ജിബി സദാശിവൻ
കൊച്ചി: ഇടപ്പള്ളി - അരൂർ ദേശീയ പാത കോറിഡോറിൽ കാൽനടയാത്രക്കാർക്ക് റോഡ് മുറിച്ചു കടക്കാൻ ആവശ്യത്തിന് സൗകര്യങ്ങളില്ലെന്ന പരാതിക്ക് പരിഹാരമാകുന്നു. 16 കിലോമീറ്റർ ദൈർഘ്യമുള്ള ബൈപ്പാസിൽ ആറുവരി പാത മുറിച്ചു കടക്കാൻ കാൽനടയാത്രക്കാർക്കായി എസ്കലേറ്ററുകളും എലിവേറ്ററുകളും സ്ഥാപിക്കാൻ സ്പോൺസർമാരെ തേടുകയാണ് ദേശീയപാതാ അഥോറിറ്റി.
നിലവിലുള്ള ഫുട്ട് ഓവർ ബ്രിഡ്ജിനോടു ചേർന്നായിരിക്കും ഇവ സ്ഥാപിക്കുക. തിരക്കേറിയ പുതിയ സ്ഥലങ്ങളിലും ഇവ സ്ഥാപിക്കുന്നത് പരിഗണനയിലുണ്ട്. നിലവിലെ ഫുട്ട് ഓവർബ്രിഡ്ജുകൾ നിർമാണത്തിലെ അശാസ്ത്രീയത മൂലവും വെളിച്ചവും സുരക്ഷയും ഇല്ലാത്തതിനാലും പലരും ഉപയോഗിക്കാൻ മടിക്കുന്നു. തിരക്കേറിയ സ്ഥലങ്ങളിൽ റോഡ് മുറിച്ചു കടക്കുന്നതിനുള്ള ഒരു സൗകര്യവും നിലവിൽ ബൈപ്പാസിലില്ല. കാൽനടയാത്രക്കാർ റോഡ് മുറിച്ചു കടക്കുന്ന പ്രധാന സ്ഥലങ്ങളിൽ സൂചന ബോർഡുകൾ പോലും സ്ഥാപിച്ചിട്ടില്ല. തിരക്കേറിയ സമയങ്ങളിൽ ജീവൻ പണയം വച്ചാണ് കാൽനടയാത്രക്കാർ റോഡ് മുറിച്ചു കടക്കുന്നത്.
ഫുട്ട് ഓവർ ബ്രിഡ്‌ജുകളുടെ ഉപയോക്തൃ സൗഹൃദമല്ലാത്ത രൂപകൽപന കാരണമാണ് കാൽനട യാത്രക്കാർ ഇത് ഉപയോഗിക്കാൻ മടിക്കുന്നതെന്ന് പൊലീസ് ചൂണ്ടിക്കാട്ടുന്നു. വെളിച്ചത്തിന്‍റെ അഭാവമുള്ളതിനാൽ രാത്രികാലങ്ങളിൽ ആരും ഇത് ഉപയോഗിക്കാറില്ല. കുറ്റകൃത്യങ്ങൾ നടന്നാലും ആരുടേയും ശ്രദ്ധയിൽ പെടില്ല എന്നതിനാൽ പലരും ഇത് ഉപയോഗിക്കാൻ മടിക്കുന്നു. ബൈപ്പാസിലെ തിരക്കേറിയ ജംഗ്‌ഷനുകളിൽ ബസ്‌സ്റ്റോപ്പുകൾ, സർവീസ് റോഡുകൾ എന്നിവയ്ക്കിടയിൽ കൂടിയാണ് കാല്നട യാത്രക്കാർ നിലവിൽ റോഡ് മുറിച്ചു കടക്കുന്നത്. ബൈപാസിലെ ബ്ലൈൻഡ് സ്‌പോട്ടുകളിലും കാൽനടയാത്രക്കാർ റോഡ് മുറിച്ചു കടക്കുന്നത് പതിവാണ്.
കേരളത്തിലെ തന്നെ ഏറ്റവും തിരക്കേറിയ എൻ എച്ച് പാതയാണ് അരൂർ - ഇടപ്പള്ളി ബൈപ്പാസ്. ഒരു ലക്ഷം പാസഞ്ചർ കാർ യൂണിറ്റുകളാണ് ദിവസേന ഈ പാത ഉപയോഗിക്കുന്നത്. വാണിജ്യ സ്ഥാപനങ്ങളും റസിഡൻഷ്യൽ സോണുകളുമുള്ള ബൈപ്പാസിലെ പല ഭാഗങ്ങളും അപകടസാധ്യത കൂടിയ മേഖലകളാണ്. ഇടപ്പള്ളി, ഇഎംസി, ചക്കരപ്പറമ്ബ്മ്പ് , ചളിക്കവട്ടം, വൈറ്റില, കണ്ണാടിക്കാട്, കുണ്ടന്നൂർ, പനങ്ങാട് എന്നിവിടങ്ങളിലെല്ലാം അപകട സാധ്യത വളരെ കൂടുതലാണ്. കാൽനടയാത്രക്കാർക്ക് റോഡ് മുറിച്ചു കടക്കാൻ ഏറെ പ്രയാസം അനുഭവപ്പെടുന്നതും ഈ ഭാഗങ്ങളിലാണ്. ഇവിടങ്ങളിൽ പോലും മുന്നറിയിപ്പ് ബോർഡുകളോ റിഫ്‌ളക്റ്ററുകളോ സ്ഥാപിച്ചിട്ടില്ല.
ഈ സാഹചര്യം കണക്കിലെടുത്താണ് ഷോപ്പിംഗ് മാളുകൾ, വാണിജ്യ സ്ഥാപനങ്ങൾ തുടങ്ങിയവർക്ക് എസ്കലേറ്ററുകളോ എലിവേറ്ററുകളോ സ്ഥാപിക്കാൻ നോൺ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റുകൾ നല്കാൻ എൻ എച്ച് എ ഐ തീരുമാനിച്ചത്. സീബ്രാ ലൈൻ, മുന്നറിയിപ്പ് ബോർഡുകൾ, ഫുട്ട് ഓവർ ബ്രിഡ്ജിൽ ലൈറ്റുകൾ എന്നിവ സ്ഥാപിക്കുന്നതിനെ കുറിച്ചും ദേശീയ പാതാ അഥോറിറ്റി ഗൗരവമായി പരിഗണിക്കുന്നുണ്ട്. ബൈപ്പാസിൽ മൂന്ന് വൻകിട മാളുകൾ ഉള്ളതിനാൽ അവരുടെ ഉപഭോക്താക്കൾക്ക് കൂടി ഗുണകരമാകുന്ന എസ്കലേറ്ററുകൾ സ്ഥാപിക്കാൻ ഈ സ്ഥാപനങ്ങൾ മുന്നോട്ട് വരുമെന്നാണ് ദേശീയപാതാ അഥോറിറ്റിയുടെ കണക്കുകൂട്ടൽ.