അതിഥി തൊഴിലാളിക്കു താമസിക്കാൻ വാടകയ്ക്ക് പട്ടിക്കൂട്!

സ്വന്തം ഇഷ്ടപ്രകാരമാണ് പട്ടിക്കൂട്ടില്‍ താമസിക്കുന്നതെന്ന ശ്യാം സുന്ദറിന്‍റെ മൊഴിയുടെ അടിസ്ഥാനത്തില്‍ പൊലീസ് കേസെടുത്തിട്ടില്ല
Kennel rented to guest worker to stay
അഥിതി തൊഴിലാളി ശ്യാംസുന്ദര്‍.
Updated on

പിറവം: അതിഥി തൊഴിലാളിക്ക് താമസിക്കാന്‍ പഴയ പട്ടിക്കൂട് വാടകക്ക് നല്‍കി വീട്ടുടമ. പിറവം നഗരസഭ പത്താം വാര്‍ഡില്‍ പിറവം - മുളക്കുളം റോഡില്‍ പൊലീസ് സ്റ്റേഷന് സമീപം പഴയ പട്ടിക്കൂട് പ്രതിമാസ 500 രൂപ വാടകക്ക് നല്‍കിയ കെട്ടിട ഉടമ പുലിവാല് പിടിച്ചു. കുരിയില്‍ ജോയിയുടെ വീടിന് സമീപത്തെ പട്ടിക്കൂട്ടിലാണ് താമസത്തിനും ഭക്ഷണ പാചകം ചെയ്യുന്നതിനും ക്രമീകരണങ്ങള്‍ ഒരുക്കി വാടകക്ക് നല്‍കിയത്.

ബംഗാള്‍ മുര്‍ഷിദാബാദ് സ്വദേശി ശ്യാം സുന്ദറിനാണ് (37) പട്ടിക്കൂട് വാടകക്ക് നല്‍കിയത്. നാല് വര്‍ഷം മുന്‍പ് കേരളത്തിലെത്തിയ ശ്യാംസുന്ദര്‍ പലസ്ഥലങ്ങളും ജോലി ചെയ്ത ശേഷം മൂന്നു മാസം മുന്‍പാണ് പിറവത്ത് എത്തിയത്. ജോയി സമീപത്തു തന്നെ പുതിയ വീട് പണിത് താമസം മാറിയപ്പോള്‍ പഴയ വീട് ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് വാടകക്ക് നല്‍കി. വാടകക്ക് മുറി ലഭിക്കാത്തതിനെത്തുടര്‍ന്നാണ് ബംഗാള്‍ സ്വദേശികളായ പരിചയക്കാര്‍ മുഖേന ഇവിടെ എത്തിയത്.

ഇവിടെ ഒരാള്‍ക്ക് താമസിക്കാന്‍ രണ്ടായിരം രൂപയാണ്. വാടക നല്കാന്‍ കൈയില്‍ പണമില്ലാതെ വന്നപ്പേള്‍ ഈ വീടിന്‍റെ ഉടമയാണ് 500 രൂപയ്ക്ക് പഴയ പട്ടിക്കൂട് വാടകയ്ക്ക് നല്‍കിയതെന്ന് ശ്യാം സുന്ദര്‍ പറഞ്ഞു. ഒരാള്‍ പൊക്കത്തില്‍ മേല്‍ക്കൂരയും ഇരുമ്പ് മറയുമുള്ള കൂട്ടില്‍ കിടക്കാനും, സമീപത്ത് ഭക്ഷണം പാചകം ചെയ്യുന്നതിനും സൗകര്യമൊരുക്കിയിട്ടുണ്ട്. പട്ടിക്ക് പുറം ലോകം കാണാന്‍ നാലുചുറ്റും ഗ്രില്ലുണ്ടായിരുന്നു. ഇവിടെ കാര്‍ഡ്ബോര്‍ഡു വെച്ച് മറച്ചാണ് മഴയേയും തണുപ്പിനേയും ചെറുത്തത്.

ഈ പട്ടിക്കൂട്ടില്‍ തന്നെയാണ് ശ്യാംസുന്ദര്‍ ഉറങ്ങുന്നതും, ഗ്യാസ് അടുപ്പ് വച്ചു ഭക്ഷണം പാചകം ചെയ്യന്നതും. പ്രദേശ വാസികളായ ചിലരുടെ പരാതിയെതുടര്‍ന്നാണ് ആരോഗ്യവകുപ്പില്‍നിന്നും അന്വേഷണം ഉണ്ടായത്. തുടര്‍ന്ന് പിറവം ഇന്‍സ്പെക്ടര്‍ ഡി.എസ്. ഇന്ദ്ര രാജിന്‍റെ നേതൃത്വത്തില്‍ പൊലീസ് സ്ഥലത്തെത്തി ശ്യാംസുന്ദറിനെ മെഡിക്കല്‍ പരിശോധനക്ക് ശേഷം സ്റ്റേഷനിലേക്ക് കൊണ്ടുപോയി.

അനൂപ് ജേക്കബ് എംഎല്‍എ, നഗരസഭാ ചെയര്‍പേഴ്സണ്‍ അഡ്വ. ജൂലി സാബു, വൈസ് ചെയര്‍മാന്‍ കെ.പി. സലിം ജനപ്രതിനിധികള്‍ എന്നിവര്‍ സംഭവസ്ഥലത്തെത്തി. ശ്യാംസുന്ദറിന് തുടര്‍ന്ന് താമസിക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് നഗരസഭാ ചെയര്‍ പേഴ്സണ്‍ അറിയിച്ചു.

സ്വന്തം ഇഷ്ടപ്രകാരമാണ് പട്ടിക്കൂട്ടില്‍ താമസിക്കുന്നതെന്ന ശ്യാം സുന്ദറിന്‍റെ മൊഴിയുടെ അടിസ്ഥാനത്തില്‍ പൊലീസ് കേസെടുത്തിട്ടില്ല.

തത്കാലം സുഹൃത്തായ മറ്റൊരു അതിഥി തൊഴിലാളിയുടെ വാടക വീട്ടിലേക്ക് പൊലീസ് ഇയാളെ മാറ്റിപ്പാര്‍പ്പിച്ചു. ഇക്കാര്യത്തില്‍ മനുഷ്യവകാശ ലംഘനം അടക്കമുള്ള പ്രശ്നങ്ങള്‍ പരിശോധിച്ചു തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നും അനൂപ് ജേക്കബ് എംഎല്‍എ അറിയിച്ചു.

Trending

No stories found.

Latest News

No stories found.