കൊച്ചി: രാജഭക്തിയിൽ തിരുവനന്തപുരത്തെയും കടത്തിവെട്ടാൻ കൊച്ചി തുനിഞ്ഞിറങ്ങുന്നു. നവീകരിക്കുന്ന എറണാകുളം ജംക്ഷൻ (സൗത്ത്) റെയിൽവേ സ്റ്റേഷന് കൊച്ചി രാജാവിന്‍റെ പേര് നൽകണമെന്ന് സിപിഎം ഭരിക്കുന്ന കോർപ്പറേഷൻ പ്രമേയം പാസാക്കി. സംസ്ഥാന - കേന്ദ്ര സർക്കാരുകളോടാണ് ആവശ്യമുന്നയിച്ചിരിക്കുന്നത്.
കൊച്ചി രാജാവായിരുന്ന രാജർഷി രാമവർമയുടെ പേരാണ് കോർപ്പറേഷൻ നിർദേശിച്ചിരിക്കുന്നത്. ഷൊർണൂർ മുതൽ എറണാകുളം വരെയുള്ള റെയിൽ പാതയുടെ നിർമാണം കൊച്ചിയുടെയും കേരളത്തിന്‍റെയും വികസനത്തിൽ നിർണായകമായിരുന്നു എന്നും, രാജർഷി രാമവർമയാണ് ഇതിനു പിന്നിൽ പ്രവർത്തിച്ചതെന്നും കൗൺസിൽ പാസാക്കിയ പ്രമേയത്തിൽ പറയുന്നു.
കേരളത്തിന്‍റെ വന സമ്പത്ത് തുറമുഖത്തെത്തിച്ച് വിദേശ രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്ത് പണമുണ്ടാക്കുക എന്ന ലക്ഷ്യം മുന്നിൽക്കണ്ട് നിർമിച്ചതാണ് ഈ റെയിൽ പാത. ഇതിനായി 1905ൽ പറമ്പിക്കുളം ട്രാംവേയും പൂർത്തിയാക്കിയിരുന്നു. ഇങ്ങനെ വിദേശത്തേക്കു കടത്തിയ വന സമ്പത്താണ് നാട്ടുരാജ്യമായിരുന്ന കൊച്ചിക്ക് വരുമാനമുണ്ടാക്കിക്കൊടുത്തതും കൊച്ചി തുറമുഖത്തിനു വാണിജ്യ പ്രാധാന്യം നേടിക്കൊടുത്തതും.
ഈ റെയിൽ പാത നിർമിക്കാൻ രാജാവ് പണം കണ്ടെത്തിയതാകട്ടെ, തൃപ്പൂണിത്തുറ ശ്രീപൂർണത്രയീശ ക്ഷേത്രത്തിലെ 15 തങ്ക നെറ്റിപ്പട്ടങ്ങളിൽ 14 എണ്ണം വിറ്റുകൊണ്ടായിരുന്നു എന്നും ചരിത്രം.