ശുചീകരണത്തിന്‍റെ പേരിൽ വിദ്യാർഥിനികളെക്കൊണ്ട് കെഎസ്ആർടിസി ബസ് കഴുകിച്ചു

പറവൂർ ഗവ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ എൻഎസ്എസ് വളണ്ടിയർമാരായ വിദ്യാർഥിനികളാണ് സ്കൂൾ പ്രിൻസിപ്പലിന്‍റെയും പിടിഎ പ്രസിഡന്‍റിന്‍റെയും സാന്നിധ്യത്തിൽ ബസ് കഴുകിയത്
ഗവ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ എൻഎസ്എസ് വളണ്ടിയർമാർ പറവൂർ കെഎസ്ആർടിസി ഡിപ്പോയിൽ ബസ് കഴുകി വൃത്തിയാക്കുന്നു.
ഗവ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ എൻഎസ്എസ് വളണ്ടിയർമാർ പറവൂർ കെഎസ്ആർടിസി ഡിപ്പോയിൽ ബസ് കഴുകി വൃത്തിയാക്കുന്നു.
Updated on

പറവൂർ: പറവൂർ ഗവ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ എൻഎസ്എസ് വളണ്ടിയർമാരായ വിദ്യാർഥിനികളെക്കൊണ്ട് കെഎസ്ആർടിസി ബസുകൾ കഴുകിച്ചു. ശുചീകരണ പ്രവൃത്തി എന്ന പേരിലാണ്, ക്ലീനിങ്ങിനു പ്രത്യേകം ജീവനക്കാരുള്ളപ്പോഴാണ് കെഎസ്ആർടിസിയിൽ തന്നെ കുട്ടികളെക്കൊണ്ട് ഈ പണിയെടുപ്പിച്ചത്.

നഗരസഭാ കൗൺസിലർ ഇ.ജി. ശശി ഉദ്ഘാടനം ചെയ്ത പരിപാടിക്ക് എൻഎസ്എസ് പ്രോഗ്രാം ഓഫീസർ പി.കെ. ദീപ, എ.വി. ഷാജി എന്നിവരാണ് നേതൃത്വം നൽകിയത്. പറവൂർ കെഎസ്ആർടിസി ഡിപ്പോയിലെത്തിയ വളണ്ടിയർമാർ ബസിലെ അഴുക്കെല്ലാം തുടച്ചു മാറ്റിയ ശേഷം കഴുകി വൃത്തിയാക്കുകയായിരുന്നു.

മാതൃകാപരമായ പ്രവർത്തനങ്ങളാണ് വളണ്ടിയർമാർ നടത്തിയെന്നാണ് ഡിപ്പോ ജീവനക്കാർ പറയുന്നത്. കെഎസ്ആർടിസി ജീവനക്കാർ ചെയ്യേണ്ട ജോലി കുട്ടികളെക്കൊണ്ടു ചെയ്യിക്കുന്നതിന് പിടിഎ പ്രസിഡന്‍റ് കെ.എ. സാദത്ത്, പ്രിൻസിപ്പൽ ഡി. ബിന്ദു, സ്റ്റേഷൻ മാസ്റ്റർ ജോയ് ആന്‍റണി, ഡിപ്പോ എഞ്ചിനീയർ ടി.ടി. കുഞ്ഞുമോൻ എന്നിവരും അഭിമാനപുരസരം സാക്ഷ്യം വഹിച്ചു.

കഴിഞ്ഞ ജൂലൈ 20ന് കെഎസ്ആർടിസി ബസിനുള്ളിൽ ഛർദിച്ച പെൺകുട്ടിയെയും സഹോദരിയെയും തടഞ്ഞുവച്ച് ബസ് കഴുകിച്ച സംഭവവും റിപ്പോർട്ട് ചെയ്തിരുന്നു. ആശുപത്രിയിൽ പോയി തിരിച്ചുവരികയായിരുന്ന സഹോദരിമാർക്കാണ് വെള്ളറട കെഎസ്ആർടിസി ഡിപ്പോയിലെ ജീവനക്കാരിൽ നിന്ന് അന്നു മോശം അനുഭവമുണ്ടായത്.

നെയ്യാറ്റിന്‍കര ഡിപ്പോയിലെ ആർഎന്‍സി 105-ാം നമ്പർ ചെമ്പൂർ വെള്ളറട ബസിലാണ് പെൺകുട്ടിയും സഹോദരിയും യാത്ര ചെയ്തിരുന്നത്. ഡ്രൈവറുടെ സീറ്റിനു പിന്നിലാണ് ഇരുവരും ഇരുന്നത്. യാത്രയ്ക്കിടെ പെൺകുട്ടി ഛർദിക്കുകയായിരുന്നു.

സംഭവം അറിഞ്ഞതു മുതൽ തങ്ങളോട് ഡ്രൈവർ കർത്തു സംസാരിച്ചെന്നു പെൺകുട്ടികൾ പറഞ്ഞു. ഇരുവരും ഇറങ്ങാറായെന്നു മനസിലാക്കിയപ്പോൾ ഡ്രൈവർ പെൺകുട്ടികളോട് ''വണ്ടി കഴുകിയിട്ട് പോയാൽ മതി'' എന്നു പറയുകയായിരുന്നു.

തുടർന്ന് മൂത്ത സഹോദരി വെഹിക്കിൾസ് സൂപ്രണ്ടിന്‍റെ അടുത്തെത്തി ബക്കറ്റ് ആവശ്യപ്പെട്ട് സമീപത്തെ വാഷ്ബെയ്സിനിൽ നിന്നും കപ്പിൽ വെള്ളം നിറച്ച് ബസിലെത്തി ഇരുവരും ചേർന്ന് കഴുകി വൃത്തിയാക്കി. തുടർന്നാണ് ഇവരെ പോകാന്‍ അനുവദിച്ചത്. കെഎസ്ആർടിസി ജോലി ചെയ്യുന്ന മറ്റൊരു ഡ്രൈവറുടെ മക്കളാണ് ഇരുവരും. ബസ് വൃത്തിയാക്കാന്‍ ഡിആർഎൽ സ്റ്റാഫ് ഉള്ളപ്പോഴാണ് ജീവനക്കാരുടെ ഈ ക്രൂരത.

Trending

No stories found.

Latest News

No stories found.