ചാവക്കാടെ ഫ്ലോട്ടിങ് ബ്രിഡ്ജ് തകർന്നതല്ല, അഴിച്ചുവച്ചതെന്ന് വിശദീകരണം

ഉ‍യർന്ന തിരമാലകളുണ്ടാകുമെന്ന മുന്നറിയിപ്പ് കണക്കിലെടുത്ത് സുരക്ഷാ കാരണങ്ങളാലാണ് അഴിച്ചു വച്ചത്. പ്രവർത്തനം ഉടൻ പുനരാരംഭിക്കും.
ചാവക്കാട്ടെ ഫ്ളോട്ടിങ് ബ്രിഡ്ജിന്‍റെ ഭാഗം.
ചാവക്കാട്ടെ ഫ്ളോട്ടിങ് ബ്രിഡ്ജിന്‍റെ ഭാഗം.
Updated on

ചാവക്കാട്: ബീച്ചിലെ ഫ്ലോട്ടിങ് ബ്രിഡ്ജ് രണ്ടായി പിളർന്നു എന്ന തരത്തിലുള്ള വാർത്തകൾ വസ്തുതകൾക്ക് നിരക്കുന്നതല്ലെന്ന് എൻ.കെ. അക്ബർ എംഎൽഎ. ബീച്ചിൽ മാസങ്ങൾക്ക് മുമ്പ് പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്ത് പ്രവർത്തിച്ച് വന്നിരുന്ന ഫ്ലോട്ടിങ് ബ്രിഡ്ജ് തകർന്നുവെന്നത് വ്യാജ വാർത്തയാണ്.

സമുദ്രസ്ഥിതി പഠന ഗവേഷണ കേന്ദ്രത്തിൽ നിന്നു ലഭിച്ച ജാഗ്രതാ നിർദേശപ്രകാരം ഉയർന്ന തിരമാലകൾ ഉള്ളതിനാൽ ഫ്ലോട്ടിങ് ബ്രിഡ്ജ് അഴിച്ചുമാറ്റി വെച്ചതാണെന്ന് എംഎൽഎ അറിയിച്ചു. ബീച്ചിൽ വന്ന സഞ്ചാരികൾക്ക് ഈ സമയം ഫ്ലോട്ടിങ് ബ്രിഡ്ജിൽ പ്രവേശനമില്ലെന്ന് അറിയിച്ചിരുന്നു. ഓരോ ഭാഗങ്ങളായാണ് ഫ്ലോട്ടിങ് ബ്രിഡ്ജ് അഴിച്ചുമാറ്റുക.

ഫ്ലോട്ടിങ് ബ്രിഡ്ജ് സെന്‍റർ പിന്നുകളാൽ ബന്ധിച്ചാണ് കടലിൽ ഇട്ടിട്ടുള്ളത്. തിരമാല കൂടിയ സമയത്ത് ഇത്തരം സെന്‍റർ പിന്നുകൾ അഴിച്ചു ഫ്ലോട്ടിങ് ബ്രിഡ്ജ് വ്യത്യസ്ത ഭാഗങ്ങളായി കരയിലേക്ക് കയറ്റിവെക്കാനും സാധിക്കും.

നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വാട്ടർ സ്‌പോർട് എന്ന സ്ഥാപനത്തിൽ നിന്നു ട്രെയിനിങ് ലഭിച്ച 11 സ്റ്റാഫുകളുടെ പൂർണമായ നിയന്ത്രണത്തിലാണ് ഫ്ലോട്ടിങ് ബ്രിഡ്ജ് പ്രവർത്തിക്കുന്നത്. ദേശീയ സമുദ്ര സ്ഥിതിപഠന ഗവേഷണ കേന്ദ്രത്തിന്‍റെ ജാഗ്രതാ നിർദേശം പിൻവലിക്കുന്ന മുറയ്ക്ക് ഫ്ലോട്ടിങ് ബ്രിഡ്ജ് പ്രവർത്തനം പുനരാരംഭിക്കുമെന്ന് എംഎൽഎ കൂട്ടിച്ചേർത്തു.

Trending

No stories found.

Latest News

No stories found.