കോതമംഗലം: മാമലക്കണ്ടത്ത് കാട്ടാനയും കുഞ്ഞും കിണറ്റിൽ വീണു. മാമലക്കണ്ടം അഞ്ചുകുടി കമ്മ്യൂണിറ്റി ഹാളിന് സമീപം താമസിക്കുന്ന പൊന്നമ്മ മത്തായിയുടെ കിണറ്റിലാണ് വ്യാഴാഴ്ച പുലർച്ചെയോടെ അമ്മയാനയും കുട്ടിയാനയും വീണത്. കിണറ്റിൽ വീണ ആനയെയും കുട്ടിയെയും വനപാലക സംഘമെത്തി ജെസിബി ഉപയോഗിച്ച് രക്ഷപെടുത്തി.
രക്ഷാപ്രവർത്തനത്തിനിടെ വനംവകുപ്പ് ഉദ്യോഗസ്ഥനായ വി. ആർ സജീവിനെ ആന ആക്രമിച്ചു. ചെറിയ പരിക്കുകളോടെയാണ് ഉദ്യോഗസ്ഥൻ രക്ഷപെട്ടത്. ജെസിബി ഉപയോഗിച്ച് വശം ഇടിച്ചാണ് കാട്ടാനയെയും കുഞ്ഞിനെയും സുരക്ഷിതമായി പുറത്തെത്തിച്ച് കാട്ടിലേക്ക് കടത്തിവിട്ടത്.
ആന ശല്യം മൂലം പൊറുതിമുട്ടുന്ന പ്രദേശമാണ് മാമലക്കണ്ടം, ഇളമ്പ്ലശ്ശേരി, അഞ്ചുകുടി മേഖലകൾ. ആദിവാസികൾ ഉൾപ്പെടെയുള്ള കർഷകരുടെ നിരവധി കാർഷിക വിളകളാണ് കാട്ടനകൾ ദിനംപ്രതി ചവിട്ടി നശിപ്പിക്കുന്നത്.