'പടലപ്പിണക്കം, അവിശ്വാസം'; ഒടുവിൽ രാജി സമർപ്പിച്ച് ചാലക്കുടി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ്

ഭരണ പക്ഷത്തിലെ ഭിന്നതയെ തുടർന്ന് കഴിഞ്ഞ 18ന് യു ഡി എഫിലെ തന്നെ അഞ്ച് അംഗങ്ങൾ വൈസ് പ്രസിഡന്‍റ് ലീന ഡേവിസിനെതിരെ അവിശ്വാസപ്രമേയം അവതരിപ്പിച്ചിരുന്നു.
leena davis
ലീന ഡേവിസ്
Updated on

ചാലക്കുടി: വിവാദങ്ങൾക്കൊടുവിൽ ചാലക്കുടി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ലീന ഡേവിസ് രാജിവെച്ചു. ഡി സി സി യുടെ ആവശ്യത്തെ തുടർന്ന് രാജിക്കത്ത് ബ്ലോക്ക് സെക്രട്ടറിക്ക് കൈമാറി. ഭരണ പക്ഷത്തിലെ ഭിന്നതയെ തുടർന്ന് കഴിഞ്ഞ 18ന് യു ഡി എഫിലെ തന്നെ അഞ്ച് അംഗങ്ങൾ വൈസ് പ്രസിഡന്‍റ് ലീന ഡേവിസിനെതിരെ അവിശ്വാസപ്രമേയം അവതരിപ്പിച്ചിരുന്നു. എന്നാൽ ഭൂരിപക്ഷമില്ലാതിരുന്ന കാരണം പ്രമേയം ചര്‍ച്ചക്കെടുത്തില്ല. ഇതിനെ തുടർന്ന് അവിശ്വാസം പരാജയപ്പെട്ടിരുന്നു. ഇതിനു പിന്നാലെ വൈസ് പ്രസിഡന്‍റ് പദവിയിൽ നിന്ന് ലീന ഡേവീസ് അഞ്ച് ദിവസത്തിനുള്ളിൽ രാജിവെക്കണമെന്നും, അവിശ്വാസ പ്രമേയത്തിന് കത്ത് നൽകിയ അഞ്ച് അംഗങ്ങൾ യോഗത്തിൽ പങ്കെടുക്കരുതെന്നും ഡിസിസി നിർദ്ദേശം നൽകിയിരുന്നു.

13 അംഗ ഭരണ സമിതിയില്‍ യുഡിഎഫ് 8 എല്‍ഡിഎഫ് 5 എന്നിങ്ങനെയാണ് അംഗസംഖ്യ. ഭരണപക്ഷത്തെ എട്ട് പേരും യോഗത്തില്‍ പങ്കെടുക്കാത്തതിനാൽ അവിശ്വാസം പരാജയപ്പെട്ടെങ്കിലും ലീന ഡേവിസ് ഡിസിസി തീരുമാനം അംഗീകരിച്ച് രാജിവെക്കാതിരുന്നത് വിവാദമായി മാറിയിരുന്നു. യുഡിഎഫ്അംഗങ്ങള്‍ക്ക് ജില്ല പ്രസിഡന്‍റ് വി.കെ. ശ്രീകണ്ഠന്‍ വിപ്പും നല്‍കിയിരിരുന്നു. യുഡിഎഫിലെ സി.വി. ആന്‍റണി, പി.പി. പോളി, അഡ്വ.ലിജോ ജോണ്‍, ഷാന്‍റി ജോസഫ്, വനജ ദിവാകരന്‍ എന്നിവരാണ് അവിശ്വാസ പ്രമേയത്തില്‍ ഒപ്പിട്ടത്. വനജ ദിവാകരനെ വൈസ് പ്രസിഡന്‍റ് ആക്കണമെന്ന ആവശ്യം ലീന ഡേവിസ് നിരസിച്ചതാണ് അവിശ്വാസ പ്രമേയം കൊണ്ടു വരുവാന്‍ കാരണമായത്. എന്നാല്‍ ബ്ലോക്ക് ഭരണ സമിതിയിലെ പ്രശ്‌നങ്ങള്‍ കൃത്യമായി ഡിസിസിയെ മാസങ്ങള്‍ക്ക് മുന്‍പ് അറിയിച്ചിട്ടും ശക്തമായ നടപടിയെടുക്കുവാനോ, വിളിച്ച് പ്രശ്‌നം ചര്‍ച്ച ചെയ്യുവാനോ തയ്യാറാവാതിരുന്നതാണ് അവിശ്വാസ പ്രമേയവുമായി അഞ്ച് അംഗങ്ങള്‍ രംഗത്ത് വരുവാന്‍ കാരണമായത്.

ഭരണപക്ഷത്തു നിന്നുള്ളവർ തന്നെ വൈസ് പ്രസിഡന്‍റിനെതിരെ അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നല്‍കിയത് കോണ്‍ഗ്രസിന് വലിയ തിരിച്ചടിയായി മാറിയിരുന്നു. ഡി സി സി തീരുമാന പ്രകാരം രാജി വെക്കാതെ നവംബർ ഒന്നിന്ന് രാജി വക്കാനായിരുന്നു ലീനയുടെ നീക്കം. ഇത് അംഗീകരിക്കുവാൻ ഡിസിസി തയ്യാറാവാതെ വന്നതോടെയാണ് ലീനയ്ക്ക് രാജി സമർപ്പിക്കേണ്ടി വന്നത്.

Trending

No stories found.

Latest News

No stories found.