കോതമംഗലം: വോട്ട് ചെയ്യാൻ അതിഥി തൊഴിലാളികൾ കൂട്ടത്തോടെ നാട്ടിലേക്ക് പോയതോടെ കൊച്ചി - ധനുഷ്കോടി ദേശീയപാതയിലെ നിർമാണ പ്രവർത്തനങ്ങൾക്ക് തടസം നേരിടുന്നു. മേയ് ഒന്നിനാണ് ഇവർ വോട്ട് ചെയ്യുന്നതിനായി കൂട്ടത്തോടെ സ്വന്തം സംസ്ഥാനങ്ങളിലേക്കു മടങ്ങിയത്. തെരഞ്ഞെടുപ്പ് ഫലം വന്നതിനു ശേഷമേ മിക്കവരും തിരിച്ചെത്തൂ.
ജൂൺ നാലിനാണ് വോട്ടെണ്ണൽ. ജൂൺ ആദ്യ വാരം കേരളത്തിൽ കാലവർഷവും തുടങ്ങും. ഇതോടെ നിർമാണ പ്രവർത്തനങ്ങൾ മാസങ്ങളോളം മന്ദഗതിയിലാകുന്ന അവസ്ഥയിലാണ്. കൊച്ചി കുണ്ടന്നൂർ മുതൽ മൂന്നാർ വരെ 1250 കോടി രൂപ ചെലവഴിച്ചാണ് നിർമാണ പ്രവർത്തനങ്ങൾ നടത്തിവരുന്നത്. കോതമംഗലം മുതൽ നേര്യമംഗലം വരെ ഇരുവശവും ഓടകൾ തീർത്തും റോഡിന് വീതി കൂട്ടിയും നിർമാണ ജോലികൾ ചെയ്തിരുന്നു.
വില്ലാംചിറ മുതൽ നേര്യമംഗലം വരെയുള്ള രണ്ട് കിലോമീറ്റർ റോഡിന്‍റെ ഫില്ലിംങ് സൈഡ് കോൺക്രീറ്റ് പകുതിയാക്കി ഇട്ടിരിക്കുകയാണ്. നേര്യമംഗലത്തെ പുതിയ ആർച്ച് പാലത്തിന്‍റെ ജോലിയും നിലച്ച മട്ടാണ്.
പാലത്തിന്‍റെ ഒരു കാലിന്‍റെ പണി 60 ശതമാനവും മറ്റ് രണ്ട് കാലിന്‍റെ ഫൗണ്ടേഷനും പൂർത്തീകരിച്ചിട്ടുണ്ട്. കാലവർഷത്തിൽ പെരിയാറ്റിൽ ജലനിരപ്പ് ഉയർന്നാലും പ്രവർത്തനങ്ങളെ ബാധിക്കും.