കോതമംഗലം: കുട്ടമ്പുഴ പഞ്ചായത്തിലെ ഒന്നാം വാർഡ് വടാട്ടുപാറയിൽ ഇലവുംചാലിൽ മക്കാരുടെ പുരയിടത്തിൽ പുല്ലു തിന്ന് മേയാൻ വിട്ടിരുന്ന പശുവിനെ വന്യമൃഗ ആക്രമണത്തിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. വടാട്ടുപാറ, മീരാൻസിറ്റിക്കു സമീപമാണ് സംഭവം. മേയാൻ വിട്ടിരുന്ന മാടവന ബഷീറിന്റെ രണ്ടു പശുക്കളിൽ ഒന്നിനെയാണ് ചത്ത നിലയിൽ കണ്ടെത്തിയത്.
പശുവിന്റെ വാലിനോട് ചേർന്നുള്ള ഭാഗം കടിച്ചുപറിച്ച നിലയിലാണ് കണ്ടെത്തിയിട്ടുള്ളത്. പുലിയാണെന്നാണ് വനം വകുപ്പിന്റെ പ്രാഥമിക നിഗമനം. മേൽ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും നഷ്ടപരിഹാരം നൽകാനുള്ള നടപടി കൈക്കൊള്ളുമെന്നും വനപാലകർ അറിയിച്ചു. പ്രദേശവാസികൾ ഭീതിയിലാണ്. നിരന്തരം കാട്ടാന ഭീഷണി നേരിടുന്ന മേഖലയാണ് വാടാട്ടുപാറ.