കൊച്ചി: കൊച്ചി മെട്രൊയുടെ എസ്എൻ ജംഗ്ഷൻ-തൃപ്പൂണിത്തുറ റൂട്ടിൽ ചീഫ് മെട്രൊ റെയിൽ സുരക്ഷാ കമ്മീഷണറുടെ പരിശോധന പൂർത്തിയായി. തൃപ്പൂണിത്തുറ മെട്രൊ സ്റ്റേഷനിൽ യാത്രക്കാർക്കായി ഒരുക്കിയിരിക്കുന്ന സൗകര്യങ്ങൾ, സിസ്റ്റം, സിഗ്നലിങ്, ട്രാക്ക് തുടങ്ങിയവയാണ് ചീഫ് മെട്രൊ റെയിൽ സുരക്ഷാ കമ്മീഷണർ പരിശോധിച്ചത്.
രണ്ടു ദിവസങ്ങളിലായി നടന്ന പരിശോധന പൂർത്തിയായതോടെ, തൃപ്പൂണിത്തുറ സ്റ്റേഷനിൽ നിന്ന് സർവീസ് ഉടൻ ആരംഭിക്കാനാകുമെന്നാണ് പ്രതീക്ഷ. ആദ്യ ഘട്ടത്തിലെ അവസാന സ്റ്റേഷനായ തൃപ്പൂണിത്തുറ ടെർമിനൽ സ്റ്റേഷനിലെ നിർമാണ പ്രവർത്തനങ്ങൾ ഏറെക്കുറെ പൂർത്തിയായിക്കഴിഞ്ഞു.
വ്യോമയാന മന്ത്രാലയത്തിൽ നിന്നുള്ള റെയിൽലേ സുരക്ഷാ കമ്മീഷണർ ആനന്ദ് എം ചൗധരിയുടെ നേതൃത്വത്തിലായിരുന്നു പരിശോധന. തൃപ്പൂണിത്തുറ സ്റ്റേഷനിൽ നിന്ന് മെട്രൊ സർവീസ് ആരംഭിക്കുന്നതിനുള്ള അംഗീകാരം നൽകിക്കൊണ്ടുള്ള ചീഫ് മെട്രൊ റെയിൽ സുരക്ഷാ കമ്മീഷണറുടെ മറുപടി എത്രയും വേഗം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി കെഎംആർഎൽ.