കൊച്ചിയിലെ വര്‍ക്ക് നിയര്‍ ഹോം പദ്ധതി പാളി

കണ്ടെത്തിയ സ്ഥലം മറ്റു പദ്ധതികള്‍ക്കായി ഉപയോഗിക്കാന്‍ ഇന്‍ഫോപാര്‍ക്ക്
Work near home concept illustration
Work near home concept illustrationFreepik
Updated on

ജിബി സദാശിവന്‍

കൊച്ചി: എറണാകുളം സൗത്ത് മെട്രോ സ്റ്റേഷന്‍ കെട്ടിടത്തില്‍ ഇന്‍ഫോപാര്‍ക്കിന് കീഴില്‍ പരീക്ഷണാടിസ്ഥാനത്തില്‍ ആരംഭിക്കാനിരുന്ന സംസ്ഥാന സര്‍ക്കാരിന്‍റെ വര്‍ക്ക്-നിയര്‍-ഹോം (ഡബ്ല്യുഎന്‍എച്ച്) പദ്ധതി ഉപേക്ഷിച്ചു. പദ്ധതി ആരംഭിക്കാന്‍ മാസങ്ങള്‍ മാത്രം ശേഷിക്കെയാണ് 25 കോടി രൂപയുടെ പദ്ധതി തിരക്കിട്ട് ഉപേക്ഷിച്ചത്. ഉല്‍പ്പാദനക്ഷമതയുടെ സങ്കേതമെന്ന് വിഭാവനം ചെയ്യപ്പെട്ട പദ്ധതി പ്രകാരം ഒരേസമയം 500 പേരെ വരെ ഉള്‍ക്കൊള്ളുന്ന വര്‍ക്ക് സ്പേസാണ് രൂപകല്‍പന ചെയ്തിരുന്നത്.

നഗരത്തിലെയും സമീപ പ്രദേശങ്ങളിലെയും പ്രൊഫഷണലുകളുടെ ആവശ്യം നിറവേറ്റുന്നതിനാണ് പദ്ധതി രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. എന്നാല്‍, വര്‍ക്ക് നിയര്‍ ഹോം പദ്ധതി ഉള്‍പ്രദേശങ്ങളിലേക്കും വ്യാപിപ്പിക്കാനാണ് സര്‍ക്കാര്‍ ശ്രമിച്ചത്. സര്‍ക്കാരിന്‍റെ നിര്‍ദ്ദേശവുമായി പൊരുത്തപ്പെടാത്തതിനാലാണ് പദ്ധതി ഉപേക്ഷിക്കാന്‍ തീരുമാനിച്ചതെന്നാണ് ഇന്‍ഫോപാര്‍ക്ക് അധികൃതര്‍ നല്‍കുന്ന വിശദീകരണം.

വര്‍ക്ക് നിയര്‍ ഹോം പദ്ധതിക്കായി കണ്ടെത്തിയ സ്ഥലം മറ്റാവശ്യങ്ങള്‍ക്കായി ഉപയോഗപ്പെടുത്താനാണ് ഇപ്പോള്‍ ഇന്‍ഫോപാര്‍ക്ക് ആലോചിക്കുന്നത്. നിലവില്‍ കലൂര്‍ ജവഹര്‍ലാല്‍ നെഹ്റു ഇന്‍റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ ഇന്‍ഫോപാര്‍ക്കിന്‍റെ ടെക്നോളജി ബിസിനസ്സ് സെന്‍റര്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അതേ മാതൃകയില്‍ സൗത്തിലെ സ്ഥല സൗകര്യം ഉപയോഗപ്പെടുത്താന്‍ കഴിയുമോയെന്നും പരിശോധിക്കുന്നുണ്ട്. സ്ഥലം വികസിപ്പിച്ച് സ്വകാര്യ ഓഫീസുകള്‍ക്ക് വാടകയ്ക്ക് നല്‍കാനും പദ്ധതിയുണ്ട്. ഇതിനായി ഉടന്‍ ടെന്‍ഡര്‍ ക്ഷണിക്കും. ഇന്‍ഫോപാര്‍ക്കിന്‍റെ 20-ാം വാര്‍ഷികാഘോഷത്തിന്‍റെ ഭാഗമായി വര്‍ക്ക്സ്പേസ് ഉദ്ഘാടനം ചെയ്യാനാണ് ആലോചിക്കുന്നത്.

പ്ലഗ് ആന്‍ഡ് പ്ലേ സൗകര്യങ്ങള്‍, കോ-വര്‍ക്കിംഗ് സ്പേസ്, മീറ്റിംഗ് റൂമുകള്‍, കോണ്‍ഫറന്‍സ് ഹാളുകള്‍, പരിശീലന കേന്ദ്രങ്ങള്‍, കോഫി ലോഞ്ച്, റെസ്റ്റോറന്‍റ്, തടസ്സമില്ലാത്ത ഇന്‍റര്‍നെറ്റ് കണക്റ്റിവിറ്റി, തടസ്സമില്ലാത്ത വൈദ്യുതി വിതരണം, സുരക്ഷ എന്നിവയെല്ലാം വര്‍ക്ക്സ്പെയ്സില്‍ സജ്ജീകരിക്കും.

തോമസ് ഐസക്ക് ധനമന്ത്രിയായിരിക്കെയാണ് പദ്ധതി പ്രഖ്യാപിച്ചത്. എന്നാല്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായ സംസ്ഥാന സര്‍ക്കാര്‍ പദ്ധതി നടപ്പാക്കിയതില്‍ നിന്ന് പിന്മാറിയതോടെയാണ് പദ്ധതി ഉപേക്ഷിക്കപ്പെട്ടതെന്നാണ് സൂചന.

Trending

No stories found.

Latest News

No stories found.