മട്ടാഞ്ചേരി: അഞ്ചു ദിവസം മുൻപ് ഉദ്ഘാടനം ചെയ്ത ഫോർട്ട് കൊച്ചിയിലെ കുട്ടികളുടെ പാർക്കിൽ ഊഞ്ഞാൽ പൊട്ടിവീണ്, കളിച്ചു കൊണ്ടിരിക്കുകയായിരുന്ന എട്ട് വയസുകാരിക്ക് പരുക്കേറ്റു. കഴിഞ്ഞ വ്യാഴാഴ്ച്ചയാണ് സിഎസ്എംഎലിന്‍റെ നേതൃത്വത്തിൽ നവീകരണം നടത്തി പുതിയ കളി ഉപകരണങ്ങൾ സ്ഥാപിച്ച പാർക്ക് കൊച്ചി മേയർ കുട്ടികൾക്കായി തുറന്ന് കൊടുത്തത്.
ഇവിടെ കുട്ടി ആടിക്കൊണ്ടിരിക്കുമ്പോൾ ഊഞ്ഞാലിന്‍റെ ചങ്ങല പൊട്ടി താഴെ വീഴുകയായിരുന്നു. മറ്റൊരു ഊഞ്ഞാലിന്‍റെ നട്ട് അഴിഞ്ഞു പോയത് ശ്രദ്ധയിൽപ്പെട്ട പാർക്കിലെ സെക്യൂരിറ്റി ജീവനക്കാർ ഉടൻ ശരിയാക്കുകയും ചെയ്തതിനാൽ അപകടം ഒഴിവായി. കഴിഞ്ഞ 5 വർഷത്തിനിടെ ഇത് മൂന്നാം തവണയാണ് പാർക്ക് ലക്ഷക്കണക്കിന് രൂപ മുടക്കി നവീകരിക്കുന്നത്.
കളി ഉപകരണങ്ങൾക്ക് കാണാൻ ചന്തമുണ്ടെങ്കിലും ഗുണമേന്മയില്ലെന്നാണ് നാട്ടുകാർ പറയുന്നത്. പൊതുവിൽ സിഎസ്എംഎല്ലിന്‍റെ നിർമാണ പ്രവൃത്തികളിൽ അപാകതയുണ്ടെന്ന ആക്ഷേപം ശക്തമാണ്.
ഉദ്ഘാടന ദിവസം മേയർ എം. അനിൽകുമാറും ഹൈബി ഈഡൻ എംപിയും കുട്ടികൾക്കായുള്ള ഊഞ്ഞാലിൽ ഇരുന്ന് ആടിയതും വലിയ വിമർശനങ്ങൾക്കിടയാക്കിയിരുന്നു.
നവീകരണം പൂർത്തീകരിച്ച് നാല് മാസം വരെ ഉദ്ഘാടനം നടത്താതെ പാർക്ക് അടച്ചിട്ടതും വലിയ പ്രതിഷേധം ക്ഷണിച്ച് വരുത്തിയിരുന്നു. ഏറെ പ്രതിഷേധങ്ങൾക്കൊടുവിലാണ് ഓണാവധിക്കായി പാർക്ക് അഞ്ച് ദിവസം മുമ്പ് തുറന്ന് നൽകിയത്.