കുണ്ടന്നൂർ - അങ്കമാലി ബൈപാസ്: സ്ഥലം ഏറ്റെടുപ്പിൽ വ്യക്തത വേണം

ഭൂമി ഏറ്റെടുക്കുന്നത് ഏത് ചട്ടങ്ങൾ പ്രകാരമാണെന്നതിലും, എത്ര സമയത്തിനുള്ളിൽ ഭൂമി ഏറ്റെടുക്കൽ പൂർത്തിയാക്കുമെന്നതിലും അവ്യക്തത
നിർദിഷ്ട അങ്കമാലി - കുണ്ടന്നൂർ ബൈപാസ്
നിർദിഷ്ട അങ്കമാലി - കുണ്ടന്നൂർ ബൈപാസ്
Updated on

കൊച്ചി: കുണ്ടന്നൂർ - അങ്കമാലി ദേശീയപാത 544നു വേണ്ടി സ്ഥലം ഏറ്റെടുക്കുന്നതിൽ നിലനില്‍ക്കുന്ന ആശയക്കുഴപ്പം അവസാനിപ്പിക്കണമെന്ന് ഭൂവുടമകൾ. ഭൂമി ഏറ്റെടുക്കുന്നത് ഏത് ചട്ടങ്ങൾ പ്രകാരമാണെന്നതിലും, എത്ര സമയത്തിനുള്ളിൽ ഭൂമി ഏറ്റെടുക്കൽ പൂർത്തിയാക്കുമെന്നതിലും അവ്യക്തത തുടരുകയാണെന്നും അവർ പറയുന്നു.

1956ലെ ദേശീയപാതാ നിയമങ്ങൾ പ്രകാരമായിരിക്കും സ്ഥലം ഏറ്റെടുക്കുന്നതെന്ന ആശങ്ക ഭൂവുടമകൾക്കിടയിൽ നിലവിലുണ്ട്. എന്നാൽ, ഈ നിയമപ്രകാരമായിരിക്കരുത് സ്ഥലമേറ്റെടുപ്പെന്ന് നേരത്തെ സുപ്രീംകോടതി പുറപ്പെടുവിച്ച നിർദേശം നിലവിലുണ്ട്. സ്ഥലം ഏറ്റെടുക്കലുകൾക്ക് 2013ലെ നിയമമായിരിക്കണം നടപ്പിലാക്കേണ്ടതെന്നാണ് സുപ്രീംകോടതിയുടെ നിർദേശം.

ഭൂമി ഏറ്റെടുക്കുന്ന മേഖലയിലെ വിപണിവിലയിൽ തന്നെ വേണം നഷ്ടപരിഹാരം കിട്ടാൻ എന്നതാണ് ആവശ്യം. ഇക്കാര്യത്തിൽ ഭൂവുടമകളിൽ ആശയക്കുഴപ്പം തുടരുകയാണ്. ഉദ്യോഗസ്ഥരോ ജില്ലാ ഭരണകൂടമോ വിഷയത്തിൽ ഇതുവരെ വ്യക്തത വരുത്തിയിട്ടില്ല.

ഏറ്റവും അടുത്തകാലത്ത് നടന്നിട്ടുള്ള സ്ഥലം ഇടപാടുകളെ ആധാരമാക്കിയാകണം ശരാശരി വിപണിവില നിശ്ചയിക്കേണ്ടത്. ഈ വിപണിവില ഈ 44 കിലോമീറ്റർ പ്രദേശത്ത് പലയിടത്തും പലതാണ്. ഇതും പരിഗണിക്കപ്പെടണം. ഭൂവുടമകള്‍ ആവശ്യപ്പെടുന്നു.

ആലുവ, കണയന്നൂർ, കുന്നത്തുനാട് എന്നീ താലൂക്കുകളിലൂടെയാണ് എൻഎച്ച് 544ന്‍റെ (സേലം-കൊച്ചി ദേശീയപാത) ഭാഗമായ ഈ ബൈപ്പാസ് കടന്നുപോകുന്നത്. അങ്കമാലി, കറുകുറ്റി, മറ്റൂർ, തിരുവാങ്കുളം, തെക്കുംഭാഗം, മരട്, കൂരിക്കാട്, ഐക്കരനാട് നോർത്ത്, അറയ്ക്കപ്പടി, മാറമ്പിള്ളി, പട്ടിമറ്റം, തിരുവാണിയൂർ, വടവുകോട്, വെങ്ങോല എന്നീ വില്ലേജുകളിൽ നിന്ന് സ്ഥലമെടുപ്പ് നടത്തും.

ഏതാണ്ട് 44 കിലോമീറ്ററാണ് ഈ പാതയുടെ ദൈർഘ്യം. നിലവിലെ ദേശീയപാതയിൽ നിന്ന് 10 കിലോമീറ്ററോളം മാറിയാണ് ഈ പാത നീങ്ങുക. കടന്നുപോകുന്ന പ്രദേശങ്ങൾ നഗരപ്രദേശങ്ങളല്ലെങ്കിലും ജനവാസമേഖലകളാണ്.

Trending

No stories found.

Latest News

No stories found.