കേരളപ്പിറവി ദിനത്തിൽ കരുവന്നൂർ ബാങ്കിനെതിരേ ഒറ്റയാൾ പോരാട്ടവുമായി ജോഷി | Video

കുടുംബാംഗങ്ങള്‍ക്ക് അവകാശപ്പെട്ടത് ഉള്‍പ്പെടെ 90 ലക്ഷം രൂപയായിരുന്നു ജോഷി മാപ്രാണം ശാഖയില്‍ നിക്ഷേപിച്ചിരിക്കുന്നത്

രാജീവ് മുല്ലപ്പിള്ളി

ഇരിങ്ങാലക്കുട: കരുവന്നൂർ സഹകരണ ബാങ്കിൽ നിക്ഷേപിച്ച പണം തിരികെ ലഭിക്കാതെ ജീവിതം വഴിമുട്ടിയ നൂറു കണക്കിനു സഹകാരികളുടെ പ്രതീകമായി അവിടത്തെ നിക്ഷേപകനായ ജോഷി കേരളപ്പിറവി ദിനത്തിൽ ഒറ്റയാള്‍ പോരാട്ടത്തിനിറങ്ങി.

പഠന കാലത്ത് എസ്എഫ്‌ഐയുടെയും, പിന്നീട് ഡിവൈഎഫ്‌ഐയുടെയും സജീവ പ്രവര്‍ത്തകനായിരുന്നു ഇപ്പോൾ നീതിക്കു വേണ്ടി പോരാടുന്ന മാപ്രാണം വടക്കേത്തല വീട്ടില്‍ ജോഷി എന്ന അമ്പത്തിമൂന്നുകാരൻ.

ബുധനാഴ്ച രാവിലെ ഏഴു മണിക്ക് കരുവന്നൂര്‍ ബാങ്കിനു മുന്നില്‍നിന്ന് നടത്തം ആരംഭിച്ച ജോഷിയെ ഹാരാർപ്പണം ചെയ്യാനും അഭിവാദ്യങ്ങൾ അർപ്പിക്കാനുമായി ടി.എൻ. പ്രതാപൻ എംപി, ഇരിങ്ങാലക്കുട നഗരസഭാധ്യക്ഷ സുജ സഞ്ജീവ്കുമാർ, എഐസിസി അംഗം അനിൽ അക്കര എന്നിവരും എത്തിയിരുന്നു. തൃശൂർ ജില്ലാ കലക്റ്ററേറ്റ് വരെയായിരുന്നു നടത്തം.

തന്‍റെ കുടുംബാംഗങ്ങള്‍ക്ക് അവകാശപ്പെട്ടത് ഉള്‍പ്പെടെ 90 ലക്ഷം രൂപയായിരുന്നു ജോഷി മാപ്രാണം ശാഖയില്‍ നിക്ഷേപിച്ചിരിക്കുന്നത്. സാമ്പത്തിക പ്രതിസന്ധി മൂലം വിൽക്കാൻ തയാറായ വീട്ടിലാണ് ഇപ്പോള്‍ ജോഷിയുടെ താമസം.

ബാക്കി തുക തിരികെ കിട്ടാനും ബാങ്കിലെ ഇന്നുള്ള ഉദ്യോഗസ്ഥരുടെ പെരുമാറ്റ രീതിയില്‍ പ്രതിഷേധിച്ചുമാണ് ഈ സമരമെന്ന് ജോഷി പറയുന്നു.

സ്വന്തം പേരിലും ബന്ധുക്കളുടെ പേരിലുമായി 82.58 ലക്ഷം രൂപ ഇനിയും ബാങ്കിൽ നിന്ന് കിട്ടാനുണ്ടെന്നും ജോഷി.

കരാറുകാരനായ ജോഷി ഒരു അപകടത്തെ തുടര്‍ന്ന് എട്ടു വര്‍ഷം കിടപ്പിലായിരുന്നു. ട്യൂമര്‍ ബാധിച്ചതിനെ തുടര്‍ന്ന് ഈ വര്‍ഷം എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുമായിരുന്നു.

നിക്ഷേപത്തുക കിട്ടാത്തതിനാൽ കരാര്‍ പണികള്‍ ഏറ്റെടുക്കാന്‍ കഴിയാത്ത അവസ്ഥയിലാണിപ്പോൾ. അമിത പലിശയ്ക്ക് പണം കടം എടുത്തതിന്‍റെ ബാധ്യതകളെ തുടര്‍ന്ന് പതിമൂന്ന് വര്‍ഷം മുമ്പ് നിര്‍മിച്ച വീട് വില്‍ക്കേണ്ട ഗതികേടിലായി. ബാങ്ക് അധികൃതരുടെ ഭാഗത്ത് നിന്നു മോശമായ സമീപനമാണെന്ന് ഉണ്ടായതെന്നാണ് ജോഷി പറയുന്നത്.

സജീവ പാര്‍ട്ടി പ്രവര്‍ത്തനം നിർത്തിയിട്ട് വര്‍ഷങ്ങളായി. ഇപ്പോള്‍ ഇടതുപക്ഷ സഹയാത്രികനല്ലെങ്കിലും താനൊരു ഇടതുപക്ഷക്കാരന്‍ തന്നെയാണെന്നും, ഇടതുപക്ഷത്തോടു ചേര്‍ന്നുള്ള യാത്ര തന്നെയാണ് തന്‍റേതെന്നും ജോഷി കൂട്ടിച്ചേർക്കുന്നു.

Trending

No stories found.

More Videos

No stories found.