മാമലക്കണ്ടത്ത് കടുവയുടെ സാന്നിധ്യം; അഞ്ചുപേർ രക്ഷപ്പെട്ടത് തലനാരിഴക്ക്

പാറയോടു ചേർന്ന് നിന്ന ഈറ്റവെട്ടാനായി നിർമല മുകൾഭാഗത്തേക്ക് കയറിച്ചെല്ലുന്നതിനിടെ മര ച്ചുവട്ടിൽ കിടക്കുകയായിരുന്ന കടുവ ഇവർക്കു നേരെ പാഞ്ഞടുക്കുകയായിരുന്നു
Tiger - Representative image
Tiger - Representative image
Updated on

കോതമംഗലം: മലയോര മേഖല വീണ്ടും ഭീതിയിൽ. കാട്ടാന ഭീതിയിൽ വിറങ്ങലിച്ചു നിൽക്കുന്ന മാമലക്കണ്ടത്ത് ഇപ്പോൾ കടുവയുടെ സാന്നിധ്യവും. കഴിഞ്ഞ ദിവസം ഈറ്റവെട്ടാൻ പോയ അഞ്ച് പേർ കടുവയുടെ ആക്രമണത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. പാഞ്ഞടുത്ത കടുവയുടെ മുന്നിൽനിന്ന് ഓടി രക്ഷപ്പെടുന്നതിനിടെ മൂന്നു പേർക്കു പരിക്കേറ്റു. കാര്യാട് ഭാഗത്ത് സ്വകാര്യ വ്യക്തിയുടെ കൈവശ ഭൂമിയിൽ രാവിലെ ആയിരുന്നു സംഭവം.

മാമലക്കണ്ടം കണ്ടച്ചാൽ സജി, ഭാര്യ സോഫി, താമാകുന്നേൽ സണ്ണി, ഭാര്യ സോണി, പ്ലാത്തോട്ടത്തിൽ നിർമല എന്നിവരാണ് ഈറ്റ ശേഖരിക്കാൻ പോയത്. നിർമല, സണ്ണി, സോണി എന്നിവർക്കാണു പരിക്കേറ്റത്.

പാറയോടു ചേർന്ന് നിന്ന ഈറ്റവെട്ടാനായി നിർമല മുകൾഭാഗത്തേക്ക് കയറിച്ചെല്ലുന്നതിനിടെ മര ച്ചുവട്ടിൽ കിടക്കുകയായിരുന്ന കടുവ ഇവർക്കു നേരെ പാഞ്ഞടുക്കുകയായിരുന്നു. വെട്ടിയ ഈറ്റയും പണി ആയുധങ്ങളും ഉപേക്ഷിച്ച് ഓടുന്നതിനിടെ വീണ് നിർമലയുടെ നടുവിനും,സണ്ണിയുടെ കാലിനും പരിക്കേറ്റു. സോണി ബോധരഹിതയായി വീണു.

വിവരമറിയിച്ചതിനെത്തുടർന്ന് കുട്ടമ്പുഴ ഫോറസ്റ്റ് സ്റ്റേഷനിൽ നിന്നു വനപാലകരെത്തി കടുവ കിടന്നിരുന്ന സ്ഥലവും പരിസരവും പരിശോധിച്ച് കടുവയുടെ സാന്നിധ്യം സ്ഥിരീകരിച്ചതായി നാട്ടു കാർ പറഞ്ഞു. മാമലക്കണ്ടത്ത് പല ഭാഗങ്ങളിലും ജനവാസ മേഖലയിൽ മുമ്പും കടുവയുടെ സാന്നിധ്യം അനുഭവപ്പെട്ടിട്ടുള്ളതായി നാട്ടുകാർ പറഞ്ഞു.

അടിയന്തരമായി പ്രദേശത്ത് നിരീക്ഷണ കാമറകൾ സ്ഥാപിക്കണമെന്നും കൂട് സ്ഥാപിച്ച് കടുവയെ പിടികൂടാൻ നടപടി സ്വീകരിക്കണമെന്നും ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം ഉറ പ്പാക്കണമെന്നും മാമലക്കണ്ടം സെന്റ് ജോർജ് ഇടവക വികാരി ഫാ. മാത്യു മുണ്ടയ്ക്കൽ പറഞ്ഞു .

Trending

No stories found.

Latest News

No stories found.