മട്ടാഞ്ചേരി: ഫോർട്ട് കൊച്ചി അമരാവതി ഡിവിഷനിൽ സ്ഥിതി ചെയ്യുന്ന താമരക്കുളം കുട്ടികളുടെ പാർക്കിന് എന്ന് ശാപമോക്ഷമാകുമെന്ന ചോദ്യത്തിന് ഉത്തരമാകുന്നു. പാർക്ക് ആധുനിക രീതിയിൽ നവീകരിച്ച് കുട്ടികൾക്കും മുതിർന്നവർക്കും ഒരു പോലെ പ്രയോജനപ്പെടുന്ന രീതിയിൽ മാറ്റുകയാണ്.
മരങ്ങൾ മുഴുവൻ നിലനിർത്തി ബാക്കി ഭാഗങ്ങളൊക്കെ ആധുനിക രീതിയിൽ നവീകരിക്കുന്നതിനുള്ള പദ്ധതിയാണ് ഡിവിഷൻ കൗൺസിലറും നഗരസഭ സ്റ്റാന്‍റിങ് കമ്മിറ്റി ചെയർപേഴ്സനുമായ പ്രിയ പ്രശാന്തിന്‍റെ നേതൃത്വത്തിൽ തയാറാക്കിയിട്ടുള്ളത്.
മനോഹരമായ ഇരിപ്പിടങ്ങളും കുട്ടികൾക്കായുള്ള കളിക്കോപ്പുകളും ഉൾപ്പെടെയാണ് പാർക്കിൽ സജ്ജീകരിക്കുന്നത്. സിഎസ്എംഎല്ലിന്‍റെ നേതൃത്വത്തിലാണ് പ്രവൃത്തികൾ നടക്കുന്നത്. ഇതിന്‍റെ നിർമാണ ജോലികൾ ആരംഭിച്ചു. വളരെ വേഗത്തിൽ നിർമാണ ജോലികൾ പൂർത്തീകരിച്ച് പൊതുജനങ്ങൾക്ക് തുറന്ന് നൽകാനുള്ള നീക്കമാണ് ഇപ്പോൾ നടക്കുന്നത്.
കഴിഞ്ഞ കൗൺസിൽ കാലത്താണ് അറ്റകുറ്റപ്പണികൾക്കായി പാർക്കിനു താഴിട്ടത്. പാർക്കിന്‍റെ നവീകരണം ആരംഭിക്കാത്തതിൽ വലിയ പ്രതിഷേധമാണുണ്ടായത്. പാർക്കിനുള്ളിൽ കാടുപിടിച്ച് കിടക്കുന്ന സ്ഥിതിയിലായിരുന്നു. പാർക്കിനകത്തെ ഏഴുവിളക്ക് തൂണുകളിൽ ബൾബുകൾ ശരിയാക്കിയെങ്കിലും രാത്രികാലങ്ങളിൽ അത് കത്തിക്കാറില്ലായിരുന്നു.
പാർക്കിൽ സാമൂഹ്യ ദ്രോഹികളുടെ ശല്യവും വർധിച്ചു. ഫോർട്ട് കൊച്ചിയുടെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന താമരക്കുളം പാർക്കാണ് ഇത്തരത്തിൽ ആർക്കും ഉപകാരമില്ലാതെ കിടന്നത്. പാർക്ക് നവീകരണം തുടങ്ങിയതോടെ ഓണാവധിക്കാലത്തെങ്കിലും കളിച്ചുല്ലസിക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് കുട്ടികൾ.