ചാലക്കുടി: കെഎസ്ആര്‍ടിസി അധികൃതരുടെ അനാസ്ഥ കാരണം സ്ത്രീകളും കുട്ടികളും അടക്കം മുപ്പത്തഞ്ചോളം യാത്രക്കാര്‍ അഞ്ച് മണിക്കൂറോളം കാടിനു നടുവിൽ അന്തര്‍ സംസ്ഥാന പാതയില്‍ കുടുങ്ങി. ശനിയാഴ്ച രാത്രി 9ന് ചാലക്കുടിയിലെത്തേണ്ട കെഎസ്ആര്‍ടിസി ബസ് എത്തിയത് ഞായറാഴ്ച പുലർച്ചെ രണ്ടു മണിക്കാണ്.
ശനിയാഴ്ച മലക്കപ്പാറയിലേക്ക് പോയ ബസ് വൈകിട്ട് 5.10നാണ് തിരിച്ചു പുറപ്പെട്ടത്. ആറോടെ പത്തടിപ്പാലത്തിന് സമീപത്ത് വെച്ച് ബസ് തകരാറിലാവുകയായിരുന്നു. സ്റ്റിയറിങ് തിരിയാതെ വന്നതോടെ ബസ് എടുക്കാനാകാതെ യാത്രക്കാർ വഴിയില്‍ കുടുങ്ങുകയായിരുന്നു. നാല് വയസുള്ള കുട്ടികള്‍ മുതല്‍ പ്രായമായവരടക്കമുള്ളവർ വന്യമൃഗങ്ങളുടെ ശല്യം രൂക്ഷമായ പ്രദേശത്ത് വെള്ളം പോലും കുടിക്കാന്‍ കഴിയാതെ കുടുങ്ങി.
പകരം ബസ് അയക്കാന്‍ ചാലക്കുടി കെഎസ്ആര്‍ടി ഡിപ്പോ ആധികൃതരോട് ആവശ്യപ്പെട്ടെങ്കിലും തയാറായില്ലെന്നാണ് യാത്രക്കാരുടെ പരാതി. വനം വകുപ്പ് ഉദ്യോഗസ്ഥര്‍ 9നാണ് സംഭവ സ്ഥലത്തെത്തിയത്.
മലക്കപ്പാറയിലേക്ക് പോയ രണ്ട് കെഎസ്ആര്‍ടിസി ബസുകള്‍ അവിടെ തങ്ങി പിറ്റേ ദിവസമാണ് തിരിച്ച് പോരുക. ഇതിൽ നിന്ന് ഒരു ബസ് ഇവിടെ എത്തിച്ച് യാത്രക്കാരെ ചാലക്കുടിയില്‍ എത്തിക്കാന്‍ ആവശ്യപ്പെട്ടെങ്കിലും ഉദ്യോഗസ്ഥര്‍ തയാറായില്ല. ചാലക്കുടിയില്‍ നിന്ന് വേറെ ബസ് മലക്കപ്പാറയിലേക്ക് പോയി രാത്രി 10ഓടെ ബസ് കേടു വന്ന സ്ഥലത്തെത്തി അവിടെ നിന്ന് യാത്രക്കാരെ കയറ്റി ഞായറാഴ്ച പുലര്‍ച്ചെ രണ്ടോടെ ചാലക്കുടി സ്റ്റാൻഡിലെത്തുകയായിരുന്നു.
കാലപ്പഴക്കം ചെന്നതും കേടുപാടുകളുമുള്ള ബസാണ് ഇത്രയധികം ദൂരെ വന മേഖലയിലേക്ക് സര്‍വീസ് നടത്തുന്നത്. മെക്കാനിക്കല്‍ വിഭാഗത്തിന്‍റെയും കണ്‍ട്രോളിങ് വിഭാഗത്തിന്‍റെയും വീഴ്ചയാണ് ബസുകൾക്ക് ഇത്തരത്തിലുള്ള തകരാർ ഉണ്ടാകാനുള്ള കാരണമെന്ന് പറയുന്നു.