കൊച്ചി മെട്രൊയുടെ ഇലക്ട്രിക് ബസ് സെപ്റ്റംബറിൽ

കൂടുതൽ പ്രദേശങ്ങളിൽ നിന്ന് മെട്രൊ കണക്ടിവിറ്റി ഉറപ്പിക്കുക എന്ന ലക്ഷ്യവുമായാണ് കെഎംആർഎൽ ഇലക്ട്രിക് ബസുകൾ വാങ്ങുന്നത്.

കൊച്ചി: കൊച്ചിയിൽ കൂടുതൽ ഫീഡർ ബസുകൾ നിരത്തിലിറക്കാൻ കൊച്ചി മെട്രൊ. 15 ഇലക്ട്രിക് ബസുകൾകൂടി സെപ്റ്റംബർ ആദ്യം കൊച്ചിയിലെത്തിക്കും. കൂടുതൽ പ്രദേശങ്ങളിൽ നിന്ന് മെട്രൊ കണക്ടിവിറ്റി ഉറപ്പിക്കുക എന്ന ലക്ഷ്യവുമായാണ് കെഎംആർഎൽ ഇലക്ട്രിക് ബസുകൾ വാങ്ങുന്നത്. മുളന്തുരുത്തി, വൈപ്പിൻ, നെടുമ്പാശേരി എന്നിവിടങ്ങളിലേക്കാണ് ലാസ്റ്റ് മൈൽ കണക്ടിവിറ്റി ബസുകൾ സർവീസ് നടത്തുക.

നിലവിൽ നെടുമ്പാശേരി വിമാനത്താവളത്തിലേക്ക് കെഎംആർഎൽ രണ്ട് ബസുകൾ ഓടിക്കുന്നുണ്ട്. ഇതിന് സമാനമായിട്ടാകും 15 ബസുകളുടെയും സർവീസ്. ഒൻപത് മീറ്റർ നീളവും 32 സീറ്റുമുള്ള ബസ് ചെറിയ റോഡുകളിലൂടെയും ഓടിക്കാൻ കഴിയും. ഒരു കോടി രൂപ വീതം വിലവരുന്ന ബസുകൾ ഇന്തോറിലെ ഐഷർ കമ്പനിയുടെ പ്ലാന്‍റുകളിൽ നിന്നാണ് കൊണ്ടുവരുന്നത്.

5 ബസുകളുടെയും റൂട്ടുകൾ സംബന്ധിച്ച് അന്തിമ തീരുമാനം ആയിട്ടില്ല. പശ്ചിമ കൊച്ചി, വൈപ്പിൻ, പറവൂർ, മുളന്തുരുത്തി എന്നിവിടങ്ങളിൽ നിന്ന് ബസ് സർവീസ് ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. തോപ്പുംപടിയിൽ നിന്ന് തുടങ്ങുന്ന ബസ് വൈറ്റില - കുണ്ടന്നൂർ - എംജി റോഡ് സർക്കുലർ റൂട്ട് ആയി ഓടിക്കാനം സാധ്യതയുണ്ട്. മെട്രൊയിലേക്ക് കൂടുതൽ യാത്രക്കാരെ ആകർഷിക്കുക എന്ന ലക്ഷ്യം മുൻനിർത്തിയാണ് ഈ ബസ് സർവീസുകൾ. കലൂരിൽ നിന്നു പുതുക്കലവട്ടം വഴി എളമക്കരയിലേക്കുള്ള സർവീസും കെഎംആർഎൽ പരിഗണിച്ചേക്കും.

കെഎംആർഎൽ നേരിട്ട് തന്നെ ബസുകൾ ഓപ്പറേറ്റ് ചെയ്യും. ആദ്യഘട്ടത്തിൽ കെഎസ്ആർടിസിയെ ബസുകൾ ഏൽപിക്കാനാണ് തീരുമാനിച്ചതെങ്കിലും പിന്നീട് നേരിട്ട് നടത്തുക എന്നതിലേക്ക് മാറ്റുകയായിരുന്നു. കരാർ അടിസ്ഥാനത്തിൽ ജീവനക്കാരെ നിയമിച്ചാകും സർവീസ്.

2020ൽ ആണ് ആദ്യ ഫീഡർ ബസ് നിരത്തിലിറക്കിയത്. കൊച്ചി രാജ്യാന്തര വിമാനത്താവളത്തിലേക്കാണ് നിലവിൽ കെഎംആർഎല്ലിന്‍റെ ഇ ബസുകൾ ഫീഡർ സർവീസ് ആയി ഓടുന്നത്. രാവിലെ 6 മുതൽ രാത്രി 10 വരെ അരമണിക്കൂർ ഇടവിട്ടാണ് രണ്ട് ബസുകളും നിലവിൽ സർവീസ് നടത്തുന്നത്.

Trending

No stories found.

More Videos

No stories found.