മട്ടാഞ്ചേരി: കെഎംആർഎല്ലിന്‍റെ മട്ടാഞ്ചേരി വാട്ടർ മെട്രൊ ടെർമിനൽ നിർമാണം വ്യത്യസ്തയിലേക്ക്. യാത്രക്കാർക്ക് ബോട്ടിൽ കയറാൻ കരയിൽ നിന്ന് പ്ലാറ്റ്ഫോമിലേയ്ക്ക് ബങ്കി ജെട്ടി (ഫ്ളോട്ടിങ്) നിർമാണം വ്യത്യസ്തതയാകും. കൊച്ചിയിലെ 32 ഓളം വാട്ടർ മെട്രോ ജെട്ടികളിൽ ഇത് ആകർഷണീയമായിരിക്കുമെന്നാണ് വിലയിരുത്തൽ.
മട്ടാഞ്ചേരി കൊട്ടാരവുമായുള്ള കേന്ദ്ര പുരാവസ്തു നിയമത്തിന്‍റെ പ്രതിസന്ധികളെ മറികടക്കാനും വിനോദ സഞ്ചാരികളെയും നാട്ടുകാരെയും ആകർഷിക്കുന്ന രീതിയിലുമാണ് മട്ടാഞ്ചേരി ടെർമിനൽ രൂപകൽപ്പന. കരയിൽ നിന്നുള്ള നിർമാണങ്ങളൊഴിവാക്കിയും വേലിയേറ്റ ഇറക്കങ്ങളിൽ ബോട്ടുയാത്രക്കാർക്ക് തടസങ്ങൾ ഒഴിവാക്കാനുമാണ് ഫ്ളോട്ടിങ്ങ് ജെട്ടി മാതൃകയിലുള്ള ബങ്കി നിർമിക്കുക.
കായലിൽ അടിഞ്ഞുകൂടുന്ന എക്കൽ (ചെളി) പല ഘട്ടങ്ങളിലും ജലയാനങ്ങളുടെ പ്രവർത്തനങ്ങൾക്ക് തടസമാകാറുണ്ട്. അതു മറികടക്കാൻ ഫ്ളോട്ടിങ് ജെട്ടിക്കു സാധിക്കും.
മെട്രൊ ടെർമിനൽ രൂപ കൽപ്പനയിലും പ്രാദേശിക വാസ്തുശിൽപ്പ ശൈലിയാണ് ഉപയോഗിക്കുന്നത്. അടുത്ത വർഷത്തെ ഓണ സമ്മാനമായി മട്ടാഞ്ചേരി വാട്ടർ മെട്രൊ ടെർമിനൽ പ്രവർത്തന സജ്ജമാകുമെന്നാണ് കെഎംആർഎൽ അധികൃതർ പറയുന്നത്. 2019ൽ നിർമാണത്തിന്‍റെ പ്രാരംഭ ഘട്ടത്തിൽ തന്നെ സ്തംഭനാവസ്ഥയിലായ ജെട്ടി ടെർമിനൽ നിർമാണം മൂന്നാമത് ഘട്ടത്തിലാണ് ടെൻഡർ ഉറപ്പിക്കാനായത്. ജെട്ടിക്കായി ഏറ്റെടുത്ത ഒന്നര ഏക്കർ സ്ഥലത്ത് ടെർമിനൽ നിർമാണ പ്രവർത്തനത്തിന് തുടക്കമിട്ടു. അനധികൃത കൈയേറ്റങ്ങൾ ഒഴിവാക്കിയാണ് നിർമാണം.
കൊച്ചിയിലെ ക്രസന്‍റ് കോൺട്രാക്റ്റേഴ്സ് പ്രൈവറ്റ് ലിമിറ്റഡാണ് കരാർ ഏറ്റെടുത്തിരിക്കുന്നത്. 24 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്.