ഉരുൾപൊട്ടൽ ഭീഷണിയിൽ ഇടുക്കിയും

ഇടുക്കി, കല്ലാര്‍കുട്ടി, ഇരട്ടയാര്‍, മുല്ലപ്പെരിയാര്‍ ഡാമുകളിലെ ജലനിരപ്പ് വിലയിരുത്തി. ജില്ലാതല ഉദ്യോഗസ്ഥർ ആസ്ഥാനം വിട്ടുപോകരുത്. ദുർബലമായ പ്രദേശങ്ങളിൽ കൂടുതൽ ശ്രദ്ധവേണം.
Idukki reels under landslide scare
ഉരുൾപൊട്ടൽ ഭീഷണിയിൽ ഇടുക്കിയുംRepresentative image
Updated on

ഇടുക്കി: ജില്ലയില്‍ കഴിഞ്ഞ മൂന്നു ദിവസമായി കനത്ത മഴ തുടരുന്നതിനാൽ അടിയന്തര സാഹചര്യങ്ങൾ നേരിടുന്നതിന് എല്ലാ സജ്ജീകരങ്ങളും ഒരുക്കാൻ വിവിധ വകുപ്പുകൾക്ക് മന്ത്രിതല നിർദേശം. താലൂക്ക് തലത്തില്‍ ചുമതലയുള്ള ഡെപ്യൂട്ടി കലക്ടര്‍മാര്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കണം. കനത്ത മഴയെത്തുടര്‍ന്നുണ്ടായ തടസങ്ങള്‍ മാറ്റുന്നതിനാവശ്യമായ ക്രമീകരണങ്ങള്‍ ഏർപ്പെടുത്തുന്നതിന് അഗ്നിശമനസേന, പൊലീസ്, തദ്ദേശസ്വയംഭരണ വകുപ്പ്, പൊതുമരാമത്ത് വകുപ്പ് എന്നിവർക്കും നിർദേശം നൽകി.

മണ്ണിടിച്ചിൽ, വെള്ളം കയറുന്ന മേഖലകൾ എന്നിവിടങ്ങളിൽനിന്ന് ആളുകളെ മാറ്റിപ്പാര്‍പ്പിക്കുന്നതിന് ക്യാംപുകള്‍ മുൻകൂട്ടി കണ്ടുവയ്ക്കണം. ഇതോടൊപ്പം വീടുകളോടു ചേര്‍ന്ന് സംരക്ഷണഭിത്തി തകര്‍ന്നിട്ടുള്ളതും, അപകടാവസ്ഥയിലുള്ളതുമായ സ്ഥലങ്ങള്‍ കണ്ടെത്തുന്നതിന് വില്ലെജ് ഓഫിസര്‍, പഞ്ചായത്ത് സെക്രട്ടറി തുടങ്ങിയവരെ ചുമതലപ്പെടുത്തി. ജില്ലാ ആസ്ഥാനത്തുള്ള എന്‍ഡിആ.എഫിന്‍റെ ഡിസാസ്റ്റര്‍ ടീം ജാഗരൂകരായിരിക്കണമെന്നും മന്ത്രി റോഷി അഗസ്റ്റൻ നിർദേശിച്ചിട്ടുണ്ട്.

ഇടുക്കി, കല്ലാര്‍കുട്ടി, ഇരട്ടയാര്‍, മുല്ലപ്പെരിയാര്‍ ഡാമുകളിലെ ജലനിരപ്പും വിലയിരുത്തി. മണ്ണിടിച്ചില്‍ സംഭവിച്ച റോഡുകള്‍ ഗതാഗതയോഗ്യമാക്കിയിട്ടുള്ളതായി പൊതുമരാമത്ത്, നാഷണൽ ഹൈവേ വിഭാഗം ഉദ്യോഗസ്ഥർ അറിയിച്ചു.

ജില്ലയില്‍ ഇതിനോടകം രണ്ടു ക്യാംപുകളാണ് തുറന്നിട്ടുള്ളത്. ഉടുമ്പന്‍ചോല പഞ്ചായത്തിലെ ഖജനപ്പാറ സ്‌കൂളിൽ ആരംഭിച്ചിട്ടുള്ള ക്യാംപില്‍ എട്ടു കുടുംബങ്ങളാണുള്ളത്. മൂന്നാറിലെ മൗണ്ട് കാര്‍മല്‍ സ്‌കൂളില്‍ ആരംഭിച്ച ക്യാംപില്‍ 42 പേരും.

ജില്ലാതല ഉദ്യോഗസ്ഥർ ആസ്ഥാനം വിട്ടുപോകരുതെന്ന് ജില്ലാ കലക്റ്റർ വി. വിഘ്‌നേശ്വരി നിർദേശിച്ചിട്ടുണ്ട്. ദുർബലമായ പ്രദേശങ്ങളിൽ കൂടുതൽ ശ്രദ്ധവേണം. മൂന്നാർ ഗ്യാപ്പ് റോഡിൽ ഗതാഗതം നിരോധിച്ചിട്ടുണ്ട്. മണ്ണ് നീക്കം ചെയ്യുന്നതിനുള്ള ഉപകരണങ്ങൾ, വാഹനങ്ങൾ എന്നിവയുടെ ലഭ്യത ഉറപ്പുവരുത്താനും കലക്റ്റർ നിർദേശം നൽകി.

Trending

No stories found.

Latest News

No stories found.