ചാലക്കുടി: ചാലക്കുടി നഗരസഭാ പരിധിയിൽ മാലിന്യം നിക്ഷേപിക്കുന്നവർക്കെതിരേ കർശന നടപടി വരുന്നു. കുറഞ്ഞ പിഴ 2000 രൂപ ചുമത്താൻ കൗൺസിൽ തീരുമാനം. പൊതുനിരത്തുകളിലും ജലാശയങ്ങളിലും മാലിന്യം നിക്ഷേപിക്കുകയും ഒഴുക്കുകയും ചെയ്യുന്നവർക്കെതിരേ കർശന നടപടികൾ സ്വീകരിക്കും.
ഇത്തരം പ്രവർത്തികൾ ചെയ്യുന്നവർക്കെതിരേ ആദ്യ ഘട്ടത്തിൽ കുറഞ്ഞ പിഴ 2000 രൂപയും ആവർത്തിച്ചാൽ 50,000 രൂപ വരെ ചുമത്താനും ആവശ്യമെങ്കിൽ പ്രോസിക്യൂഷൻ നടപടികൾ സ്വീകരിക്കാനും കൗൺസിൽ തീരുമാനിച്ചു. പൊതു നിരത്തിൽ മാലിന്യ നിക്ഷേപം തടയുന്നതിന്‍റെ ഭാഗമായി നഗരസഭ വിവിധ ഇടങ്ങളിൽ 49 ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ട്.
ഇതിനകം മാലിന്യം നിക്ഷേപിച്ച 54 പേരെ കണ്ടെത്തി. 44 പേർക്കെതിരേ നടപടി സ്വീകരിക്കുകയും പിഴ അടപ്പിക്കുകയും ചെയ്തു. 4 പേർക്കെതിരേ പ്രോസിക്യൂഷൻ നടപടികളും സ്വീകരിച്ചു. ഈ വർഷം 12 സ്ഥലങ്ങളിൽ കൂടി ക്യാമറകൾ സ്ഥാപിക്കും. കടകളുടേയും മറ്റ് വാണിജ്യ സ്ഥാപനങ്ങളുടേയും പരിസരം വൃത്തിയായി സൂക്ഷിക്കാതിരുന്നാലും നടപടിയും പിഴയും ഉണ്ടാകും.