തീരദേശ ഹൈവേ: പശ്ചിമ കൊച്ചിയിൽ പഠനം

ചെല്ലാനം, കുമ്പളങ്ങി, പള്ളുരുത്തി, രാമേശ്വരം, ഫോർട്ട്‌ കൊച്ചി, പുതുവൈപ്പ്, എളങ്കുന്നപ്പുഴ, ഞാറയ്ക്കൽ, നായരമ്പലം, എടവനക്കാട്, കുഴിപ്പിള്ളി, പള്ളിപ്പുറം വില്ലെജുകളിലായി 58 ഹെക്റ്റർ സ്ഥലം ഏറ്റെടുക്കും.
തീരദേശ ഹൈവേ
തീരദേശ ഹൈവേപ്രതീകാത്മക ചിത്രം.
Updated on

ജിബി സദാശിവൻ

കൊച്ചി: തീരദേശ ഹൈവേ നിർമാണവുമായി ബന്ധപ്പെട്ട് എറണാകുളം ജില്ലയിലെ നിർമാണ പ്രവൃത്തികൾ ആരംഭിക്കുന്നതിനു മുന്നോടിയായി പശ്ചിമ കൊച്ചി പ്രദേശത്ത് സാമൂഹികാഘാത പഠനത്തിന് സർക്കാർ അനുമതി നൽകി. 58.40 ഹെക്റ്ററാണ് ഹൈവേ നിർമാണത്തിനായി പശ്ചിമകൊച്ചി ഭാഗത്ത് ഏറ്റെടുക്കേണ്ടിവരിക. ചെല്ലാനം, കുമ്പളങ്ങി, പള്ളുരുത്തി, രാമേശ്വരം, ഫോർട്ട്‌ കൊച്ചി, പുതുവൈപ്പ്, എളങ്കുന്നപ്പുഴ, ഞാറയ്ക്കൽ, നായരമ്പലം, എടവനക്കാട്, കുഴിപ്പിള്ളി, പള്ളിപ്പുറം വില്ലെജുകളിലാണ് ഭൂമി ഏറ്റെടുക്കേണ്ടി വരിക.

ദേശീയപാതാ മാനദണ്ഡമനുസരിച്ച് 14 മീറ്റർ വീതിയിലാകും തീരദേശ ഹൈവേ നിർമിക്കുക. കേരള റോഡ് ഫണ്ട് ബോർഡിനാണ് നിർമാണച്ചുമതല. കിഫ്‌ബി ഫണ്ട് ഉപയോഗിച്ചായിരിക്കും നിർമാണം. ജില്ലയിൽ ചെല്ലാനം സൗത്ത് മുതൽ ഫോർട്ട് കൊച്ചി വരെയും കാളമുക്ക് മുതൽ മുനമ്പം വരെയുമുള്ള സ്ട്രെച്ചിലെ പ്രാഥമിക ഔട്ട് ലൈൻ തയാറായിക്കഴിഞ്ഞു. ഫോർട്ട്‌ കൊച്ചി മുതൽ വൈപ്പിൻ വരെയുള്ള പാതയുടെ അലൈൻമെന്‍റ് സംബന്ധിച്ച് ചർച്ചകൾ തുടരുകയാണ്.

റവന്യൂ വകുപ്പ് നോട്ടിഫിക്കേഷൻ അനുസരിച്ച് സെന്‍റർ ഫോർ സോഷ്യൽ ഇക്കണോമിക്സ് ആൻഡ് എൻവയോൺമെന്‍റൽ സ്റ്റഡീസ് ആണ് 12 വില്ലെജുകളിലെ പഠനം നടത്തുക. പഠനം പൂർത്തിയായാലുടൻ സ്‌ഥലമേറ്റെടുക്കൽ നടപടി തുടങ്ങാനാണ് റവന്യു വകുപ്പ് തീരുമാനം.

നിർദിഷ്ട ബ്രൗൺഫീൽഡ് ഹൈവേ വൈപ്പീൻ - മുനമ്പം ഹൈവേയുടെ പടിഞ്ഞാറുഭാഗത്ത് കൂടിയാണ് കടന്നുപോകുന്നത്. തീരദേശ ഹൈവേ പദ്ധതിയുടെ ഭാഗമായി പാണ്ടിക്കുടി - ചെല്ലാനം റോഡും വൈപ്പിൻ - പള്ളിപ്പുറം സമാന്തര പാതയും വീതി കൂട്ടി വികസിപ്പിക്കും.

624 കിലോമീറ്റർ തീരദേശ ഹൈവേ തിരുവനന്തപുരം പൊഴിയൂർ മുതൽ കാസർഗോഡ് കുഞ്ഞാത്തുർ വരെയാണ് നിർമിക്കുന്നത്. ഇതിൽ 468 കിലോമീറ്ററും നിർമിക്കുന്നത് റോഡ് ഫണ്ട് ബോർഡാണ്. ബാക്കി ഭാഗം ദേശീയപാതാ അഥോറിറ്റിയുടെ ഭാരത് മാലാ പദ്ധതിയുടെ ഭാഗമായി നിർമിക്കും. 6,500 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്.

Trending

No stories found.

Latest News

No stories found.