതാക്കൾ ജില്ലാ മിഷനോട് ആവശ്യപ്പെട്ടു.
തട്ടിപ്പുമായി ബന്ധപ്പെട്ട് ഉന്നത അധികാരികള്‍ക്ക് പരാതിയുമായി മുന്നോട് പോകുവാനുള്ള തയ്യാറെടുപ്പിലാണ് കുടുംബശ്രീ അംഗങ്ങള്‍. മരിയ കുടുംബശ്രീയുടെ സെക്രട്ടറി കൂടിയായ ലിറ്റി വില്‍സന്‍റെ എല്ലാ പ്രവര്‍ത്തനങ്ങളിലും കുടുംബശ്രീ മിഷന്‍ നടത്തിയ അന്വേഷണത്തില്‍ വീഴ്ച കണ്ടെത്തിയിയിട്ടുണ്ട്. കുടുംബശ്രീയില്‍ നടന്നിട്ടുള്ള മുഴുവന്‍ ലോണുകളെ സംബന്ധിച്ച രേഖകളൂം ജില്ല മിഷനെ ഏല്‍പ്പിക്കാന്‍ സിഡിഎസിനു നിർദേശവും നല്‍കിയിട്ടുണ്ട്.