കോതമംഗലം: വേട്ടാംപാറയിൽ പന്നിയെ കുടുക്കാൻ ചക്കപ്പഴത്തിൽ വച്ച പടക്കം കടിച്ച് പശുവിന്‍റെ വായ് തകർന്നു. സ്വകാര്യവ്യക്തിയുടെ കൃഷിയിടത്തിൽ മേയാൻ വിട്ട പശുവിനാണ് ചക്കപ്പഴത്തിൽ വെച്ച പടക്കം കടിച്ച് മാരകമായി പരിക്കേറ്റത്. പൊട്ടിത്തെറിയിൽ പശുവിന്‍റെ വായും താടിയെല്ലും അടക്കം ചിന്നിച്ചിതറി. വേട്ടാംപാറ നമ്പ്യാലി ഉണ്ണിയുടെ പശുവിനാണ് പരുക്കേറ്റത്.
പശുവിനെ കാണാതെ വന്നപ്പോൾ നടത്തിയ അന്വേഷണത്തിനൊടുവിലാണ് പശു വായ് ഭാഗം തകർന്ന് രക്തംവാർന്ന് നിൽക്കുന്നതു കണ്ടത്. എഴുന്നേറ്റു നിൽക്കുന്ന പശുവിന്റെ വായ തകർന്നത് കാരണം തീറ്റയെടുക്കാനും വെള്ളം കുടിക്കാനുമാവില്ല.
പിണ്ടിമന മൃഗാശുപത്രി വെറ്ററിനറി ഡോക്ടർ പരിശോധിച്ചിരുന്നു. രക്ഷപ്പെടാനുള്ള സാധ്യതയില്ലെന്നാണ് ഡോക്റ്റർ ഉടമയെ അറിയിച്ചത്. ഉണ്ണി പോലീസിൽ പരാതി നൽകിയിട്ടുണ്ട്.