കൊച്ചി സിറ്റി സർവീസിന് ഇ-ബസ്; ലോ ഫ്ലോറിന്‍റെ ഗതിയാകുമോയെന്ന് ആശങ്ക

കൊച്ചിക്ക് കേന്ദ്ര സർക്കാർ അനുവദി ലോ ഫ്ളോർ ബസുകൾ കെഎസ്ആർടിസിക്ക് കൈമാറുകയും, സിറ്റി സർവീസിനുള്ള ബസുകൾ ദീർഘദൂര സർവീസിന് ഉപയോഗിച്ച് കട്ടപ്പുറത്താകുകയും ചെയ്തിരുന്നു
KSRTC E Bus
KSRTC E Busfile photo
Updated on

ജിബി സദാശിവൻ

കൊച്ചി: കേന്ദ്ര സർക്കാർ അനുവദിക്കുന്ന ഇ-ബസുകൾ ഉടൻ കൊച്ചിയുടെ നിരത്തുകളിൽ സർവീസ് ആരംഭിക്കും. ഇ-ബസ് സർവീസിനായി സ്‌പെഷ്യൽ പർപ്പസ് വെഹിക്കിൾ (എസ് പി വി) രൂപീകരിക്കുന്നതിനായി കൊച്ചി നഗരസഭ ഉടൻ സംസ്ഥാന സർക്കാരിനെ സമീപിക്കും. ബസ് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് മേയർ എം. അനിൽകുമാർ കേന്ദ്ര ഭവന, നഗരകാര്യ മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി.

കെഎംആർഎൽ, കെഎസ്ഐഎൻസി തുടങ്ങി വിവിധ ഏജൻസികളുടെ സഹകരണത്തോടെയാകും എസ് പി വി രൂപീകരിക്കുക. സിയാൽ മാതൃകയിൽ പിപിപി മോഡലും ആലോചിക്കുന്നുണ്ട്. ഫോർട്ട് കൊച്ചി - വൈപ്പിൻ റൂട്ടിലെ റോ റോ സർവീസിനായും എസ് പി വി രൂപീകരിക്കാൻ നഗരസഭയ്ക്ക് ആലോചനയുണ്ട്.

എസ് പി വി രൂപീകരിച്ചാലും ഇത്തരം സർവീസുകൾ നടത്താൻ ആവശ്യമായ വൈദഗ്ധ്യമില്ലാത്തതാണ് നഗരസഭയെ കുഴയ്ക്കുന്നത്. ജീവനക്കാർക്ക് അടിക്കടി സ്ഥലംമാറ്റം ഉണ്ടാകുന്നതിനാൽ പരിശീലനം നൽകി ഇതിനായി മാത്രം സേവനം വിനിയോഗിക്കാനും കഴിയില്ല. മറ്റ് ഏജൻസികളിൽ നിന്നുള്ള വിദഗ്ധരെ കൂടി ഉൾപ്പെടുത്തി എസ് പി വി രൂപീകരിക്കാനാണ് നഗരസഭ ഉദ്ദേശിക്കുന്നത്. എന്നാൽ എസ് പി വി രൂപീകരിക്കുന്നതിന് മുൻപ് കൃത്യമായ പഠനം നടത്തണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിട്ടുണ്ട്. എസ് പി വിക്കായി ആക്ഷൻ പ്ലാൻ തയാറാക്കണമെന്നും ഇവർ ആവശ്യപ്പെടുന്നു. സർവീസ് ആരംഭിക്കുന്നതിന് മുന്നൊരുക്കം നടത്തുകയും ജീവനക്കാർക്ക് ആവശ്യമായ പരിശീലനം നൽകുകയും വേണം. പഠനം നടത്തിയ ശേഷമേ റൂട്ടുകൾ തീരുമാനിക്കാവൂ.

അതേസമയം, ഇ - ബസ് സർവീസ് ആരംഭിക്കുന്നത് എത്ര നാളത്തേക്കാണെന്ന ചോദ്യവും ഉയരുന്നുണ്ട്. ഡൽഹിയിൽ മേയർ നടത്തിയ ചർച്ചയിലും മന്ത്രാലയത്തിലെ ഉദ്യോഗസ്ഥർ ഇത് സംബന്ധിച്ച ആശങ്ക പങ്ക് വച്ചതായാണ് അറിയുന്നത്. 2009 ൽ 200 എ.സി, നോൺ എ.സി ലോ ഫ്ലോർ ബസുകളാണ്‌ കേന്ദ്ര സർക്കാർ കൊച്ചിക്ക് നൽകിയത്. എന്നാൽ എസ് പി വി രൂപീകരിക്കുന്നതിൽ നഗരസഭ പരാജയപ്പെട്ടതോടെ അവയെല്ലാം കെ എസ് ആർ ടി സിക്ക് കൈമാറുകയായിരുന്നു. കെ യു ആർ ടി സി രൂപീകരിച്ച് ലോ ഫ്ലോർ സർവീസ് ആരംഭിച്ചെങ്കിലും പിന്നീട് അവയെല്ലാം നിരത്തിൽ നിന്ന് അപ്രത്യക്ഷമായി.

നഗര സർവീസിനായി മാത്രം രൂപകൽപന ചെയ്ത ലോ ഫ്ലോർ ബസുകൾ ദീർഘദൂര യാത്രക്കായി കെ എസ് ആർ ടി സി ഉപയോഗിച്ച് തുടങ്ങി. ഇതോടെ ഇവയോരോന്നായി കട്ടപ്പുറത്ത് കയറി. ഒരു കോടി രൂപ വീതം വില വരുന്ന ബസുകൾ ഇപ്പോൾ തേവരയിലെ കെ എസ് ആർ ടി സി ഗ്യാരേജിൽ കട്ടപ്പുറത്താണ്. ഇ - ബസുകളുടെ കാര്യത്തിലും അത് തന്നെ സംഭവിക്കുമോയെന്ന് കാത്തിരുന്ന് കാണേണ്ടി വരും.

Trending

No stories found.

Latest News

No stories found.