കണ്ടെയ്‌നർ റോഡ് മുഖം മിനുക്കുന്നു, 129 കോടി രൂപ ചെലവിൽ

2015 ൽ റോഡ് കമ്മീഷൻ ചെയ്ത ശേഷം നടക്കുന്ന ആദ്യ നവീകരണ പ്രവൃത്തി
Container Road, Kochi
Container Road, Kochi
Updated on

ജിബി സദാശിവൻ

കൊച്ചി: അങ്കമാലി - ഇടപ്പള്ളി ദേശീയപാതയിൽ നിന്ന് വല്ലാർപാടം കണ്ടെയ്‌നർ ട്രാൻസ്ഷിപ്പ്മെന്‍റ് ടെർമിനലിലേക്കുള്ള കണക്റ്റിവിറ്റി പാതയായ കണ്ടെയ്‌നർ റോഡ് നവീകരണ പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കും. 129.5 കോടി രൂപ ചെലവിൽ ദേശീയപാത അഥോറിറ്റിയാണ് കൂടുതൽ സുരക്ഷാ സംവിധാനങ്ങളോടെ റോഡ് നവീകരിക്കുന്നത്.

2015 ൽ റോഡ് കമ്മീഷൻ ചെയ്ത ശേഷം നടക്കുന്ന ആദ്യ നവീകരണ പ്രവൃത്തിയാണിത്. 17 കിലോമീറ്റർ ദൈർഘ്യമുള്ള കണ്ടെയ്‌നർ റോഡിലെ 10.4 കിലോമീറ്റർ സർവീസ് റോഡും ഇതോടൊപ്പം നവീകരിക്കും.

11 വലിയ പാലങ്ങളും ഒരു ചെറിയ പാലവും അടങ്ങുന്നതാണ് കണ്ടെയ്‌നർ റോഡ്. ജിഡ നിർമിച്ച മറ്റൊരു പാലവും 35 കൽവർട്ടുകളും ഈ റോഡിലുണ്ട്. റോഡിലെ പല അപ്പ്രോച്ച് റോഡുകളും നിലവിൽ തകർന്ന് കിടക്കുകയാണ്. കൽവർട്ടുകളും അപകടഭീഷണി ഉയർത്തുന്നുണ്ട്‌. പാലവും റോഡും രണ്ടു തട്ടിലാണ് കിടക്കുന്നത്. ഇതും അപകടത്തിന് കാരണമാകുന്നു. ചതുപ്പും കായലും നികത്തി നിർമിച്ച റോഡ് ആയതിനാൽ ഇത് സ്വാഭാവികമാണെന്ന് ദേശീയ പാത അഥോറിറ്റി ചൂണ്ടിക്കാട്ടുന്നു. അഞ്ച് കാൽനട അടിപ്പാതകൾ, രണ്ട് വാഹന അടിപ്പാതകൾ, അഞ്ച് പ്രധാന കവലകൾ, അഞ്ച് ചെറിയ കവലകൾ എന്നിവയും കണ്ടെയ്‌നർ റോഡിന്‍റെ ഭാഗമാണ്.

റോഡിന്‍റെ ഇരുവശങ്ങളിലും അനധികൃത കണ്ടെയ്‌നർ ലോറി പാർക്കിങ്ങ് പലപ്പോഴും അപകടങ്ങൾക്ക് വഴി വച്ചിട്ടുണ്ട്. റിഫ്‌ളക്റ്ററുകളോ ടെയിൽ ലാമ്പുകളോ ഇല്ലാതെ പാർക്ക് ചെയ്യുന്നത് മൂലം ഇരുചക്ര വാഹനങ്ങൾ അപകടത്തിൽ പെടുന്നത് പതിവായിരുന്നു. കണ്ടെയ്‌നർ പാതയുടെ ഭാഗമായി ആറ് അംഗീകൃത ട്രക്ക് പാർക്കിങ്ങ് ബേ ഉണ്ടായിട്ടും അനധികൃത പാർക്കിങ് നിർബാധം തുടരുകയായിരുന്നു.

ബിറ്റുമിനസ് കോൺക്രീറ്റ് റീസർഫേസിങ്, പാലങ്ങളുടെ എക്സ്പാൻഷൻ ജോയിന്‍റ് അറ്റകുറ്റപ്പണി, പാലങ്ങളുടെ കേടായ ബെയറിങ്ങുകൾ മാറ്റി സ്‌ഥാപിക്കൽ, തെരുവ് വിളക്ക് സ്‌ഥാപിക്കൽ, ക്രാഷ് ബാരിയർ, സൈൻബോർഡുകൾ എന്നിവ സ്‌ഥാപിക്കൽ എന്നിവയാണ് നവീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി നടക്കുക. ബോൾഗാട്ടി ജംഗ്‌ഷനിലെ റൗണ്ട് എബൌട്ട് സ്‌പോൺസറുടെ സഹായത്തോടെ സൗന്ദര്യവത്കരിക്കും. മുപ്പതിനായിരത്തോളം വാഹനങ്ങളാണ് ദിവസേന കണ്ടെയ്‌നർ റോഡ് ഉപയോഗിക്കുന്നത്. ടോൾ ഈടാക്കിയിട്ടും പൊട്ടിപ്പൊളിഞ്ഞു കിടന്ന റോഡ് നന്നാക്കാത്തതിൽ ഏറെ ആക്ഷേപം ഉയർന്നിരുന്നു.

Trending

No stories found.

Latest News

No stories found.