കെട്ടിടവുമില്ല, കാശും പോയി; കൊച്ചി നഗരസഭയ്ക്ക് തിരിച്ചടി

കരാറുകാരനുമായുള്ള തർക്കത്തിൽ, മൂന്നു കോടി രൂപ കോടതിയിൽ കെട്ടിവയ്ക്കണം
കൊച്ചി കോർപ്പറേഷൻ ഓഫീസ്.
കൊച്ചി കോർപ്പറേഷൻ ഓഫീസ്.
Updated on

ജിബി സദാശിവന്‍

കൊച്ചി: സാമ്പത്തിക പ്രതിസന്ധിയില്‍ നട്ടം തിരിയുന്ന കൊച്ചി നഗരസഭയ്ക്ക് കനത്ത ആഘാതമായി സുപ്രീം കോടതി ഉത്തരവ്. മറൈന്‍ ഡ്രൈവില്‍ നിര്‍മാണം പുരോഗമിക്കുന്ന നഗരസഭാ ആസ്ഥാന മന്ദിര നിര്‍മാണവുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കത്തിനൊടുവിലാണ് നഗരസഭ മൂന്ന് കോടി രൂപ കെട്ടി വയ്ക്കാന്‍ സുപ്രീം കോടതി ഉത്തരവിട്ടത്. കെട്ടിട നിര്‍മാണ കരാറുകാരനുമായുണ്ടായ തര്‍ക്കത്തെ തുടര്‍ന്നാണ് ഉത്തരവ്.

മറൈൻ ഡ്രൈവില്‍ ചാത്യാത്ത് റോഡില്‍ നിര്‍മിക്കുന്ന നഗരസഭയുടെ ആസ്ഥാന മന്ദിര നിര്‍മാണമാണ് കരാറുകാരനും നഗരസഭയുമായുണ്ടായ തര്‍ക്കത്തിലേക്ക് നയിച്ചത്. തര്‍ക്കം പരിഹരിക്കാനാവാതെ വന്നതോടെ കരാറുകാരന്‍ ഹൈക്കോടതിയെ സമീപിച്ചു. 2007, 2008 കാലഘട്ടത്തില്‍ നടത്തിയ നിര്‍മാണ പ്രവൃത്തികളുടെ പണം കരാറുകാരനു കിട്ടിയിരുന്നില്ല. 5.65 കോടി രൂപ നഗരസഭ നല്‍കണമെന്ന് 2017 ല്‍ ഹൈക്കോടതി ഉത്തരവിട്ടെങ്കിലും പണം നൽകാന്‍ നഗരസഭ തയാറായിരുന്നില്ല.

ഇതെത്തുടർന്നാണ്, പലിശയും ചെലവുമുള്‍പ്പെടെ പത്ത് കോടി രൂപ നൽകണമെന്നാവശ്യപ്പെട്ട് കരാറുകാരന്‍ സുപ്രീം കോടതിയെ സമീപിച്ചത്. ഹൈക്കോടതി വിധി സ്റ്റേ ചെയ്ത കോടതി പക്ഷേ നഗരസഭ മൂന്ന് കോടി രൂപ കോടതിയില്‍ കെട്ടി വയ്ക്കണമെന്ന് ഉത്തരവിട്ടു.

കോടതി വിധിയെ തുടര്‍ന്ന് കടുത്ത വിമര്‍ശനമാണ് നഗരസഭയ്ക്കെതിരെ ഉയരുന്നത്. കരാറുകാരനുമായി സമവായ ചര്‍ച്ച നടത്തി പ്രശ്നം പരിഹരിക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. കരാറുകാരന്‍ ആവശ്യപ്പെട്ട തുകയുടെ നല്ലൊരു ശതമാനം സമവായത്തിലൂടെ കുറയ്ക്കാമെന്ന് പ്രതിപക്ഷം ചൂണ്ടിക്കാണിക്കുന്നു.

ഒന്നര പതിറ്റാണ്ടിലേറെയായി മറൈന്‍ഡ്രൈവില്‍ നഗരസഭാ ആസ്ഥാന മന്ദിരം നിര്‍മാണം തുടങ്ങിയിട്ട്. വര്‍ഷങ്ങള്‍ കഴിയുന്തോറും നിര്‍മാണ ചെലവും ഏറുകയാണ്. ആസ്ഥാനമന്ദിരം പൂര്‍ത്തിയാക്കാനായി മുപ്പത് കോടി രൂപ വായ്പ എടുക്കാന്‍ നഗരസഭ തീരുമാനിച്ചെങ്കിലും ശക്തമായ പ്രതിപക്ഷ എതിര്‍പ്പിനെ തുടര്‍ന്ന് നടപടികള്‍ മുന്നോട്ട് പോയില്ല. കെട്ടിടത്തിലെ സിവില്‍ ജോലികള്‍ 90 ശതമാനവും പൂര്‍ത്തിയായെങ്കിലും മറ്റുള്ള പ്രവൃത്തികള്‍ ആരംഭിച്ചിട്ട് പോലുമില്ല. മെക്കാനിക്കല്‍, ഇലക്ട്രിക്കല്‍, പ്ലംബിങ് ജോലികള്‍ ഇത് വരെ ആരംഭിക്കാന്‍ കഴിഞ്ഞിട്ടില്ല.

Trending

No stories found.

Latest News

No stories found.